കാൽനൂറ്റാണ്ടോളം മകളെ പോലെ യൂസുഫ് അലി പോറ്റി വളർത്തിയ പ്രിയപ്പെട്ട ആനയാണ് ലക്ഷ്മി. ഒരു സുപ്രഭാതത്തിൽ കുറേ മൃഗസ്നേഹികളും വനപാലകരും നിയമപാലകരും എത്തി പറയുന്നു, നിങ്ങളുടെ പരിചരണത്തിൽ ലക്ഷ്മി സന്തുഷ്ടയല്ല... അതിനാൽ അവളെ ഞങ്ങൾക്ക് വിട്ടുതരിക. അന്ന് നെഞ്ചിലൊരു തീപ്പൊരി വീണതാണ് യൂസുഫിന്. പിന്നീടുള്ള മൂന്നുവർഷം പോരാട്ടത്തിന്റേതായിരുന്നു, ലക്ഷ്മിയെ എന്നന്നേക്കുമായി സ്വന്തമാക്കാനുള്ള നീണ്ട പോരാട്ടം. ഒരായുസ് കൊണ്ട് സമ്പാദിച്ച കിടപ്പാടമടക്കം വിൽക്കാൻ തയാറായി. എന്നിട്ടും യൂസുഫിന്റെ സ്നേഹത്തിന് മുന്നിൽ അധികൃതർക്ക് കനിവ് തോന്നിയില്ല. പിന്നെ മുന്നിൽ തെളിഞ്ഞ ഏക വഴി ഒളിച്ചോട്ടമായിരുന്നു. ലക്ഷ്മിയെയും കൂട്ടി നാടു വിടുക. രണ്ടര മാസത്തോളം കിഴക്കൻ ഡൽഹിയിലെ യമുനാ തീരത്തെ കാട്ടിനുള്ളിൽ ഇരുവരും ഒളിച്ചുതാമസിച്ചു.
അവസാനം തങ്ങളെ തിരഞ്ഞെത്തിയ സായുധ പൊലീസിന് മുന്നിൽ ചങ്ക് പറിച്ചെടുക്കുന്ന വേദനയോടെ ലക്ഷ്മിയെ വിട്ടു നൽകി കാട്ടിലേക്ക് ഓടിമറിയേണ്ടി വന്നു യൂസുഫിന്. കുടുംബത്തെ പോലും മറന്നായിരുന്നു യൂസുഫ് ലക്ഷ്മിക്ക് വേണ്ടി പോരാടിയത്. ഭർത്താവ് ജീവിച്ചിരിപ്പുണ്ടോ എന്നുപോലും ശബാനയ്ക്ക് ഇപ്പോഴും അറിയില്ല. അച്ഛനെ കിട്ടിയില്ലെങ്കിൽ മക്കളെ അറസ്റ്റ് ചെയ്യുമെന്ന് പറഞ്ഞെത്തിയ പൊലീസിനെ പേടിച്ച് രണ്ടു മക്കളെ ഒളിപ്പിക്കേണ്ടി വന്നു. ലക്ഷ്മി അപ്പോഴേക്കും വനപാലകരുടെ കൈകളിൽ അകപ്പെട്ടു കഴിഞ്ഞു. പ്രിയപ്പെട്ട വളർത്തുമൃഗത്തെ രക്ഷിക്കാൻ ജീവൻ പോലും മറന്ന് പോരാടി പെരുവഴിയിലായ ആ കുടുംബം കിഴക്കൻ ഡൽഹിയിലെ റഷീദ് മാർക്കറ്റ് ഷാഹി മസ്ജിദിന് സമീപത്തെ 26-ാം നമ്പർ വീട്ടിലുണ്ട്. യൂസുഫ് അലിയുടെ അവിശ്വസനീയമായ ജീവിതകഥയിലേക്ക്...
