മമ്മൂട്ടി- ജയരാജ് ടീമിന്റെ കൾട്ട് ചിത്രമായ 'ജോണിവാക്കറി'ന്റെ രണ്ടാം ഭാഗം വരുന്നു. ആദ്യചിത്രത്തിന്റെ സംവിധായകനായ ജയരാജ് തന്നെയാണ് ചിത്രം പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിക്കുക. ചിത്രത്തിന്റെ തിരക്കഥ പൂർത്തിയായതായാണ് റിപ്പോർട്ടുകൾ പുറത്ത് വരുന്നത്. മമ്മൂട്ടിയുടെ കഥാപാത്രം മരണപ്പെടുന്നതോടെയാണ് ജോണി വാക്കർ അവസാനിക്കുന്നത്. ആദ്യചിത്രത്തിൽ മമ്മൂട്ടിയുടെ സഹായി ആയിരുന്ന കുട്ടപ്പായിയുടെ വീക്ഷണത്തിലാണ് രണ്ടാമത്തെ ചിത്രം ആരംഭിക്കുന്നതും കഥ വികസിക്കുന്നതും. ലാലുക്ക എന്ന നടനാണ് ഈ കഥാപാത്രത്തെ സ്‌ക്രീനിൽ അവതരിപ്പിച്ചിരുന്നത്. ചിത്രത്തിന്റെ കഥയുമായി ജയരാജ് ആദ്യം സമീപിച്ചത് മമ്മൂട്ടിയുടെ മകനായ ദുൽഖറിനെയാണ്. എന്നാൽ ഈ ചിത്രത്തിൽ അഭിനയിക്കണമെന്നുള്ള ജയരാജിന്റെ അഭ്യർത്ഥന ദുൽഖർ സൽമാൻ നിരസിച്ചതായാണ് സൂചന. മമ്മൂട്ടി ചെയ്ത കഥാപാത്രത്തിന്റെ നിഴലിൽ മറ്റൊരു കഥാപാത്രം ചെയ്യാൻ തനിക്ക് താത്പര്യമില്ലെന്നാണ് ദുൽഖർ അറിയിച്ചത്. ദുൽഖറിന് താത്പര്യമില്ലെങ്കിൽ ആ സ്ഥാനത്തേക്ക് ആരാണെന്ന ആലോചനയിലാണ് ജയരാജ് ഇപ്പോൾ.