chennithala

തിരുവനന്തപുരം: മന്ത്രി കെ.ടി. ജലീൽ ചെയർമാനായ ഉന്നതവിദ്യാഭ്യാസ കൗൺസിലിന്റെ വൈസ്ചെയർമാൻ ഡോ.രാജൻ ഗുരുക്കൾ തള്ളിപ്പറഞ്ഞതോടെ മന്ത്രിസ്ഥാനത്ത് ജലീലിന് ഇനി എങ്ങനെ തുടരാനാവുമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല വാർത്താസമ്മേളനത്തിൽ ചോദിച്ചു. എം.ജി സർവകലാശാലയിലെ മാർക്ക് ദാനവും അതിൽ മന്ത്രിയുടെ ഇടപെടൽ ശരിയല്ലെന്നും ഇത് സർവകലാശാലയുടെ ഗുണനിലവാരം തകർക്കുമെന്നുമാണ് രാജൻഗുരുക്കൾ പരസ്യമായി പറഞ്ഞത്. സിൻഡിക്കേറ്റിന് മാർക്ക് ദാനത്തിന് അധികാരമില്ലെന്നതടക്കം താൻ ഉന്നയിച്ച ആരോപണങ്ങൾ ശരിവയ്ക്കുകയാണ് രാജൻ ഗുരുക്കൾ. ഇതേക്കുറിച്ച് മന്ത്രിക്ക് ഒന്നും പറയാനില്ല. തെളിവുകളുടെ അടിസ്ഥാനത്തിൽ ഉന്നയിച്ച ആരോപണങ്ങൾക്കും മറുപടിയില്ല. എല്ലാ ചട്ടങ്ങളും മറികടന്ന് മന്ത്രി സ്വജനപക്ഷപാതം കാട്ടുകയാണ്. മന്ത്രിയുടെ നിയമവിരുദ്ധ ശുപാർശ അംഗീകരിച്ച എം.ജി വൈസ്ചാൻസലറെയും സിൻഡിക്കേറ്റിനെയും പുറത്താക്കണം.

മന്ത്രി പറഞ്ഞതെല്ലാം വൈസ്ചെയർമാൻ രാജൻഗുരുക്കൾ പൂർണമായി നിരാകരിച്ചിരിക്കുകയാണ്. ഗുരുക്കൾ പറഞ്ഞത് ഗവർണറും മുഖ്യമന്ത്രിയും ശ്രദ്ധാപൂർവം കേൾക്കണം. വിദ്യാഭ്യാസം ചുക്കാണോ ചുണ്ണാമ്പാണോ എന്നറിയാത്ത മന്ത്രിമാരാണെങ്കിൽ സർവകലാശാലകളുടെ സ്ഥിതി എന്താവും? എം.ജി സർവകലാശാലയിൽ മുഖ്യമന്ത്രിയായിരിക്കെ ഉമ്മൻചാണ്ടി പങ്കെടുത്ത അദാലത്ത് ഉന്നതവിദ്യാഭ്യാസ വകുപ്പിന്റേതായിരുന്നില്ല. കെട്ടിക്കിടക്കുന്ന ഫയലുകൾ തീർപ്പാക്കാൻ സർവകലാശാല നടത്തിയ അദാലത്തായിരുന്നു. ഉദ്ഘാടനം ചെയ്ത് പത്തു മിനിറ്റിനകം ഉമ്മൻചാണ്ടി മടങ്ങിപ്പോയി. അവിടെ ഒരു മാർക്കുദാനവും ഉണ്ടായില്ല.

ബി.ടെക് വിദ്യാർത്ഥികൾക്ക് 2012ൽ കലിക്കറ്റ് സർവകലാശാല 20മാർക്ക് ദാനം ചെയ്തെന്ന ആരോപണവും തെറ്റാണ്. 2004ലെ സ്കീമിലെ പിഴവു കാരണം കൂട്ടത്തോൽവിയുണ്ടായെന്ന് പ്രിൻസിപ്പൽമാർ യൂണിവേഴ്സിറ്റിക്ക് കത്തുനൽകിയത് പരിഗണിച്ച് 20മാർക്ക് മോഡറേഷൻ നൽകുകയായിരുന്നു. സിൻഡിക്കേറ്റിന്റെ ശുപാർശ അക്കാഡമിക് കൗൺസിൽ അംഗീകരിക്കുകയും വിജ്ഞാപനമിറക്കുകയും ചെയ്തിരുന്നു. ചട്ടത്തിൽ ഭേദഗതിയും വരുത്തി. 2004സ്കീമിലെ കുട്ടികൾക്ക് മാത്രമാണ് മോഡറേഷൻ നൽകിയത്. എസ്.എഫ്.ഐ എന്നൊരു സംഘടന നാട്ടിലുണ്ടോ? റാഗിംഗിനിരയായ വിദ്യാർത്ഥിയെ കോഴിക്കോട് എൻജിനിയറിംഗ് കോളേജിൽ നിന്ന് മാറ്റിയതിനെതിരെ അവർ സമരം നടത്തിയതിനെത്തുടർന്ന് ഉത്തരവ് റദ്ദാക്കേണ്ടിവന്നു-ചെന്നിത്തല പറഞ്ഞു


ജലീലിന് അസൂയ

തന്റെ മകൻ സിവിൽസർവീസിലെത്തിയതിൽ മന്ത്രി ജലീൽ അസൂയപ്പെട്ടിട്ട് കാര്യമുണ്ടോ? യു.പി.എസ്.സി പരീക്ഷയെക്കുറിച്ച് പ്രാഥമികമായ വിവരം പോലുമില്ല. മകൻ രമിത്ത് ഇൻകംടാക്സ് അസി.കമ്മിഷണറായി നാഗ്പൂരിൽ പരിശീലനത്തിലാണ്. അവധിയെടുത്ത് ഐ.എ.എസിനായി പരിശ്രമിക്കുന്നു. പ്രിലിമിനറിയും മെയിനും വിജയിച്ച് അഭിമുഖത്തിനായി കാത്തിരിക്കുകയാണ്. കഷ്ടപ്പെട്ട് പഠിക്കുന്ന കുട്ടികൾക്ക് അവസരം കിട്ടിക്കോട്ടെ. താൻ ഇടപെട്ടെങ്കിൽ ഐ.എ.എസ് തന്നെ വാങ്ങിനൽകില്ലേ, ഐ.ആർ.എസ് ആക്കേണ്ട കാര്യമുണ്ടായിരുന്നോ- ചെന്നിത്തല ചോദിച്ചു.