ന്യൂയോർക്ക്: ആസ്ബസ്റ്റോസിന്റെ അംശം കണ്ടെത്തിയതിനെതുടർന്ന് കുട്ടികൾക്കുള്ള 33000 ബോട്ടിൽ പൗഡർ ജോൺസൺ ആൻഡ് ജോൺസൺ തിരികെ വിളിച്ചു. അമേരിക്കയിൽ വില്പനയ്ക്കെത്തിച്ച ബോട്ടിലുകളാണ് കമ്പനി തിരികെ വിളിച്ചത്.
ക്യാൻസറിന് പോലും കാരണമായേക്കാവുന്ന വിഷാംശമുള്ള പദാർത്ഥമാണ് ആസ്ബസ്റ്റോസ് എന്നാണ് റിപ്പോർട്ടുകൾ. പൗഡർ തിരിച്ച് വിളിക്കാനുള്ള തീരുമാനത്തിന് പിന്നാലെ കമ്പനിയുടെ ഓഹരിക്ക് വൻതിരിച്ചടി നേരിട്ടു. ഏതാണ്ട് ആറ് ശതമാനമാണ് ഓഹരി വിലയിൽ ഇടിവുണ്ടായത്.
ഇപ്പോൾ തന്നെ തങ്ങളുടെ വിവിധ ഉൽപ്പന്നങ്ങളുടെ പേരിൽ 15000 ത്തിലേറെ കേസുകൾ ലോകത്താകമാനം കമ്പനി നേരിടുന്നുണ്ട്. ഇതിന് പിന്നാലെയാണ് കുഞ്ഞുങ്ങളിൽ മെസോതെലിയോമ എന്ന രോഗാവസ്ഥയ്ക്ക് കാരണമാകുന്ന ആസ്ബസ്റ്റോസിന്റെ അളവും കണ്ടെത്തിയിരിക്കുന്നത്.
അമേരിക്കയിൽ പൗഡർ വിശദമായ പരിശോധനയ്ക്ക് വിധേയമാക്കിയ അമേരിക്കയിലെ ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റിയാണ് കമ്പനിക്കെതിരെ അതീവ ഗുരുതരമായ കുറ്റം ചുമത്തിയത്. ഓൺലൈൻ വഴി വാങ്ങിയ ബോട്ടിലാണ് ഇവർ പരിശോധനയ്ക്ക് എടുത്തത്. അതേസമയം ഇവർ പരിശോധനയ്ക്ക് എടുത്ത സാംപിളിന്റെ വിശ്വാസ്യതയും ടെസ്റ്റിന്റെ ആധികാരികതയും സബന്ധിച്ച് ഫുഡ് ആൻഡ് ഡ്രഗ് അതോറിട്ടിയുമായി വിശദമായ ചർച്ച നടത്തുകയാണെന്നാണ് ജോൺസൺ ആൻഡ് ജോൺസൺ വിശദീകരിച്ചിരിക്കുന്നത്.