
ചിരികളുടെ താളുകൾ, ഓരോ താളിലും ഒരായിരം ചിരിയുടെ അടരുകൾ. ലക്ഷോപലക്ഷം ചിരികൾ ചേർന്ന് രൂപം കൊള്ളുന്ന ജീവിതത്തെ പകർത്തിയെഴുതുകയാണ് ഖൈറുന്നിസ എ. യാത്ര ചെയ്യുന്ന വിമാനത്തിലിരുന്ന് വായിച്ചാൽ നിങ്ങളുടെ ചിരിയൊലികൾ അതിലുള്ള മുഴുവൻ യാത്രക്കാരെയും ചിന്തയിൽ നിന്നുണർത്തിയേക്കാം. അതുകൊണ്ട് സ്വസ്ഥമായിരുന്ന് ചിരിക്കാനൊരിടം ഉറപ്പാക്കിയിട്ടു വേണം ഖൈറുന്നിസയുടെ പുസ്തകങ്ങൾ വായിക്കാൻ.
ഖൈറുന്നിസ എ. - മകന്റെ 'കുട്ടി മാഗസിൻ" സംഘടിപ്പിച്ച കഥാമത്സരത്തിന് കഥയെഴുതിത്തുടങ്ങിയ അമ്മ ഇംഗ്ളീഷ് സാഹിത്യത്തിൽ മികച്ച സാഹിത്യ സൃഷ്ടികളുടെ മാതാവായ കഥയാണിത്. കുട്ടികളുടെ പ്രിയ പുസ്തകമായ ബട്ടർഫിംഗേഴ്സിന്റെ രചയിതായ ഖൈറുന്നിസയുടെ, മുതിർന്നവർക്കുള്ള ആദ്യ പുസ്തകമായ 'ടങ് ഇൻ ചീക്ക് " വിപണിയിലെത്തിക്കഴിഞ്ഞു. വെസ്റ്റ്ലാൻഡ് ആണ് പ്രസാധകർ. അബദ്ധങ്ങളും രസങ്ങളും നിറഞ്ഞ നമ്മുടെ ജീവിതമൊരു വലിയ തമാശയാണെന്ന പക്ഷക്കാരിയായ ഖൈറുന്നിസയുടെ ചിരി വരികളാണ് ടങ് ഇൻ ചീക്കിന്റെ തിളക്കം. ഒരു പ്രഷർ കുക്കർ പൊട്ടിത്തെറിക്കുന്നതിൽ പോലും നിങ്ങൾക്കൊരു ധാം... ധൂം... താന്ത്രിക് ഡാൻസ് കാണാം (നിങ്ങൾക്ക് അപകടമൊന്നും സംഭവിച്ചില്ലെങ്കിൽ). ജീവിതം തന്നെ വലിയൊരു പ്രഷർ കുക്കറായി മാറിയ കാലത്താണ് സകലതിലും ചിരി കൊളുത്തി ഖൈറുന്നിസയുടെ എഴുത്ത്.
മസാലക്കൂട്ടുകളുടെ കവറിന് മുകളിൽ നിന്ന് ചാടിപ്പുറപ്പെട്ട റബർ ബാൻഡ് നിങ്ങളുടെ കിഴങ്ങു കറിയുടെ രുചി മാറ്റിയേക്കാം. റബർ ബാൻഡ് തേടി നിങ്ങൾ അടുക്കള അരിച്ചു പെറുക്കുമ്പോൾ അതങ്ങനെ കറിയിൽ കിടന്ന് തിളച്ച് മറിയുകയാവും. നഷ്ടദു:ഖവുമായി ഭർത്താവിന് കറി വിളമ്പുമ്പോൾ അദ്ദേഹം പറയുന്നു: 'കറിക്കൊരു പ്രത്യേക രുചി." വേർ ഈസ് ദ റബർ ബാൻഡ് ഗോൺ എന്ന കഥ രസകരമായ ചിരിക്കൂട്ടാണ്.
