പത്തനംതിട്ട : സംസ്ഥാനത്തെ അഞ്ചുനിയമസഭാ മണ്ഡലങ്ങളിലേക്കുള്ള പ്രചാരണത്തിന്റെ കലാശക്കൊട്ട് ഇന്നായിരുന്നു. കോന്നിയിൽ അടൂർ പ്രകാശ് എം.പി കൊട്ടിക്കലാശത്തിൽ പങ്കെടുക്കാത്തതിനെചൊല്ലി വിവാദം ഉടലെടുത്തിരുന്നു. ഇക്കാര്യത്തിൽ മറുപടിയുമായി അടൂർ പ്രകാശ് രംഗത്തെത്തി. കോന്നിയിൽ കലാശക്കൊട്ടിന് എത്തിയില്ലെന്ന വിവാദം അനാവശ്യമാണെന്ന് അടൂർ പ്രകാശ് പറഞ്ഞു. മുൻകാലങ്ങളിലും താൻ കലാശകൊട്ടിൽ പങ്കെടുക്കാറില്ല. വൈകിട്ട് ആറുവരെ പ്രചാരണ രംഗത്ത് സജീവമായിരുന്നു. യുഡിഎഫിൽ അനൈക്യമാണെന്ന തരത്തിൽ വാഖ്യാനിക്കുനത് നിർഭാഗ്യകരമെന്നും അടൂർ പ്രകാശ് വ്യക്തമാക്കി.
കോന്നിയിലെ സ്ഥാനാർത്ഥിയെച്ചൊല്ലി തിരഞ്ഞെടുപ്പിന്റെ തുടക്കത്തിൽ അടൂർ പ്രകാശ് കോൺഗ്രസ് നേതൃത്വവുമായി ഇടഞ്ഞിരുന്നു. പി.മോഹൻരാജിന്റെ സ്ഥാനാർഥി പ്രഖ്യാപനം താൻ അറിഞ്ഞില്ലെന്ന് തുറന്നു പറയുകയും ചെയ്തു. പ്രചാരണത്തിൽ പങ്കെടുക്കില്ലെന്നു പറഞ്ഞതോടെ നേതൃത്വം ഇടപെട്ട് അദ്ദേഹത്തെ അനുനയിപ്പിച്ചു.