gel-rodriguez

മനില: ദൂരയാത്ര നടത്താനായി ലഗേജുമായി വിമാനത്താവളത്തിൽ എത്തുമ്പോഴാണ് മിക്കവർക്കും പണി കിട്ടുന്നത്. ലഗേജിന്റെ ഭാരം കൂടിപോകുന്നത് കാരണം വലിയ തുകകളാണ് ഇവർ നൽകേണ്ടി വരുന്നത്. എന്നാൽ ഇതിനു ഒരു ഗംഭീര പരിഹാരവുമായി രംഗത്തെത്തിയിരിക്കുകയാണ് ഫിലിപ്പീൻസുകാരിയായ ജെൽ റോഡ്രിഗസ്. ഒരു യാത്രക്കായി വിമാനത്താവളത്തിൽ തന്റെ ലഗേജുമായി ജെൽ എത്തിയപ്പോഴായിരുന്നു അക്കിടി പറ്റിയത്. 9.5 കിലോഗ്രാം ഭാരമുള്ള ബാഗുമായി ആയിരുന്നു ജെൽ എത്തിയത്. എന്നാൽ അനുവദനീയമായ ഭാരം ഏഴു കിലോ മാത്രമായിരുന്നു. എന്നാൽ അങ്ങനെയൊന്നും തോറ്റ് കൊടുക്കാൻ ജെൽ തയാറല്ലായിരുന്നു. ബാക്കി ഭാരത്തിനുള്ള സാധനങ്ങൾ കൈയിൽ പിടിക്കണമെന്ന് വിമാനത്താവള അധികൃതർ പറഞ്ഞപ്പോൾ തന്റെ സാധനങ്ങൾ കൊണ്ട് പോകാനുള്ള വേറൊരു മാർഗത്തെ കുറിച്ചാണ് ജെൽ ചിന്തിച്ചത്.

ഉടനെ തന്നെ 'നോ പ്രോബ്ലം' എന്ന് പറഞ്ഞുകൊണ്ട് ജെൽ തന്റെ ട്രോളി സ്യൂട്ട്കേസ് തുറന്ന് തന്റെ ഏതാനും വസ്ത്രങ്ങൾ എടുത്ത് പുറത്തിട്ടു. അധികം വൈകാതെ തന്നെ ഈ വസ്ത്രങ്ങൾ ജെൽ ധരിക്കുകയും ചെയ്തു. അതുകൊണ്ടെന്താ, 9.5 കിലോ ഭാരമുണ്ടായിരുന്ന ജെല്ലിന്റെ ബാഗിന്റെ ഭാരം 6.5 കിലോയായാണ് കുറഞ്ഞത്. അതായത് 2.5 കിലോ ഭാരമുള്ള വസ്ത്രങ്ങളാണ് ജെൽ റോഡ്രിഗസ് അണിഞ്ഞത്. അതുമാത്രമല്ല, ഈ വസ്ത്രങ്ങൾ അണിഞ്ഞ് താൻ കിടിലൻ പോസിൽ നിൽക്കുന്ന ഒരു ഫോട്ടോയും ജെൽ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തു. അൽപ്പനേരം കൊണ്ടുതന്നെ ജെല്ലിന്റെ ഈ സാഹസിക കൃത്യം വൈറലാകുകയും ചെയ്തു. 34,000ത്തിൽ പരം ലൈക്കുകളും 21,000 ഷെയറുകളുമാണ് ചിത്രത്തിന് ലഭിച്ചത്. എന്തായാലും താനിനി ഈ പരിപാടി ആവർത്തിക്കില്ലെന്നും ഇത്രയും വസ്ത്രങ്ങൾ ധരിക്കുമ്പോൾ ഒടുക്കത്തെ ചൂടാണെന്നുമാണ് ജെൽ പറയുന്നത്.