കേരളത്തിന്റെ സ്വർണഭ്രമമാണ് ടങ് ഇൻ ചീക്കിലെ ഒരു കഥയായ ഗോൾഡ് റഷിന്റെ പ്രമേയം. ശരീരം നിറയുന്ന സ്വർണാഭരണങ്ങളും പട്ടുവസ്ത്രങ്ങളും ചേർന്ന് വധു 'കോമ"യിലാവുകയാണ്. മലയാളിയുടെ ആഡംബരം കല്യാണസദ്യയിലുമുണ്ട് . കല്യാണത്തിന് മൂന്ന് വരിയിൽ നിരക്കുന്ന കറികളില്ലെങ്കിൽ ആളുകളെന്ത് കരുതും എന്നാണ് വേവലാതി. ഇതു കാണുന്ന പാവപ്പെട്ടവരും മക്കളുടെ കല്യാണം മെച്ചപ്പെടുത്താൻ കടം വാങ്ങിക്കൂട്ടുകയാണെന്ന് എഴുത്തുകാരി പറയുന്നു.
'ഫുഡ് ഫോർ തോട്ട് " കഥയിലേതു പോലെ തന്നെ കല്യാണസദ്യാ ഹാളുകളാണ് കേരളത്തിലെ ഏറ്റവും തിരക്കേറിയ ഇടം. ഒരു ഗ്രൂപ്പ് എഴുന്നേറ്രാൽ അടുത്ത പന്തിക്ക് തയാറെടുക്കാൻ പോലും അവസരം കൊടുക്കില്ല. പെൺകുട്ടിയുടെ അമ്മാവനോ കാറ്ററിംഗ് മാനേജർക്കോ ചെറുവിരൽ അനക്കാനുള്ള അവസരം പോലും നൽകാതെ 'ഫയർ അലാറം"കേട്ടവരെപ്പോലെ ആളുകൾ ഭക്ഷണശാലയിലേക്ക് കുതിക്കും. മുമ്പേ പോയവരുടെ എച്ചിൽ ഇലയ്ക്ക് മുന്നിൽ തപസിരിക്കും.
ഒരു കർച്ചീഫ് കൊണ്ട് സീറ്റ് ഉറപ്പാക്കാനുള്ള മലയാളിയുടെ വിരുതും ചിരിക്കഥകളിലുണ്ട്. ട്രെയിനിലും ബസിലുമൊന്നും പ്രവേശിക്കാതെ തന്നെ പുറത്ത് നിൽക്കുന്നയാൾക്ക് സീറ്റ് ഉറപ്പാക്കാനാവുന്ന മാജിക് . 'കർച്ചീഫ് വീണ" സീറ്റ് പ്രത്യേകം 'ആദരം" അർഹിക്കുന്നതു പോലെ ആ സ്ഥലം ഒഴിച്ചിട്ടു മാത്രമേ ആളുകൾ ഇരിക്കൂ. തിക്കും തിരക്കുമെല്ലാം കഴിഞ്ഞ് കർച്ചീഫ് ഉടമ കൂളായി സീറ്റിലെത്തും.
'ഹാഫ് എ വേം ഈസ് ബെറ്റർ ദാൻ നൺ" എന്ന കഥ ജൈവപച്ചക്കറി തേടി അലയുന്ന മലയാളിയുടെ ഗതികേടിനെയാണ് വിവരിക്കുന്നത്. പണ്ട് പച്ചക്കറിയിൽ ഒരു പുഴുവിനെ കണ്ടാൽ അത് ദൂരെ എറിയുന്ന മലയാളിക്ക് ഇന്ന് പച്ചക്കറിയിൽ പുഴുവിനെ കണ്ടാലേ സമാധാനമാകൂ. പുഴുവുണ്ടെങ്കിൽ കീടനാശിനി ഇല്ലെന്നർത്ഥം.
ടങ് ഇൻ ചീക്കിനൊപ്പം ഖൈറുന്നിസയുടെ 'ദ ലിസാഡ് ഫ്രം ഓസ് " എന്ന ബാലസാഹിത്യം കൂടി വിപണിയിലെത്തിയിട്ടുണ്ട്. സ്കൊളാസ്റ്റിക് ആണ് പ്രസാധകർ.