ഓഹരിയായി കിട്ടിയ സ്നേഹം
ഇസഹാക്ക് അഹമ്മദിന്റെയും നൂർജഹാന്റെയും അഞ്ച് മക്കളിൽ രണ്ടാമനാണ് യൂസുഫ് അലി. ഇസഹാക്കിന്റെ കുടുംബത്തിന് പാരമ്പര്യമായി മൃഗങ്ങളുടെ കച്ചവടമായിരുന്നു. ആനകളുടെയും കുതിരകളുടെയുമൊക്കെ മൊത്തവ്യാപാരം. രാജ്യത്തിന്റെ പലഭാഗങ്ങളിൽ നിന്ന് മൃഗങ്ങളെ വാങ്ങി മറിച്ച് വിൽക്കുമായിരുന്നു. അങ്ങനെ ഇരുപത്തിനാല് വർഷം മുമ്പ് ആസാമിൽ നിന്ന് ഇസഹാക്ക് വാങ്ങിയതാണ് ലക്ഷ്മിയെ. അന്നവൾക്ക് 14 വയസ്. മൃഗങ്ങളെ വാങ്ങി മാസങ്ങൾക്കുള്ളിൽ മറിച്ചു വിൽക്കാറാണ് പതിവെങ്കിലും കുട്ടിത്തവും സ്നേഹവും അനുസരണയും ഏറെയുള്ള ലക്ഷ്മി പെട്ടെന്ന് കുടുംബവുമായി അടുത്തു. പൊന്നുവില പറഞ്ഞിട്ടും ലക്ഷ്മിയെ വിൽക്കാൻ ഇസഹാക്ക് തയാറായില്ല. റിപ്പബ്ലിക് ദിനത്തിൽ ഡൽഹിയിൽ നടക്കാറുള്ള പരേഡിൽ ആനകളെ എത്തിക്കുന്ന ചുമതലയും ഇസഹാക്കിനുണ്ടായിരുന്നു. വികൃതി കാണിക്കാത്തതിനാൽ ലക്ഷ്മി വർഷങ്ങളോളം പരേഡിന്റെ ഭാഗമായി. പരേഡിൽ നിന്ന് ആനകളെ കോടതി വിലക്കിയതോടെ ലക്ഷ്മി ഉത്സവമേളങ്ങളിലെ സജീവസാന്നിദ്ധ്യമായി. വർഷങ്ങൾ കഴിഞ്ഞ് കുടുംബസ്വത്ത് വീതം വച്ചപ്പോൾ ലക്ഷ്മിയെ മകൻ യൂസുഫിനാണ് ഇസഹാക്ക് കൈമാറിയത്. അല്ലെങ്കിൽ ലക്ഷ്മിയെ മാത്രമാണ് യൂസുഫ് ആവശ്യപ്പെട്ടതെന്ന് പറയുന്നതാകും ശരി. ആ കുടുംബത്തിന്റെ ഏക വരുമാനവും ലക്ഷ്മിയായിരുന്നു. യമുനയുടെ തീരത്തെ ഏക്കറോളം സ്ഥലത്ത് പരന്നു കിടക്കുന്ന ഹാത്തി ഹട്ടിലാണ് ലക്ഷ്മിയെ താമസിപ്പിച്ചിരുന്നത്. ചോറും പരിപ്പും പഴവും കടലയുമടക്കം വ്യത്യസ്തമായ ആഹാരങ്ങൾ ലക്ഷ്മിക്കായി ദിവസവും ശബാന അവിടേക്ക് എത്തിച്ചിരുന്നു.
ആനകളെ വിട്ടുനൽകണമെന്ന് കോടതി ശാസനം
തിരക്കേറിയ ഡൽഹിയിൽ ആനകളെ സുരക്ഷിതമായി താമസിപ്പിക്കാൻ സ്ഥലമില്ലെന്നും മൃഗങ്ങൾ കടുത്ത ബുദ്ധിമുട്ടിലാണെന്നും നഗരത്തിലെ പ്രമുഖ മൃഗസ്നേഹികളുടെ സന്നദ്ധ സംഘടന 2011ൽ ഡൽഹി ഹൈക്കോടതിയിൽ കേസ് കൊടുത്തു. ഈ മൃഗങ്ങളെ മറ്റ് സംസ്ഥാനങ്ങളിലെ പുനരധിവാസ കേന്ദ്രങ്ങളിലേക്ക് മാറ്റണമെന്ന് അപേക്ഷിച്ചു. വന്യജീവി സംരക്ഷണ നിയമപ്രകാരം കോടതി ഇത് അംഗീകരിച്ചു. വീട്ടിൽ വളർത്തുന്ന ആനകളെ കണ്ടെത്തുന്നതിനായി വനപാലകരുടെ പാനൽ തയാറായി. 2016ൽ ആനകളെ സർക്കാരിലേക്ക് സമർപ്പിക്കണമെന്നും അല്ലാത്ത പക്ഷം കണ്ടു കെട്ടുമെന്നും അറിയിച്ചു. അന്ന് ഡൽഹിയിൽ 28 ആനകളുണ്ടായിരുന്നു. കോടതി വിധിയെ എതിർത്തിട്ട് കാര്യമില്ലെന്ന് കണ്ടതോടെ ഇതിൽ പകുതിയോളം പേർ ആനകളെ സർക്കാരിന് സമർപ്പിച്ചു. മറ്റ് ചിലരാകട്ടെ ഹരിയാന, രാജസ്ഥാൻ, ഉത്തരാഖണ്ഡ് പോലുള്ള സംസ്ഥാനങ്ങളിലേക്ക് സ്വന്തം ചെലവിൽ ആനകളെ മാറ്റി. ആനകളെ പരിപാലിക്കാൻ ഈ സംസ്ഥാനങ്ങളിലെ ആന മുതലാളികൾക്ക് നിശ്ചിത തുക ഇപ്പോഴും ഓരോ മാസവും നൽകി വരുന്നുമുണ്ട്. എന്നാൽ,കോടതി വിധി യൂസുഫിനെ വല്ലാതെ തളർത്തി.
