''ചുങ്കത്തറയ്ക്കോ?"
സംശയത്തോടെ പ്രജീഷ്, ചന്ദ്രകലയെ നോക്കി.
''അതെ...." അവൾ അകലെ എവിടേക്കോ കണ്ണയച്ചു.
''അതെങ്ങനെ ശരിയാകും?"
''ഇനിയിപ്പോൾ അതേ ശരിയാകൂ. മുള്ളിനെ മുള്ളുകൊണ്ടാണ് എടുക്കേണ്ടത്. ങ്ഹാ... ആദ്യം നമുക്ക് എന്തെങ്കിലും കഴിക്കണം."
ചന്ദ്രകല നടന്നുകഴിഞ്ഞു.
പ്രജീഷ് പിന്നാലെ ചെന്നു.
വഴിക്കടവിലെ ഹോട്ടലിൽ നിന്ന് ഇരുവരും ഭക്ഷണം കഴിച്ചു. ആ സമയത്തു പോലും തന്റെ മനസ്സിൽ എന്താണെന്ന് പ്രജീഷിനോടു പറഞ്ഞില്ല ചന്ദ്രകല.
''ഇനി നമുക്ക് ഒരു ടാക്സിയിൽ ചുങ്കത്തറയ്ക്കു പോകണം."
ചന്ദ്രകലയുടെ നിർദ്ദേശാനുസരണം പ്രജീഷ് ടാക്സി വിളിച്ചു.
ഇരുവരും പിൻസീറ്റിൽ കയറി.
നേരം സന്ധ്യയാകുകയാണ്.
ചുങ്കത്തറ.
''ഇവിടെ നിർത്തിയാൽ മതി."
ചുങ്കത്തറ ബസ് സ്റ്റാന്റിന് നൂറുമീറ്ററോളം അകലെയെത്തിയപ്പോൾ ചന്ദ്രകല, ഡ്രൈവർക്കു നിർദ്ദേശം നൽകി.
ടാക്സി നിന്നു.
ഇരുവരും ഇറങ്ങി. ടാക്സി ഡ്രൈവർക്കു പണം നൽകി.
''വാ പ്രജീഷേ..."
മെയിൻ റോഡുവിട്ട് ഇരുവരും പോക്കറ്റ് റോഡിലേക്കു കയറി.
''ഇത്... കിടാവിന്റെ മകൻ സുരേഷ് താമസിച്ചിരുന്ന വീട്ടിലേക്കു പോകുന്ന വഴിയല്ലേ?"
പ്രജീഷിനു സംശയം.
''അതെ... അവിടേക്കു തന്നെയാണ് നമ്മൾ പോകുന്നത്."
''പക്ഷേ..."
പ്രജീഷ് ബാക്കി പറയുന്നതിനു മുൻപ് ചന്ദ്രകല കൈ ഉയർത്തി.
''ഇപ്പോൾ നമുക്ക് താമസിക്കാൻ പറ്റിയ സുരക്ഷിത താവളം ഇതാണ്. നമ്മുടെ കോവിലകത്ത് അവർ താമസിച്ചതിനു പകരമായി അവരുടെ വീട്ടിൽ നമ്മളും താമസിക്കുന്നു."
ഇരുവരും ഗേറ്റിലെത്തി.
ഗേറ്റു പൂട്ടിയിരുന്നു.
ചന്ദ്രകല ചുറ്റും നോക്കി.
ഇരുട്ടായിത്തുടങ്ങിയിരുന്നതിനാൽ പരിസരത്ത് ആരെയും കണ്ടില്ല.
''പ്രജീഷ് ആദ്യം കയറ്."
ചന്ദ്രകല ഗേറ്റിനു നേർക്കു കൈ ചൂണ്ടി.
പ്രജീഷ് അതിന്റെ ഗ്രില്ലിനു പുറത്തുകൂടി അപ്പുറത്തിറങ്ങി. ശേഷം ചന്ദ്രകലയും ആയാസപ്പെട്ട് കമ്പികളിൽ കയറി. പ്രജീഷ് അവളെ അപ്പുറത്തേക്ക് താങ്ങിയിറക്കി.
സുരേഷിന്റെ വീടിന്റെ സിറ്റൗട്ടിൽ ഇരുവരും അല്പനേരം ഇരുന്നു.
''ഇനി എങ്ങനെയും വാതിലിന്റെ പൂട്ടു പൊളിക്കണം."
ചന്ദ്രകല മന്ത്രിച്ചു.
പ്രജീഷ് എഴുന്നേറ്റു.
വീടിനെ ഒന്നു വലം വച്ചു.
തിരികെ വന്നപ്പോൾ അയാളുടെ കയ്യിൽ ഒരു പിക് ആസ് ഉണ്ടായിരുന്നു....
''പുറത്തെ ബാത്ത് റൂമിന് അരുകിൽ വച്ചിരുന്നതാ."
അധിക ശബ്ദം കേൾപ്പിക്കാതെ പിക് ആസിന്റെ മുനകൊണ്ട് അയാൾ വാതിലിന്റെ വിടവിൽ വെട്ടിത്തുടങ്ങി.