'ദ ലിസാഡ് ഫ്രം ഓസ് "- ഓസ്ട്രേലിയയിൽ നിന്ന് അബദ്ധത്തിൽ ഇന്ത്യയിലെത്തിയ ഒരു പല്ലിയുടെ കഥയാണ്. മറ്റുള്ളവരുടെ കാര്യത്തിൽ തലയിടരുതെന്ന് അവനെ അമ്മ പഠിപ്പിച്ചിട്ടുണ്ടായിരുന്നു. പക്ഷേ മറ്റുള്ളവരുടെ ഷൂസിൽ മൂക്കിടരുതെന്ന് അവർ അവനെ പഠിപ്പിച്ചില്ല. അതാകട്ടെ അവന്റെ ജീവിതം തന്നെ മാറ്റിമറിച്ചു. സ്വപ്നത്തിൽപ്പോലും വിചാരിക്കാതിരിക്കെ രാജ്യം വിടേണ്ടി വന്നു അവന്. ദീർഘമായൊരു വിമാനയാത്ര കഴിഞ്ഞ് മുംബൈയിലെത്തും വരെ ഷൂ ബോക്സിനുള്ളിലെ ഇരുട്ടിൽ അന്തംവിട്ട് അവനിരുന്നു. പിന്നീട് ഒരിന്ത്യക്കാരന്റെ ഷൂ ബോക്സിൽ നിന്നും അയാളുടെ വീടെന്ന 'വലിയ ലോകത്തെ"ത്തുന്നു. ഇന്ത്യയിൽ ധാരാളം പല്ലികളെ പ്രതീക്ഷിച്ച അവന് ആ വീട്ടിൽ രണ്ട് പല്ലികളെ മാത്രമേ കാണാനായുള്ളൂ. വീട്ടിലെ വില്ലൻ പൂച്ചയായിരുന്നു പല്ലികളുടെ സംഖ്യ കുറയാൻ കാരണം. ആകെയുള്ള രണ്ട് പല്ലികളാകട്ടെ പൂച്ചയിൽ നിന്ന് രക്ഷനേടാൻ വഴിയാലോചിക്കുകയാണ്. ചുവരിലെ മൊണാലിസയുടെ ചിത്രത്തിന് പിന്നിലൊളിച്ചാണ് അവർ ജീവൻ രക്ഷിച്ചിരുന്നത്. മൊണാലിസയ്ക്ക് പിന്നിൽ അവർ ആധിയോടെ കഴിയുന്നതിനിടെയാണ് ഓസ്ട്രേലിയക്കാരൻ പല്ലിയുടെ രംഗപ്രവേശം.
'ദ ബുക്ക് വേം" പുസ്തകത്തീറ്റക്കാരനായ ചിതലിന്റെ കഥയാണ്. അരിസ്റ്റോട്ടിലിന്റെ പുസ്തകം തിന്നതിന്റെ പേരിൽ അച്ഛൻ അവന് അരിസ്റ്റോട്ടിൽ എന്ന് പേരിട്ടു. ഷേക്സ്പിയറിന്റെയും അരിസ്റ്റോട്ടിലിന്റെയും പുസ്തകങ്ങൾ തിന്ന മകനെ കണ്ടിട്ട് തന്റെ പിതാവിന്റെ 'സാഹിത്യപ്രേമം" അവന് കിട്ടിയിട്ടുണ്ടെന്ന് അയാൾ അഭിമാനപൂർവം ഭാര്യയോട് പറയുന്നുണ്ട്. പതിമൂന്ന് രസകരമായ കഥകളാണ് ദ ലിസാഡ് ഫ്രം ഓസിലുള്ളത്. ബാലസാഹിത്യമാണെങ്കിലും ബട്ടർഫിംഗേഴ്സ് കുട്ടികളുടെ മാത്രം പുസ്തകമല്ല. മുതിർന്നിട്ടും ഉള്ളിലൊരു കുറുമ്പൻ കുട്ടി ഒളിഞ്ഞിരിക്കുന്ന ഓരോമുതിർന്നവരുടെയും പുസ്തകമാണ്. എന്തു ചെയ്താലും അത് അബദ്ധത്തിൽ കൊണ്ടെത്തിക്കുന്ന 'വഴുക്കൻ കൈയനായ" ഒരു കുട്ടിയാണ് ബട്ടർഫിംഗേഴ്സിലെ കേന്ദ്രകഥാപാത്രമായ പതിമൂന്നുകാരൻ അമർ. മുട്ട വാങ്ങി വരാൻ പറഞ്ഞാൽ വീടെത്തുമ്പോൾ അവൻ അത് ഓംലറ്റ് ആക്കിയിരിക്കും എന്ന് കേട്ടിട്ടില്ലേ. അമറും അത്തരക്കാരൻ തന്നെ!