ലക്ഷ്മിയെ വിട്ടുകൊടുക്കുക എന്നത് തന്റെ ജീവൻ പറിച്ചെടുക്കുന്നതിന് സമാനമാണെന്ന് യൂസുഫിന് അറിയാമായിരുന്നു. ആദ്യ ഘട്ടത്തിൽ വനപാലകർക്ക് പണം നൽകി ലക്ഷ്മിയെ ഒപ്പം നിറുത്താൻ ശ്രമിച്ചു. മാസാമാസം ആയിരങ്ങൾ കൈക്കൂലിയായി നൽകി. എന്നാൽ ഒന്നര വർഷം പിന്നിട്ടപ്പോഴേക്കും പണത്തിന് ഞെരുക്കമായി. കൈക്കൂലി കൊടുക്കാൻ കഴിയാതായി. ഒടുവിൽ നിയമപോരാട്ടം ആരംഭിച്ചു. 2017 ഏപ്രിലിൽ ഹൈക്കോടതിയിൽ കേസ് നൽകി. ലക്ഷ്മിയെ ഏറ്റെടുക്കാനുള്ള വനപാലകരുടെ തീരുമാനത്തെ ഹൈക്കോടതി സ്റ്റേ ചെയ്തു. 150 വർഷത്തോളം ആനകളെ പരിപാലിച്ച കുടുബത്തിലെ അംഗമെന്നത് പരിഗണിച്ചായിരുന്നു നടപടി. 2019 ഫെബ്രുവരി വരെ സ്റ്റേ നിലനിന്നു. എന്നാൽ ഇതിനെതിരെ മൃഗസ്നേഹികളുടെ സംഘടന കോടതിയെ സമീപിച്ചതോടെ ജൂലായ് ഒന്നിനകം ലക്ഷ്മിയെ വിട്ട് നൽകണമെന്ന് ഫെബ്രുവരിയിൽ വിധിയുണ്ടായി.
ഒടുവിൽ ഒളിച്ചോടേണ്ടി വന്നു
വിധിയെത്തുടർന്ന് കടുത്ത മാനസിക സംഘർഷത്തിലായിരുന്നു യൂസുഫ് അലിയെന്ന് ശബാന പറയുന്നു. ഒടുവിൽ വീട്ടിലേക്ക് വരാത്ത അവസ്ഥയായി. ഹാത്തി ഹട്ടിൽ ലക്ഷ്മിക്കൊപ്പമായി ഊണും ഉറക്കവും. ഒരുനിമിഷം പോലും ലക്ഷ്മിയില്ലാതെ ജീവിക്കാൻ കഴിയില്ലെന്ന് പറഞ്ഞതായും ശബാന പറയുന്നു. ഇതിനിടെ പലപ്രാവശ്യം വനപാലകരും പൊലീസും ഭീഷണിയുമായി വീട് കയറിയിറങ്ങി. ജൂലായ് ഒന്നിന് ലക്ഷ്മിയെ ഏറ്റെടുക്കാൻ വനപാലകരെത്തുമെന്ന് ഉറപ്പായതോടെ ലക്ഷ്മിയെ ഒളിപ്പിക്കാൻ യൂസുഫ് അലി തീരുമാനിച്ചു.
ഒന്നാം പാപ്പാൻ സദാമിനേയും രണ്ടാം പാപ്പാൻ രാജുവിനേയും കൂട്ടി ജൂൺ 30ന് യമുനയുടെ തീരത്തെ കാട്ടിനുള്ളിലേക്ക് ലക്ഷ്മിയുമായി യൂസുഫ് അലി കടന്നു.
