അബുദാബി: കേസുകളും ജയിൽവാസവും രോഗങ്ങളുമായി വിദേശത്ത് ദുരിതക്കയത്തിൽ മുങ്ങിനിന്ന മൂസാക്കുട്ടി പ്രമുഖ വ്യവസായി എം.എ. യൂസഫലിയുടെ കൈപിടിച്ച് കയറിയത് രണ്ടാംജന്മത്തിലേക്ക്. അറിയപ്പെടുന്ന വ്യവസായിയായിരുന്ന പട്ടാമ്പി മാട്ടായ സ്വദേശി മൂസാക്കുട്ടിയും ഭാര്യ ബുഷ്‌റയുമാണ് വർഷങ്ങൾ നീണ്ട ദുരിതങ്ങളോട് വിടചൊല്ലി കഴിഞ്ഞദിവസം നാട്ടിലെത്തിയത്.
റാസൽഖൈമ സ്വദേശി നൽകിയ ഒരു പരാതിയാണ് മൂസാക്കുട്ടിയുടെയും കുടുംബത്തിന്റെയും ജീവിതം മാറ്റിമറിച്ചത്. മൂന്നു കോടി രൂപ നൽകിയില്ലെങ്കിൽ കേസ് പിൻവലിക്കില്ലെന്ന് പരാതിക്കാരൻ ഉറച്ചുനിന്നതോടെ മൂസാക്കുട്ടി ജയിലിലായി. അഞ്ചുവർഷത്തോളം നീണ്ട ജയിൽവാസവും യാത്രവിലക്കുകളും മൂസാക്കുട്ടിയെ തളർത്തി. ഇതിനിടെ, രോഗബാധിതനായ മൂസാക്കുട്ടിയുടെ സംസാരശേഷിയും ഇല്ലാതായി.
ദുരിതവാർത്ത ശ്രദ്ധയിൽപ്പെട്ട ലുലു ഗ്രൂപ്പ് ചെയർമാനും നോർക്ക റൂട്ട്‌സ് വൈസ് ചെയർമാനുമായ എം.എ. യൂസഫലി ഷാർജയിലെത്തി മൂസാക്കുട്ടിയെ കണ്ടു. യു.എ.ഇ സുപ്രീം കൗൺസിൽ അംഗവും റാസൽഖൈമ ഭരണാധികാരിയുമായ ഷെയ്‌ക് സൗദ് ബിൻ സഖർ അൽ ഖാസിമിയുമായി മോചനം സംബന്ധിച്ച് യൂസഫലി ചർച്ചയും നടത്തി. 28 കേസുകളിലായി 80 ലക്ഷം രൂപ കോടതിയിൽ യൂസഫലി കെട്ടിവച്ചതോടെ, മൂസാക്കുട്ടിക്ക് നാട്ടിലേക്ക് മടങ്ങാനായി.