ആമുഖങ്ങൾ ആവശ്യമില്ലാത്ത യാത്രയെഴുത്തുകളാണ് എൻ. സതീശന്റേത്. അതിഭാവുകത്വങ്ങളോ അലങ്കാരങ്ങളോ ഒന്നുമില്ലാതെ ദേശങ്ങളെയും ജീവിതങ്ങളേയും എൻ. സതീശൻ വിവരിക്കുന്നു. അദ്ദേഹത്തിന്റെ പുതിയ പുസ്തകമായ 'സൈലന്റ് ഹിസ്റ്ററി" എന്ന യാത്രാവിവരണം അടക്കി വയ്ക്കാനാവാത്ത അതിശയോക്തിയാണ് സമ്മാനിച്ചത്. നഗരങ്ങളിലെ നിറം തേച്ച കാഴ്ചകൾക്കും ചമഞ്ഞ് നിൽക്കുന്ന ജീവിതങ്ങൾക്കും അപ്പുറത്തെ ഒരിന്ത്യയുടെ ഉള്ളറകളെ കണ്ടെത്തുന്നു എന്നതാണ് ഈ പുസ്തകത്തിന്റെ ഹൃദ്യാനുഭവം. കാഴ്ചയുടെ രസം മാത്രമല്ല പച്ചയായ ജീവിതവും കൂടിയാണ് എഴുത്തുകാരൻ എത്തിച്ചേരുന്നിടത്തെല്ലാം അന്വേഷിക്കുന്നത്.
ഇങ്ങനെ എത്തിപ്പെടുന്ന ഗോവയിലെയും കർണാടകയിലെയും മഹാരാഷ്ട്രയിലെയും ആന്ധ്രയിലെയും നേർക്കാഴ്ചകൾ നമ്മെ അതിശയിപ്പിക്കുക മാത്രമല്ല ചിലപ്പോൾ അലോസരപ്പെടുത്തുകയും ചെയ്യും. ആഘോഷങ്ങളുടെ പൊലിമയും ദാരിദ്ര്യത്തിന്റെ ദൈന്യതയും കാഴ്ചകൾക്ക് പിന്നിലെ ചരിത്രവും രാഷ്ട്രീയവും നിറഞ്ഞതാണിതിലെ താളുകൾ. അടുത്ത് എത്തിയിട്ടും എത്തി നോക്കാൻ കഴിയാത്ത ഒരുപാട് ഉള്ളറകൾ ഈ കാഴ്ചകൾക്ക് ഉണ്ടെന്ന് എഴുത്തുകാരൻ സാക്ഷ്യപ്പെടുത്തുന്നു കൃത്രിമത്വങ്ങൾ കലരാത്ത വിവരണങ്ങളിലൂടെ ഇതും ഇന്ത്യയാണ് എന്ന തിരിച്ചറിവ് സമ്മാനിക്കുന്നു ഈ പുസ്തകം.
ടൂറിസ്റ്റുകൾ ചെന്നെത്തുന്ന സ്ഥലങ്ങളെ ഭൂമിശാസ്ത്രപരമായി മാത്രം മനസിലാക്കുമ്പോൾ യഥാർത്ഥ യാത്രികർ അവയ്ക്കപ്പുറം സംസ്കാരങ്ങളെ തന്നെ അനുഭവിക്കുകയാണ് ചെയ്യുന്നത്. മെട്രോ നഗരങ്ങൾക്കപ്പുറവും ഒരു ഇന്ത്യയുണ്ടെന്ന് അറിയിക്കുന്നതും അവിടങ്ങളിലെ ജീവിതവും കാഴ്ചകളും ഒപ്പിയെടുക്കുന്നതും തന്നെയാണ് സതീശന്റെ കുറിപ്പുകൾ എന്നാണെനിക്ക് തോന്നുന്നത്. ഇന്ത്യയുടെ വൈവിധ്യങ്ങളെ ഇത്ര മനോഹരമായി അനാവരണം ചെയ്യുകയും ചരിത്രത്തിലേക്ക് നമ്മെ കൈപിടിച്ച് തിരിച്ചു നടത്തിക്കുകയും ചെയ്യുന്ന ഒരു യാത്രാപുസ്തകം എന്ന നിലയിൽ 'സൈലന്റ് ഹിസ്റ്ററി" മലയാള യാത്രാവിവരണശാഖയ്ക്ക് ഒരു മുതൽക്കൂട്ടാണെന്ന കാര്യത്തിൽ സംശയമില്ല.
പ്രസാധകർ: സാകേതം
പബ്ളിക്കേഷൻസ്, ₹100