കൊച്ചി: ഇന്ത്യയിൽ ഓൺലൈൻ ഔഷധ വിപണിയുടെ മൂല്യം 2022ൽ 370 കോടി ഡോളറിൽ (ഏകദേശം 26,300 കോടി രൂപ) എത്തുമെന്ന് വിദേശ നിക്ഷേപക സ്ഥാപനമായ സി.എൽ.എസ്.എയുടെ റിപ്പോർട്ട്. പരമ്പരാഗത റീട്ടെയിൽ ഔഷധ വിതരണ ശൃംഖല അസംഘടിതമായി തുടരുന്നതാണ് ഓൺലൈൻ വിപണിക്ക് നേട്ടമാകുന്നതെന്നും റിപ്പോർട്ടിലുണ്ട്. നിലവിൽ 50 കോടി ഡോളറാണ് (3,500 കോടി രൂപ) ഇന്ത്യൻ ഔഷധ ഇ-വിപണിയുടെ മൂല്യം.
മരുന്നുകളുടെ ഓൺലൈൻ വിപണിക്കെതിരെ പരമ്പരാഗത റീട്ടെയിൽ വിതരണക്കാർ പലവട്ടം പ്രതിഷേധിച്ചിട്ടും ഫലമുണ്ടായിട്ടില്ല. ഇന്ത്യൻ റീട്ടെയിൽ ഔഷധ വിപണിയുടെ മൂല്യം ഇപ്പോൾ 2,000 കോടി ഡോളറാണ് (1.42 ലക്ഷം കോടി രൂപ). പ്രതിവർഷം 10-12 ശതമാനമാണ് വളർച്ച. 2025ൽ മൂല്യം 3,500 കോടി ഡോളറിൽ (2.50 ലക്ഷം കോടി രൂപ) എത്തുമെന്നാണ് വിലയിരുത്തൽ.
അതേസമയം, റീട്ടെയിൽ വിപണിയുടെ വിതരണ ശൃംഖല ഇപ്പോഴും അസംഘടിതമാണ്. ഏകദേശം 80,000ഓളം വിതരണക്കാരും എട്ടരലക്ഷം മെഡിക്കൽ സ്‌റ്റോറുകളും രാജ്യത്തുണ്ടെന്നാണ് കണക്ക്. ഓൺലൈൻ വിപണിയുടെ മികച്ച വളർച്ച, പരമ്പരാഗത വിതരണ ശൃംഖലയിലുള്ളവരെയും ആകർഷിക്കുന്നുണ്ടെന്നും സി.എൽ.എസ്.എ വ്യക്തമാക്കി. നെറ്റ്‌മെഡ്‌സ്, ഫാർമ ഈസി, മെഡ്‌ലൈഫ് തുടങ്ങിയവയാണ് ഇ-ഔഷധി വിപണിയിലെ പ്രമുഖർ.
അതേസമയം 3,500ഓളം റീട്ടെയിൽ ഔട്ട്‌ലെറ്റുകളുള്ള അപ്പോളോ ഫാർമസിയും ഇ-വിപണിയിലേക്ക് ചുവടുവച്ചിട്ടുണ്ട്. ഇ-വിപണിയിലെ കമ്പനികൾ ഇതിനകം ഏകദേശം 3,000 കോടി രൂപയുടെ മൂലധന സമാഹരണം നടത്തിയിട്ടുണ്ടെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
₹3,500 കോടി
ഇന്ത്യൻ ഇ-ഔഷധ വിപണിയുടെ മൂല്യം ഇപ്പോൾ ₹3,500 കോടി. 2022ൽ ഇത് ₹26,300 കോടിയാകുമെന്നാണ് വിലയിരുത്തൽ.
₹1.42 ലക്ഷം കോടി
ഇന്ത്യൻ റീട്ടെയിൽ ഔഷധ വിപണിയുടെ മൂല്യം 1.42 ലക്ഷം കോടി രൂപ. 2025ൽ ഇത് 2.50 ലക്ഷം കോടി രൂപയാകും.
2%
നിലവിൽ മൊത്തം വില്‌പനയുടെ 2-3 ശതമാനമാണ് ഇ-ഔഷധ വിപണിയുടെ പങ്ക്.
63%
പ്രതിവർഷം ശരാശരി 63 ശതമാനം വളർച്ച (സി.എ.ജി.ആർ) 2022വരെ ഇ-മരുന്ന് വിപണി നേടുമെന്ന് വിലയിരുത്തപ്പെടുന്നു. ഉയർന്ന ഡിസ്‌കൗണ്ടുകളും പ്രമോഷണലുകളുമാണ് നേട്ടമാകുക.