സാൻഫ്രാൻസിസ്‌കോ: ലോകത്തെ ഏറ്റവും മൂല്യമേറിയ പത്തു ബ്രാൻഡുകളുടെ പട്ടികയിൽ നിന്ന് ഫേസ്‌ബുക്ക് പുറത്ത്. ആഗോള ബ്രാൻഡ് കൺസൾട്ടൻസി സ്ഥാപനമായ ഇന്റർബ്രാൻഡിന്റെ വാർഷിക പട്ടികയിൽ ഇക്കുറി 14-ാം സ്ഥാനത്താണ് ഫേസ്‌ബുക്ക്. ഉപഭോക്തൃ വിവരച്ചോർച്ചയും തുടർന്നുണ്ടായ വ്യാപക അന്വേഷണങ്ങളുമാണ് ഫേസ്‌ബുക്കിന് തിരിച്ചടിയായത്.
രണ്ടുവർഷം മുമ്പ് എട്ടാംസ്ഥാനത്തായിരുന്നു ഫേസ്‌ബുക്ക്. 100 കമ്പനികളുള്ള പട്ടികയിൽ ഒന്നാംസ്ഥാനം അലങ്കരിക്കുന്നത് ആപ്പിൾ ആണ്. ഗൂഗിൾ രണ്ടാമതും ആമസോൺ മൂന്നാമതുമാണ്. മൈക്രോസോഫ്‌റ്റ്, കൊക്ക-കോള, സാംസംഗ് എന്നിവയാണ് യഥാക്രമം നാലുമുതൽ ആറുവരെ സ്ഥാനങ്ങളിൽ. ടൊയോട്ട ഏഴാമതും മെഴ്‌സിഡെസ്-ബെൻസ് എട്ടാമതും മക്ഡോണൾസ് ഒമ്പതാമതുമാണ്. ഡിസ്‌നിക്കാണ് പത്താംസ്ഥാനം.
8.7 കോടിയോളം ഉപഭോക്താക്കളുടെ വിവരങ്ങൾ ചോർന്ന കേംബ്രിഡ്‌ജ് അനലിറ്റിക്ക സംഭവത്തെ തുടർന്ന് ഫേസ്‌ബുക്കിന്റെ ഉപഭോക്തൃ വിശ്വാസ്യതയിൽ വൻ വീഴ്‌ചയുണ്ടായിട്ടുണ്ടെന്നാണ് വിലയിരുത്തൽ. അമേരിക്കയിൽ കമല ഹാരിസ് ഉൾപ്പെടെ നിരവധി സെനറ്റർമാരും ഫേസ്‌ബുക്കിനെതിരെ കടുത്ത വിമർശനങ്ങൾ ഉന്നയിച്ചിട്ടുണ്ട്. ഫേസ്‌ബുക്കിൽ ഉപഭോക്തൃ വിവരങ്ങൾ സുരക്ഷിതമെന്ന് വിശ്വസിക്കുന്നത് 28 ശതമാനം പേർ മാത്രമാണെന്നും വിലയിരുത്തപ്പെടുന്നു. നേരത്തേ, ഇത് 79 ശതമാനമായിരുന്നു.
ഒന്നാംസ്ഥാനത്ത്ആപ്പിൾ
മൂല്യമേറിയ കമ്പനികളിൽ ഒന്നാംസ്ഥാനത്ത് ആപ്പിൾ ആണ്. പട്ടികയിൽ ആദ്യ 5 സ്ഥാനങ്ങളിലുള്ള മറ്റുള്ളവർ
2. ഗൂഗിൾ
3. ആമസോൺ
4. മൈക്രോസോഫ്‌റ്റ്
5. കൊക്ക-കോള