മുംബയ് : ജമ്മുകാശ്മീരിന് സവിശേഷ പദവി അനുവദിക്കുന്ന 370ാം വകുപ്പ് പുനഃസ്ഥാപിക്കുമെന്ന് പ്രഖ്യാപിക്കാൻ ധൈര്യമുണ്ടോയെന്ന് രാഹുൽ ഗാന്ധിയോട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. മഹാരാഷ്ട്രയിൽ തിരഞ്ഞെടുപ്പ് റാലിയിലാണ് രാഹാുൽ ഗാന്ധിയെ അമിത് ഷാ വെല്ലുവിളിച്ചത്.
പ്രധാനമന്ത്രി നരേന്ദ്രമോദി അധികാരത്തിൽ തിരിച്ചെത്തി ആദ്യം ചെയ്തത് ജമ്മുകാശ്മീരിന് പ്രത്യേക പദവി നൽകുന്ന ഭരണഘടനയിലെ 370-ാം വകുപ്പ് റദ്ദാക്കുകയായിരുന്നു.പ്രത്യേക പദവിയുടെ മറവിൽ പാകിസ്ഥാൻ ജമ്മുകാശ്മീരിൽ 'ഭീകരത' വളർത്തുകയായിരുന്നു. 40,000 പേർക്കാണ് ഇതിൽ ജീവഹാനി നേരിട്ടത്.
കാശ്മീരിൽ വികസനം സ്തംഭനാവസ്ഥയിലാണ്. എന്നിട്ടും പ്രത്യേക പദവി എടുത്തു കളയാൻ കോൺഗ്രസ് തയ്യാറായില്ല. ദേശീയ താത്പര്യങ്ങൾ മാനിക്കാതെ വോട്ടുബാങ്കിൽ മാത്രമായിരുന്നു കോൺഗ്രസിന്റെ കണ്ണെന്നും അമിത് ഷാ കുറ്റപ്പെടുത്തി. 56 ഇഞ്ച് നെഞ്ചുളള മോദി മാത്രമാണ് പ്രധാനമന്ത്രി എന്ന നിലയിൽ ഇതിന് ധൈര്യപ്പെട്ടുള്ളൂവെന്നും അമിത് ഷാ പറഞ്ഞു.
രാഹുൽ ഗാന്ധി ചോദിക്കുന്നത് 370ാം അനുച്ഛേദവും മഹാരാഷ്ട്രയും തമ്മിലുളള ബന്ധം എന്താണെന്നാണ്. ഇനി തിരഞ്ഞെടുപ്പിന് ഒരു ദിവസം മാത്രമേയുള്ളൂ. ജനങ്ങൾ എങ്ങനെയാണ് പ്രതികരിക്കാൻ പോകുന്നതെന്ന് കാത്തിരുന്നു കാണാമെന്നും അമിത് ഷാ പറഞ്ഞു.