ഇതിനോടകം തന്നെ മൂക്കുത്തി ഒരു ട്രെൻഡായി മാറിക്കഴിഞ്ഞു. സ്വർണ്ണത്തിന്റെയും വെള്ളിയുടേയും ഡയമണ്ടിന്റെയുമൊക്കെ വിവിധ ഡിസൈനുകളിലുള്ള മൂക്കുത്തികൾ മാർക്കറ്റിൽ സുലഭമായി ലഭിക്കും. എന്നാൽ മൂക്ക് കുത്തുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്.
- മൂക്ക് കുത്തി പരിചയമുള്ള തട്ടാന്റെയടുത്ത് കുത്തുന്നതാണ് ഏറ്റവും നല്ലത്, നാഡീ ഞരമ്പുകൾക്ക് ക്ഷതമേൽക്കാതെ കുത്താൻ അവർക്കറിയാം. ചില ഡോക്ടർമാരും മൂക്കുകുത്തി കൊടുക്കുന്നുണ്ട്. ബ്യൂട്ടിപാർലറുകളിൽ പോയി ഷൂട്ട് ചെയ്യിക്കുന്നതിന് മുമ്പ് ഇക്കാര്യത്തിലുള്ള പരിചയവും വൃത്തിയും ഉറപ്പാക്കിയിട്ട് മാത്രം പോയാൽ മതി.
-മൂക്ക് കുത്തിക്കഴിഞ്ഞ് സ്വർണം തന്നെ ഇടാൻ ശ്രദ്ധിക്കണം. മറ്റു ലോഹങ്ങൾ 70 ശതമാനം ആളുകൾക്ക് അലർജിയോ ഇൻഫെക്ഷനോ ഉണ്ടാക്കും. അസ്വസ്ഥതകൾ തോന്നിയാൽ എത്രയും പെട്ടെന്ന് ഡോക്ടറെ കാണുക. സ്വയം ചികിത്സ പാടില്ല.
-മൂക്ക് കുത്തിക്കഴിഞ്ഞാൽ കുത്തിയ ഭാഗം ഇടയ്ക്കിടയ്ക്ക് തൊട്ടു നോക്കുന്നത് ഒഴിവാക്കണം. തൊടുന്നതനുസരിച്ച് മുറിവുണങ്ങാൻ വൈകും.
-മുറിവ് പൂർണമായി ഉണങ്ങാതെ മൂക്കുത്തി ഇളക്കി മാറ്റരുത്. മാറ്റിയാൽ മൂക്കിലിട്ട തുള വേഗം അടഞ്ഞുപോകും.
-മൂക്ക് കുത്തിയിട്ട് തല തുവർത്തുമ്പോഴും മുടി ചീകുമ്പോഴും ഒക്കെ ശ്രദ്ധിക്കണം. മുടിയും കൈയും തട്ടി മൂക്കുത്തി വലിഞ്ഞ് വേദനയുണ്ടാകും. ചിലപ്പോൾ ചോര പൊടിഞ്ഞെന്നും വരാം.
-മൂക്കുകുത്തി ഒരു വിധം ഉണങ്ങുന്നത് വരെ മലർന്നു കിടന്ന് ഉറങ്ങുന്നതാണ് നല്ലത്. തലയിണയിലും ഷീറ്റിലും തട്ടി മൂക്കുത്തി വലിയാതിരിക്കും.
-മുഖം തുടയ്ക്കുമ്പോഴും തലവഴി ഉടുപ്പിടുമ്പോഴും മറ്റും മൂക്കുത്തി എവിടെയും ഉടക്കാതിരിക്കാൻ ശ്രമിക്കുക.
-ഒരു തരത്തിലുളള സ്പിരിറ്റ് ഉപയോഗിച്ചും മൂക്കും പരിസരവും തുടയ്ക്കരുത്. അത് കൂടുതൽ ഇൻഫെക്ഷൻ ഉണ്ടാക്കുകയേ ചെയ്യൂ.
- സാധാരണ മൂന്നാഴ്ചയ്ക്കുളളിൽ മൂക്കു കുത്തിയത് ഉണങ്ങും. അതിന് ശേഷവും രക്തംവരൽ, നീര്, വീക്കം, ചൊറിച്ചിൽ, പഴുപ്പ് എന്നിവയുണ്ടെങ്കിൽ ഡോക്ടറെ കാണുക.