ബംഗളൂരു: ആൾദൈവം കൽക്കി ഭഗവാന്റെ (70) സ്ഥാപനങ്ങളിലും ആശ്രമങ്ങളിലും ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡിൽ കോടിക്കണക്കിന് രൂപയുടെ അനധികൃത പണവും സ്വത്തുവകകളും പിടിച്ചെടുത്തു. 409 കോടി രൂപയുടെ രസീതും കണക്കിൽ പെടാത്ത 93 കോടി രൂപയുടെ സ്വർണവും വജ്രവും കറൻസിയും പിടിച്ചെടുത്തതായി ഉദ്യോഗസ്ഥർ അറിയിച്ചു.
ആന്ധ്രപ്രദേശിലെ വരടൈപാലം, ചെന്നൈ, തമിഴ്നാട്, ബംഗളൂരു എന്നിവിടങ്ങളിലെ ആശ്രമങ്ങളിലും സ്ഥാപനങ്ങളിലും കൽക്കി ഭഗവാന്റെയും മകന്റെയും വീടുകളിലും ബുധനാഴ്ച രാവിലെ ആരംഭിച്ച റെയ്ഡ് വെള്ളിയാഴ്ചയാണ് പൂർത്തിയായത്. 250ഒാളം ഉദ്യോഗസ്ഥരാണ് റെയ്ഡ് നടത്തിയത്. തത്വശാസ്ത്രം, ആത്മീയത എന്നീ വിഷയങ്ങളിൽ പരിശീലനം നൽകുന്ന കാമ്പസുകളും ഇതിൽ ഉൾപ്പെടും.
കൽക്കി ഭഗവാൻ സ്ഥാപിച്ച സൗഖ്യ പരിപാടികൾ നടത്തുന്ന ട്രസ്റ്റുകളുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന നാല്പതോളം സ്ഥലങ്ങളിലും പരിശോധന നടത്തി.500 കോടി രൂപയുടെ കണക്കിൽപ്പെടാത്ത സ്വത്തുവകകൾ ഉണ്ടെന്നാണ് നിഗമനം. പിടിച്ചെടുത്ത നോട്ടുകെട്ടുകളുടെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായി.
ചൈന, യു.എസ്, സിംഗപ്പൂർ, യു.എ.ഇ എന്നിവിടങ്ങളിലുള്ള കൽക്കി ഭഗവാന്റെ കമ്പനികൾ അനധികൃത പണമിടപാടുകൾ നടത്തിയതായും രേഖകളുണ്ട്.
രാഷ്ട്രീയ നേതാക്കളടക്കം ലക്ഷക്കണക്കിന് അനുയായികളാണ് ഇന്ത്യയിലും വിദേശത്തുമായി കൽക്കി ഭഗവാനുള്ളത്.
പിടിച്ചെടുത്തത്
409 കോടി രൂപയുടെ രസീത്
പണമായി 43.9 കോടി രൂപ,
25 ലക്ഷം ഡോളർ (18 കോടി രൂപ)
26കോടി രൂപയുടെ 88 കിലോ സ്വർണം,
അഞ്ച് കോടി രൂപയുടെ വജ്രം