ഇക്കാലത്ത് ഒരു രൂപയ്ക്ക് എന്ത് കിട്ടും, ഒന്നാലോചിക്കാതെ ഇതിന് ഒരു ഉത്തരം നൽകാൻ നമുക്കാവില്ല. എന്നാൽ ഈ ചോദ്യം കോഴിക്കോട് പാളയത്തെത്തി ചോദിച്ചാൽ കൈ പൊള്ളും, കാരണം കൈയ്ക്കകത്ത് കുട്ടേട്ടൻ നല്ല ചൂട് ഒരു ഗ്ലാസ് കട്ടൻ ചായ അടിച്ചു തരും.
ഇന്നും ഇന്നലെയുമല്ല കുട്ടേട്ടൻ ചായത്തട്ട് തുടങ്ങിയത്. എന്നാൽ അന്നും ഇന്നും കട്ടൻ ചായയ്ക്ക് ഒരേ വില തന്നെ ഒരു രൂപ. കുട്ടേട്ടന്റെ ചായത്തട്ടിൽ സമൂഹത്തിന്റെ എല്ലാ വിഭാഗത്തിൽപെട്ടവരും വരുന്നുണ്ട്, പോക്കറ്റിന് ഭാരമാവാതെ ചൂടു കട്ടൻ ചായ കുടിക്കാൻ. എന്നാൽ ഒരു രൂപയ്ക്ക് കട്ടൻ ചായ നൽകുന്ന കുട്ടേട്ടന്റെ ജീവിതം തികച്ചും ഒരു സാധാരണക്കാരന്റേതാണ്, പ്രാരാബ്ദം നിറഞ്ഞ ജീവിതം നയിക്കുമ്പോഴും പണക്കൊതിയിൽ കൊല്ലുന്ന വില ഈടാക്കുന്ന ഭക്ഷണശാലകൾക്ക് തിരുത്തലായി കുട്ടേട്ടന്റെ ചായപ്പീടിക ഇവിടെ എന്നുമുണ്ടാവും. സമൂഹത്തിന് വേണ്ടി നമ്മളെ കൊണ്ട് ചെയ്യാനാവുന്നത് ചെയ്യുക ഇതു മാത്രമാണ് എന്തുകൊണ്ട് ഒരു രൂപയ്ക്ക് കട്ടൻ നൽകുന്നു എന്ന ചോദ്യത്തിന് കുട്ടേട്ടന്റെ മറുപടി.