എഴുത്തിനെക്കുറിച്ച് ഖൈറുന്നിസ പറയട്ടെ:
''1996 ൽ കുട്ടികളുടെ മാഗസിൻ ആയ ടിങ്കിൾ നടത്തിയ മത്സരത്തിൽ സെക്കൻഡ് പ്രൈസ് കിട്ടി. കുട്ടികൾക്ക് വേണ്ടി ബാലസാഹിത്യം എഴുതുന്ന മുതിർന്നവരുടെ മത്സരമായിരുന്നു അത്. തുടർന്ന് വന്ന ഏഴ് മത്സരങ്ങളിൽ ഒന്നാം സ്ഥാനം എനിക്കായിരുന്നു. ശേഷം ബട്ടർഫിംഗേഴ്സ് എന്ന കഥ അവർക്ക് വേണ്ടി ഒരു സീരിയൽ ആയി 2006 മുതൽ 2015 വരെ എഴുതി . ബട്ടർഫിംഗേഴ്സ് എന്നു തന്നെയായിരുന്നു പേര്. പിന്നീടാണ് ആ കഥകളുമായി പെൻഗ്വിനെ സമീപിച്ചത്. ബട്ടർ ഫിംഗേഴ്സ് നോവൽ ആയി എഴുതാമോ എന്ന് അവർ ചോദിച്ചു. അങ്ങനെയാണ് 'ഹൗ സാറ്റ് ബട്ടർഫിംഗേഴ്സ്"എന്ന നോവൽ പിറന്നത്.""
മൂന്ന് നോവൽ , മൂന്ന് ചെറുകഥകൾ അടക്കം ബട്ടർഫിംഗേഴ്സ് സീരീസിൽ ആറ് പുസ്തകങ്ങളാണുള്ളത്. മൂന്ന് ചെറുകഥാ സമാഹാരങ്ങൾ സ്പോർട്സ് പശ്ചാത്തലമുള്ളവയാണ്. കേന്ദ്രകഥാപാത്രമായ അമറിന്റെ പേരിന് പിന്നിലൊരു കഥയുണ്ട്. മുകേഷ് എന്നായിരുന്നു കഥാപാത്രത്തിന്റെ ആദ്യത്തെ പേര്. പക്ഷേ അതൽപ്പം ഓൾഡ് ആയതു കൊണ്ട് മകന്റെ പേര് കടമെടുത്തോട്ടെ എന്ന് അവനോട് ചോദിച്ചു. പക്ഷേ അവന് സമ്മതമായിരുന്നില്ല. ആവശ്യവുമായി ഞാൻ പിന്നാലെ കൂടിയതു കൊണ്ടോ എന്തോ പിന്നീട് അവൻ സമ്മതിച്ചു."" പക്ഷേ ബട്ടർഫിംഗേഴ്സിലെ അമറിൽ നിന്ന് വളരെ വ്യത്യസ്തനായ പതുങ്ങിയ സ്വഭാവക്കാരനാണ് തന്റെ മകനായ അമറെന്ന് ഖൈറുന്നിസ പറയുന്നു.
മഹാകവിയുടെ കൊച്ചുമരുമകൾ
മഹാകവി കുമാരനാശന്റെ ചെറുമകന്റെ ഭാര്യ എന്നൊരു മഹനീയ സ്ഥാനം കൂടിയുണ്ട് ആൾ സെയിന്റ്സ് കോളേജിൽ അദ്ധ്യാപികയായിരുന്ന ഖൈറുന്നിസയ്ക്ക്. കുമാരനാശാന്റെ രണ്ടാമത്തെ മകനായ കെ. പ്രഭാകരന്റെ മകൻ പി.വിജയകുമാറാണ് ഖൈറുന്നിസയുടെ ജീവിതപങ്കാളി. വിജയകുമാർ തിരുവനന്തപുരം ഗവൺമെന്റ് വിമൻസ് കോളേജിൽ നിന്ന് ഇംഗ്ളീഷ് വിഭാഗം തലവനായി റിട്ടയർ ചെയ്തു. ഏക മകനായ അമർ അമേരിക്കയിലെ ഡാലസിൽ എൻജിനീയറാണ്. മരുമകൾ അർപ്പിത ന്യൂജേഴ്സിയിൽ എൻജിനീയർ. തിരുവനന്തപുരം പാറ്റൂരിലാണ് ഖൈറുന്നിസ താമസിക്കുന്നത്.
(ലേഖികയുടെ ഫോൺ : 9946100432)