കൊൽക്കത്ത : സാമ്പത്തിക ശാസ്ത്രത്തിൽ നോബൽ സമ്മാനം നേടിയ അഭിജിത് ബാനർജിയെ വിമർശിച്ച് കേന്ദ്രമന്ത്രി പീയുഷ് ഗോയലിന്റെ പ്രസ്താവനയ്ക്ക് പിന്നാലെ ബി.ജെ.പി നേതാവിന്റെ പരിഹാസവും. നോബൽ സമ്മാനം ലഭിക്കുന്നതിനുള്ള മാനദണ്ഡം വിദേശിയായ രണ്ടാം ഭാര്യയുണ്ടായിരിക്കണമെന്നായിരുന്നു ബി.ജെ.പി ദേശീയ സെക്രട്ടറി രാഹുൽസിൻഹയുടെ പരിഹാസം.
വിദേശിയായ രണ്ടാം ഭാര്യയുള്ളവർക്കാണ് നോബൽ സമ്മാനം കിട്ടുന്നത്. നോബൽ സമ്മാനം ലഭിക്കുന്നതിനുള്ള ലഭിക്കുന്നതിനുള്ള ഡിഗ്രിയാണിതോയെന്ന് തനിക്കറിയില്ലെന്നും സിൻഹ പറഞ്ഞു. അഭിജിത് ബാനർജിയോടൊപ്പം പുരസ്കാരം പങ്കിട്ട ഫ്രഞ്ചുകാരിയായ ഭാര്യ എസ്തർ ദഫ്ലോയെ ഉദ്ദേശിച്ചായിരുന്നു രാഹുൽ സിൻഹയുടെ പരാമർശം. അഭിജിത് ബാനർജി ഇടതുപക്ഷ ചിന്താഗതിയുള്ളയാളാണെന്നും സിൻഹ വ്യക്തമാക്കി.
പിയൂഷ് ഗോയല്‍ പറഞ്ഞത് ശരിയാണ്. ഇടതുപക്ഷ ആശയങ്ങൾ നിറച്ച് സാമ്പത്തിക ശാസ്ത്രത്തെ കളങ്കപ്പെടുത്തുകയാണ് ഇവർ ചെയ്യുന്നത്. ഇടതുപാതയിലൂടെ സാമ്പത്തിക ശാസ്ത്രത്തെ കൊണ്ടുപോകാനാണ് ഇവരുടെ ശ്രമം. പക്ഷേ ഇടത് നയം ഈ രാജ്യത്തിന് ദോഷമാണെന്നും സിൻഹ പറഞ്ഞു.
കോൺഗ്രസിന്റെ തിരഞ്ഞെടുപ്പു പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനമായ ‘ന്യായ്’ പദ്ധതിക്ക് അഭിജിത് വിദഗ്ധ ഉപദേശം നല്‍കിയിരുന്നു. അഭിജിത് ബാനർജിയുടെ ആശയങ്ങൾ ഇന്ത്യൻ ജനത തള്ളിക്കളഞ്ഞതാണെന്നായിരുന്നു പിയൂഷ് ഗോയലിന്റെ പരാമർശം.
അതേസമയം രാഷ്ട്രീയപരമായ മുൻവിധികളുടെ പേരിൽ മികച്ച നയങ്ങൾ ജനങ്ങളിലേക്ക് എത്തുന്നതിനെ തടയുന്നതിനോടു യോജിക്കാനാകില്ലെന്ന് അഭിജിത് ബാനർജി വിമർശനങ്ങൾക്ക് മറുപടി നൽകി. രാജ്യത്തെ 20% നിർധനരുടെ ബാങ്ക് അക്കൗണ്ടിൽ പ്രതിവർഷം 72,000 രൂപ വീതം നിക്ഷേപിക്കുന്നതായിരുന്നു ‘ന്യായ്’ പദ്ധതി. ഒരു വ്യക്തിക്കു പ്രതിവർഷം ലഭിക്കേണ്ട മാന്യമായ വരുമാനം എത്രയാണെന്നതിലായിരുന്നു കോൺഗ്രസ് ഉപദേശം തേടിയത്. അതൊരു വെല്ലുവിളിയായി കണ്ടാണു മറുപടി നൽകിയത്. ഈ ചോദ്യം ബി.ജെ.പി ചോദിക്കുകയായിരുന്നെങ്കിൽ അവർക്കും ഇതേ ഉത്തരം നൽകുമായിരുന്നു. രാഷ്ട്രീയത്തിന്റെ പേരിൽ മികച്ച നയങ്ങൾ ജനങ്ങൾക്ക് ഉപകാരപ്പെടാതെ തടയുന്നത് തന്റെ നയമല്ല. സർക്കാരിനും ജനത്തിനുമിടയിൽ സത്യസന്ധനായ ഇടനിലക്കാരനാകാനാണ് ഇക്കാര്യത്തിൽ ശ്രമിക്കുന്നതെന്നും ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ അഭിജിത് പറഞ്ഞു.