അവസാനം....
ഒരു ശബ്ദത്തോടെ പൂട്ട് ഇളകി.
ചന്ദ്രകല ആശ്വാസത്തോടെ നിശ്വസിച്ചു.
പിക് ആസ് പുറത്തേക്കിട്ടിട്ട് പ്രജീഷ് വാതിൽ തള്ളിത്തുറന്നു.
ഇരുവരും അകത്തുകയറി ലൈറ്റ് തെളിച്ചു. വാതിൽ അപ്പോഴും അടയ്ക്കാവുന്ന നിലയിലായിരുന്നു.
ചന്ദ്രകല അതടച്ചു കൊളുത്തിട്ടു.
അവർ ലൈറ്റു തെളിച്ച് ഓരോ മുറിയും കയറിയിറങ്ങി.
അവസാനം തങ്ങൾക്കു കിടക്കുവാൻ ഒരു റൂം തെരഞ്ഞെടുത്തു.
അലമാരകളൊന്നും പൂട്ടിയിരുന്നില്ല.
ചിലതിൽ നിറയെ ഹേമലതയുടെ ഡ്രസ്സുകൾ ഉണ്ടായിരുന്നു.
അതിൽ നിന്നു തനിക്കു ചേരുന്ന വസ്ത്രങ്ങൾ ചന്ദ്രകല എടുത്തു.
''ഇനി ഒന്നു കുളിച്ചിട്ടേയുള്ളൂ."
അവൾ ബാത്ത്റൂമിൽ കയറി.
പ്രജീഷ് ഒരു സിഗററ്റിനു തീ പിടിപ്പിച്ചുകൊണ്ട് കസേരയിലിരുന്നു.
കോവിലകത്തുനിന്ന് അണലി അക്ബറിന്റെ അസ്ഥികൂടം കണ്ടുകിട്ടിയ നിലയ്ക്ക് സി.ഐ അലിയാർ തങ്ങളുടെ പിന്നാലെയാവും. ചന്ദ്രകല വിചാരിക്കുന്നതുപോലെ ഈ സമയത്ത് ഒളിച്ചു താമസിക്കുവാൻ ഇതിനേക്കാൾ പറ്റിയ ഒരിടമില്ലെന്നു അയാൾക്കും ബോദ്ധ്യമായി.
ചന്ദ്രകല കുളികഴിഞ്ഞു വന്നു.
ആദ്യം കാണുന്നതുപോലെ അയാൾ അവളെ നോക്കി.
അവളുടെ ചുണ്ടിൽ ചിരിയൂറി.
''പോയി കുളിച്ചിട്ടുവാ മോനേ..."
പ്രജീഷ് കുളികഴിഞ്ഞു വന്നു.
ഇരുവരും കിടക്കയിലേക്കു മറിഞ്ഞു.
നേരം പുലർന്നു.
തന്റെ ശിരസ്സിനു വല്ലാത്ത ഭാരം തോന്നി എം.എൽ.എ ശ്രീനിവാസ കിടാവിന്.
സുരേഷിന്റെ ശവസംസ്കാരം കഴിഞ്ഞ ശേഷം അർദ്ധരാത്രിവരെ കിടാവും അനുജനും ഒന്നിച്ചിരുന്ന് മദ്യപിക്കുകയായിരുന്നു.
മകന്റെ മരണം.
അത്, ഇപ്പോഴും അംഗീകരിക്കുവാൻ കഴിയുന്നില്ല കിടാവിന്.
അതിലെ ദുരൂഹത...
ഇനി കോവിലകത്ത് പ്രേതബാധയുണ്ടോ?
ഇപ്പോൾ അങ്ങനെയൊരു തോന്നൽ കിടാവിനും ഉണ്ടായി.
ജോലിക്കാരി കൊണ്ടുവന്ന കാപ്പിയുമായി സിറ്റൗട്ടിലേക്കിറങ്ങി കിടാവ്. തന്റെ ഭാര്യയും മരുമകളും തന്നെയാണു കുറ്റപ്പെടുത്തുന്നതെന്ന് കിടാവ് ഓർത്തു. കാരണം കോവിലകത്തുനിന്ന് മാറി താമസിക്കുവാൻ ഹേമലത വാശിപിടിച്ചിട്ടും സമ്മതിക്കാതിരുന്നത് താനാണല്ലോ...
അടുത്ത നിമിഷം കിടാവിന്റെ ഫോൺ ഇരമ്പി.
അയാളെടുത്തു നോക്കി. ആ നെറ്റി ചുളിഞ്ഞു.
ചുങ്കത്തറയിലെ വീട്ടിലെ ലാന്റ് ഫോൺ നമ്പർ.
ഇതെങ്ങനെ?
കൂടുതൽ ചിന്തിക്കാതെ കാൾ എടുത്തു. അപ്പുറത്തുനിന്ന് പാമ്പ് ചീറ്റും പോലെ ഒരു ശബ്ദം.
''ഞാൻ കല... ചന്ദ്രകല..."
(തുടരും)