ന്യൂഡൽഹി : ഇന്ത്യാ - ചൈന ബന്ധം വഷളാക്കിയ ദോക്‌ലാം സംഘർഷത്തിൽ ചൈനീസ് പട്ടാളത്തിന്റെ കടന്നുകയറ്റം ഇന്ത്യൻ സൈന്യം മനുഷ്യ മതിൽ തീർത്ത് തടഞ്ഞത് ഐതിഹാസികമായ ചെറുത്തുനിൽപ്പായിരുന്നു.
ഇന്ത്യ- ഭൂട്ടാൻ - ചൈന അതിർത്തിയിലെ മുക്കവലയാണ് ദോക്‌ലാം.
അവിടെ ഇന്ത്യയിലേക്ക് കടന്നുവരാൻ ചൈനീസ് സൈന്യത്തെ സഹായിക്കുന്നറോഡ് നിർമ്മാണമാണ് സംഘർഷമുണ്ടാക്കിയത്.
ചൈനീസ് കടന്നുകയറ്റം തടയാൻ ഇന്ത്യൻ കരസേന നടത്തിയ ആയുധ രഹിത സൈനിക നടപടി 'ഓപ്പറേഷൻ ജുനിപ്പർ' എന്നാണ് അറിയപ്പെടുന്നത്.
2017 ജൂണ്‍ 16 ന് ഇന്ത്യൻ അതിർത്തിയോട് ചേർന്ന് ചൈനീസ് സൈന്യത്തിന്റെ അസ്വഭാവിക നീക്കങ്ങൾ കണ്ടെത്തി. മണ്ണുമാന്തി യന്ത്രങ്ങളും തൊഴിലാളികളും ഇന്ത്യൻ അതിർത്തിക്ക് വളരെ അടുത്ത് വന്നു.റോഡ് നിർമ്മാണത്തിനുള്ള ഒരുക്കം തുടങ്ങി. ഇന്ത്യൻ സൈനികൻ വിവരം നാഥുലയിലെ കമാൻഡ് സെന്ററിലും ഡൽഹിയിലെ സൈനിക ആസ്ഥാനത്തും അറിയിച്ചു. ഒരു സൈനിക നടപടിക്ക് ഇന്ത്യൻ സേന രൂപം നൽകി. സുപ്രധാന നീക്കത്തിന് മോദി സർക്കാർ അനുമതി നൽകി.
ജൂലൈ 17 ന് വൈകിട്ട് 'ഓപ്പറേഷൻ ജുനിപ്പർ' നടപ്പിലാക്കാൻ സൈന്യത്തിന് നിർദ്ദേശം വന്നു. ജുനിപ്പർ ഭൂട്ടാനിലെ ഒരു വൃക്ഷമാണ്. വരണ്ടതും കഠിനവുമായ പ്രതലത്തിലും കരുത്തോടെ വളരുന്ന വൃക്ഷമാണ് ഇത്.
ജൂലൈ 18 ന് പുലർച്ചെ 300 ഇന്ത്യൻ സൈനികർ ഇന്ത്യ- ഭൂട്ടാൻ - ചൈന അതിർത്തിയിലേക്ക് മാർച്ച് ചെയ്തു. ചൈനീസ് സൈന്യത്തെ ഇന്ത്യൻ സൈനികർ മനുഷ്യ മതിൽ തീർത്ത് തടഞ്ഞു. ഇരുരാജ്യങ്ങളുടെയും സൈനികർ മുഖാമുഖം നിന്നു.
തോക്ക് താഴേക്ക് ചൂണ്ടി ആക്രമണത്തിനല്ല എന്ന് സൂചിപ്പിക്കുന്ന തരത്തിലാണ് ഇന്ത്യൻ സൈന്യം മനുഷ്യമതിൽ തീർത്തത്.
ഇതോടെ ഉന്നതെ ചൈനീസ് സൈനിക ഉദ്യോഗസ്ഥൻ സമവായത്തിന് മുന്നോട്ടുവന്നു. റോഡ് നിർമ്മാണം അനുവദക്കില്ലെന്ന് ഇന്ത്യൻ സൈന്യംകടുപ്പിച്ച് പറഞ്ഞു.
രണ്ടുമാസത്തോളം ഇരുസൈന്യവും മുഖാമുഖം നിലയുറപ്പിച്ചതോടെ ദക്ഷിണേഷ്യ യുദ്ധ ഭീതിയിലായി. ഇരുഭാഗത്തും ഷിഫ്റ്റ് അടിസ്ഥാനത്തിൽ സൈനികർ മനുഷ്യമതിലിൽ അണിചേർന്നു.
നയതന്ത്ര ചർച്ചകൾ പുരോഗമിച്ചു. രണ്ട് മാസത്തിന് ശേഷം ഇരു സൈന്യവും പഴയ സ്ഥിതിയിലേക്ക് പിന്മാറി. ആദ്യമെത്തിയത് ചൈനീസ് സൈന്യമായതിനാൽ അവർ ആദ്യം പിന്മാറട്ടെയെന്നാണ് ഇന്ത്യ നിലപാടെടുത്ത്. സമ്മർദ്ദത്തിന് വഴങ്ങി സ്വന്തം പതാകയും താഴ്‌ത്തി ചൈനീസ് സൈന്യം പിൻവാങ്ങി. പിന്നാലെ ഇന്ത്യൻ സൈന്യവും.