കണ്ണൂർ: മലയാളത്തിന്റെ പ്രിയനടി സനുഷയുടെ സഹോദരനും ബാലതാരവുമായ സനൂപ് സന്തോഷിന്റെ പേരിൽ വ്യാജ വാട്സ്ആപ്പ് ഉണ്ടാക്കി നടികളെ വിളിച്ച് യുവാവ് പിടിയിൽ. കണ്ണൂർ ടൗൺ എസ് ഐ പ്രദീപ് കണ്ണിപ്പൊയിലിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതിയായ മലപ്പുറം പൊന്നാനി സ്വദേശി രാഹുൽ (22) അറസ്റ്റിലായത്. ബാലനടനെ ഏറെ ഇഷ്ടമുള്ളയാളാണ് താനെന്നും പത്താം ക്ലാസ് തോറ്റുകഴിയുന്ന സമയത്ത് എങ്ങനെയെങ്കിലും സിനിമയിൽ കയറിപ്പറ്റുന്നതിനായാണ് ഇങ്ങനെ ചെയ്തതെന്നും യുവാവ് പൊലീസിനോട് പറഞ്ഞു.
സഹോദരൻ തങ്ങളെ വിളിച്ച് അനാവശ്യം പറയുന്നതായും മറ്റ് നടികളുടെ നമ്പർ ചോദിക്കുന്നതായും ഒരു കൂട്ടം നടിമാർ സനുഷയോട് പരാതി പറഞ്ഞു. ഫോൺ നമ്പർ പരിശോധിച്ച നടി ഇത് എന്റെ അനിയൻ അല്ലെന്ന് മറുപടി നൽകുകയും ചെയ്തു. തുടർന്ന് കണ്ണൂർ എസ്.പിക്ക് പരാതി നൽകുകയായിരുന്നു. കേസ് ടൗൺ പൊലീസിന് കൈമാറി. നമ്പർ അന്വേഷിച്ചതോടെ മലപ്പുറത്തെ ഒരു യുവാവിലെത്തി. എന്നാൽ ഇയാൾ ശാരീരിക പ്രശ്നമായി വീട്ടിലാണെന്നും വീട് മാറുന്നതിനിടെ സിം കാർഡ് നഷ്ടമായയെന്നും അവിടെ നിന്ന് ബോദ്ധ്യമായി.
അന്വേഷണ സംഘം സ്ഥിരം ലൊക്കേഷൻ പിന്തുടർന്നതോടെ 22 വയസ്സുള്ള മറ്റൊരു യുവാവിൽ എത്തിച്ചേരുകയായിരുന്നു. അന്വേഷണത്തിൽ നിരവധി യുവ നടിമാർക്കും റിയാലിറ്റി ഷോകളിൽ പങ്കെടുക്കുന്ന പെൺകുട്ടികൾക്കും ഇയാൾ പലപ്പോഴും സന്ദേശം അയച്ചിട്ടുണ്ടെന്ന് തെളിഞ്ഞിട്ടുണ്ട്. എന്നാൽ അശ്ലീല സന്ദേശങ്ങളല്ല ഇയാൾ അയച്ചിട്ടുള്ളതെന്നും പൊലീസ് കണ്ടെത്തി. നടികളെ വിളിച്ച് അവരുടെ പല്ലുകളെ കുറിച്ച് സംസാരിക്കുന്നതാണ് ഇയാളുടെ ശീലമെന്നും കണ്ടെത്തിയിട്ടുണ്ട്. മഞ്ജു പിള്ള, റിമി ടോമി എന്നിവരെയാണ് പ്രതി അവസാനം വിളിച്ചത്. സനുഷയോട് ഒപ്പമുള്ള സനൂപിന്റെ ചിത്രം വാട്‌സ്ആപ്പില്‍ പ്രൊഫൈൽ ആക്കിയിരുന്നു പ്രതിയുടെ തട്ടിപ്പ്.