ലക്ഷ്മിയുമായി യൂസുഫ് അലി ഒളിച്ചോടിയെന്ന് മനസിലായതോടെ കണ്ടെത്താൻ വനപാലകർ പൊലീസിന്റെ സഹായം തേടി. ഇതോടെ ഡൽഹി ഡെപ്യൂട്ടി കമ്മിഷണർ (കിഴക്കൻ) ജസ്മീത് സിംഗിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് തെരച്ചിൽ തുടങ്ങി. 12 ഓഫീസർമാരുള്ള മൂന്ന് സംഘം നഗരത്തിന്റെ മുക്കും മൂലയും അരിച്ചു പെറുക്കുമ്പോൾ യൂസുഫ് അലിക്കും ലക്ഷ്മിക്കും പാപ്പാന്മാർക്കും ഭക്ഷണമെത്തിക്കുന്ന തിരക്കിലായിരുന്നു ശബാനയും മക്കളും. കാടിന്റെ പലഭാഗങ്ങളിൽ മാറി മാറി താമസിച്ച് കൃത്യം രണ്ടരമാസം അലി ലക്ഷ്മിയെ ഒളിപ്പിച്ചു. എന്നാൽ സെപ്റ്റംബർ 18ന് അർദ്ധരാത്രിയിൽ അധികൃതരുടെ പിടിവീണു. യൂസുഫ് അലി പാപ്പാന്മാരായ സദാമിനേയും രാജുവിനേയും വിളിച്ച് ഉണർത്തി. ലക്ഷ്മിയുമായി ഉൾക്കാട്ടിലേക്ക് കയറാൻ തയാറായി. എന്നാൽ ഫലം കണ്ടില്ല. വനപാലകരും പൊലീസും അപ്പോഴേക്കും ലക്ഷ്മിക്ക് ചുറ്റും തമ്പടിച്ചു. രക്ഷപ്പെടാനുള്ള അവസാന ശ്രമമെന്ന നിലയിൽ ലക്ഷ്മിയുടെ കെട്ട് അഴിച്ച് വിട്ട് മനസില്ലാമനസോടെ മൂവരും കാട്ടിലേക്ക് ഓടി. സദാമും രാജുവും പൊലീസിന്റെ പിടിയിലായി. യൂസുഫ് അലി ഒരുമാസത്തിന് ഇപ്പുറവും കാണാമറയത്താണ്. നിലവിളിച്ച് കൊണ്ട് കാട്ടിലേക്ക് ഓടിമറിഞ്ഞ യൂസുഫ് ഇപ്പോഴും വേദനയായി അവശേഷിക്കുന്നുവെന്ന് രാജു പറയുന്നു.
തടയാൻ ശ്രമിച്ച ശബാനയുടെ തല തകർത്ത് പൊലീസ്
കാട്ടിൽ നിന്ന് പിടികൂടിയ ലക്ഷ്മിയേയും പാപ്പാന്മാരേയും ഡൽഹി ശക്കർപൂർ പൊലീസ് സ്റ്റേഷനിലാണ് ആദ്യം എത്തിച്ചത്. ഇതറിഞ്ഞ ശബാനയും മക്കളായ റോഹിലും റഹിലും ശാത്തിറും ശക്കീലും പൊലീസ് സ്റ്റേഷനിലെത്തി. അപ്പോഴേക്കും ലക്ഷ്മിയെ യമുനാനഗറിലെ ആനത്താവളത്തിലേക്ക് മാറ്രാൻ തയാറെടുക്കുകയായിരുന്നു അധികൃതർ. ലോറിയിൽ കയറാൻ കൂട്ടാക്കാതെ നിന്ന ലക്ഷ്മിയെ പൊലീസും വനപാലകരും ചേർന്ന് പൊതിരെ തല്ലി. ലോറിക്കുള്ളിൽ ബന്ധിച്ച ചങ്ങലയിൽ ലക്ഷ്മിയുടെ കാലിൽ കൊളുത്തിട്ട് ഉള്ളിലേക്ക് വലിച്ചു. തങ്ങൾ പോറ്റിവളർത്തിയ പ്രിയപ്പെട്ടവൾക്ക് നേരെ നടക്കുന്ന ക്രൂരത കണ്ട് നിൽക്കാനാകാതെ വന്നപ്പോൾ ശബാന എതിർത്തു. ഫലമോ വനപാലകർ ശബാനയുടെ തലയിൽ ലാത്തി കൊണ്ട് തല്ലി.
ഇതിനിടെ പാപ്പാന്മാരിൽ ഒരാളായ രാജുവിനെ കൂടി കൂട്ടി ആനയെ അനുനയിപ്പിക്കാൻ അധികൃതർ ശ്രമിച്ചു. ലക്ഷ്മിയോട് ചെയ്യുന്ന ക്രൂരത അവസാനിപ്പിക്കാൻ ഒടുവിൽ അയാൾ ലക്ഷ്മിക്കൊപ്പം പോകാമെന്ന് സമ്മതിച്ചു. ഇതോടെ ലക്ഷ്മി അനുസരണയോടെ ലോറിയിൽ കയറി. അധികൃതരുടെ ജോലി തടസപ്പെടുത്തി, കോടതി വിധി അനുസരിച്ചില്ല, വന്യമൃഗത്തോട് ക്രൂരത കാണിച്ചു തുടങ്ങിയ കുറ്റങ്ങൾക്ക് അച്ഛനെ കിട്ടിയില്ലെങ്കിൽ മക്കൾ മതിയെന്ന് പൊലീസ് ഭീഷണി മുഴക്കിയതോടെ മുതിർന്ന രണ്ട് ആൺമക്കളെയും ഒളിവിൽ പാർപ്പിച്ചിരിക്കുകയാണ് ശബാന.
ജാസ്മിനായി മാറിയ ലക്ഷ്മി
ഹരിയാന സർക്കാരിന്റെ അംഗീകാരത്തോടെ പ്രവർത്തിക്കുന്ന ഹരിയാനയിലെ യമുനാനഗറിലെ ആനത്താവളത്തിലാണ് ലക്ഷ്മി ഇപ്പോൾ. ആനത്താവളത്തിൽ എത്തിച്ചതോടെ ലക്ഷ്മിയെ പേര് മാറ്റി ജാസ്മിനാക്കി. ആന തന്റെ പേടിപ്പെടുത്തുന്ന ഭൂതകാലം മറക്കാൻ വേണ്ടിയാണത്രേ പേര് മാറ്റൽ. ഒപ്പം ആന അസുഖബാധിതയാണെന്നും കാലിൽ ഗുരുതര രോഗമുണ്ടെന്നും ഫോട്ടോ അടക്കം കാണിച്ച് സാമൂഹിക മാദ്ധ്യമങ്ങളിലൂടെ വിദേശ രാജ്യങ്ങളിൽ നിന്നടക്കം സഹായം ആവശ്യപ്പെടുകയാണ് ഈ സന്നദ്ധ സംഘടന. എന്നാൽ ഫേസ് ബുക്ക് പേജിൽ ലക്ഷ്മിയുടേതെന്ന് കാണിച്ചിരിക്കുന്ന ചിത്രങ്ങൾ മറ്റേതോ ആനയുടേയതാണെന്നും ലക്ഷ്മിയുടെ ഓരോ ശരീരഭാഗവും തനിക്ക് കാണാപാഠമാണെന്നും ശബാന പറയുന്നു. ലക്ഷ്മിയെ കച്ചവടമാക്കി മാറ്റണമെന്ന് മാത്രമാണ് ഇവരുടെ ലക്ഷ്യമെന്നും അവർ ആരോപിക്കുന്നു.
ലക്ഷ്മി അവസാനത്തെ പേര്
ഇന്ത്യൻ ചരിത്രത്തിൽ മാറ്റിനിറുത്താനാകാത്ത മൃഗമാണ് ആന. ഡൽഹിയെ സംബന്ധിച്ചിടത്തോളം അവസാന രാജവംശത്തിന്റെ അഭിമാന ചിഹ്നവും. ആനയില്ലാതെ മുഗൾ രാജവംശമില്ല. ആനപ്പടയും ആനസവാരി കഥകളുമൊക്കെ നിറഞ്ഞതാണ് മുഗൾ പാരമ്പര്യവും. ബാബറും അക്ബറും ഷാജഹാനുമൊക്കെ തലയുയർത്തി ഭരിച്ച മുഗൾ സാമ്രാജ്യത്തിന്റെ തലസ്ഥാനമായ ഡൽഹിയിലെ തെരുവിൽ ഇനി ആനയെ കാണില്ല. ഡൽഹിയിലെ ഏറ്റവും അവസാനത്തെ വളർത്താനയായിരുന്നു ലക്ഷ്മി. മുഗൾ രാജവംശത്തിനൊപ്പം ലക്ഷ്മിയും ചരിത്രത്തിൽ ഇടം നേടി ഇന്ദ്രപ്രസ്ഥം വിട്ടിരിക്കുന്നു. പക്ഷേ ലക്ഷ്മിക്ക് വേണ്ടി പോരാടിയ യൂസുഫിന്റെ കുടുംബം ഇന്നും കണ്ണീർ ചിത്രമാണ്.
(ലേഖികയുടെ നമ്പർ: 9946103963, വീഡിയോ സ്റ്റോറി: YouTube.com/Kaumudyയിൽ കാണാം)