കല്ലിൽ കവിത കൊത്തുന്ന ശില്പി. കാനായി കുഞ്ഞിരാമൻ എന്ന പ്രതിഭ വ്യത്യസ്തനാവുന്നത് ഇങ്ങനെയാണ്. കവിത പോലെ മനോഹരമാണ് അദ്ദേഹത്തിന്റെ ഓരോ ശില്പങ്ങളും. വയസ് എൺപത്തിരണ്ട് കഴിഞ്ഞെങ്കിലും ശില്പ കലയിൽ ആ ചുറുചുറുക്ക് വിട്ടു പോയിട്ടില്ല. മനുഷ്യന്റെ ജന്മഭാഷ ചിത്രകലയാണെന്നും മണ്ണിൽ കളിച്ചും രൂപങ്ങളുണ്ടാക്കിയും വേണം അവൻ വളരാനെന്നുമാണ് കാനായി പറയുന്നത്. മലയാളികളുടെ മനസിൽ ഇന്ന് കാനായി എന്ന കലാകാരന് ഉയരങ്ങളിലാണ് സ്ഥാനം. പക്ഷേ ചരിത്രം പരിശോധിച്ചാൽ അംഗീകാരങ്ങളും വിമർശനങ്ങളും തുല്യമായിരുന്നു അദ്ദേഹത്തിന്റെ ജീവിതത്തിലെന്ന് മനസിലാകും. ഒരു കലാകാരനെ സംബന്ധിച്ച് അതാണ് വേണ്ടതെന്ന അഭിപ്രായവും കാനായി പങ്കുവയ്ക്കുന്നുണ്ട്.
യക്ഷി പിറക്കുന്നു
ഇന്നും കാനായി എന്ന പേരിനൊപ്പം മലയാളികളുടെ മനസിലേക്ക് ആദ്യം വരിക മലമ്പുഴയിലെ യക്ഷിയാണ്. അദ്ദേഹത്തിന്റെ മനസിൽ ഇപ്പോഴും നിറഞ്ഞു നിൽക്കുന്ന ഓർമ്മ ആ യക്ഷിയുടെ രൂപകല്പനയാണ്. മലമ്പുഴ ഉദ്യാനത്തിൽ ശില്പമുണ്ടാക്കണം എന്ന മോഹം മൊട്ടിട്ടപ്പോൾ മനസിലേക്ക് ആദ്യം ഓടിയെത്തിയത് 'പാലക്കാട്ടി"ലെ പാലയും കാടുമായിരുന്നുവെന്ന് കാനായി പറയുന്നു. കാലുകൾ നീട്ടി, മാറിടം ഉയർത്തി, അർദ്ധമയക്കത്തിൽ ആകാശത്തേക്ക് കണ്ണ് ഉയർത്തി മുടിയിഴകളിൽ വിരലോടിക്കുന്ന യക്ഷിരൂപത്തിന് അംഗീകാരങ്ങളേക്കാൾ ഏറെ കിട്ടിയത് വിമർശനങ്ങളായിരുന്നു. അവളുടെ രൂപവും കാഴ്ചയും പലരിലും അസ്വസ്ഥതയുണർത്തി. പല പ്രതിസന്ധികളും പലയിടങ്ങളിൽ നിന്നായി ഉയർന്നു. പക്ഷേ വരാൻ പോകുന്ന എല്ലാ പ്രശ്നങ്ങളുടെയും ഉത്തരവാദിത്തം സ്വയമേറ്റെടുത്ത് സ്വപ്നം കണ്ട ശില്പം അദ്ദേഹം പൂർത്തിയാക്കുക തന്നെ ചെയ്തു. വർഷങ്ങൾക്കിപ്പുറം തലസ്ഥാനനഗരിയിൽ ചിപ്പിക്കുള്ളിൽ നിന്നും സാഗരകന്യക പുറന്തോട് പൊട്ടിച്ച് കടൽത്തീരത്ത് തിരശ്ചീന തലത്തിൽ വിശ്രമിക്കാനൊരുങ്ങിയപ്പോൾ പലരും കണ്ണ് പൊത്തി. പ്രതിസന്ധികൾ പിന്നെയും നേരിടേണ്ടി വന്നു. ഒടുവിൽ അന്നത്തെ കളക്ടർ നളിനി നെറ്റോയോട് ശില്പം പൂർത്തിയാക്കാനുള്ള സൗകര്യങ്ങൾ നൽകാൻ നിർദ്ദേശിച്ചത് മുഖ്യമന്ത്രി കരുണാകരനായിരുന്നുവെന്നത് ചരിത്രം. അങ്ങനെ ഒട്ടുമിക്ക ശില്പങ്ങൾക്കൊപ്പവും തടസങ്ങളും കൂട്ടിനുണ്ടായിരുന്നു.
ചുവരെഴുത്തിൽ തുടങ്ങിയ കല
കാസർകോടുള്ള ചെറുവത്തൂർ ഗ്രാമത്തിലെ കുട്ടമത്ത് രാമന്റെയും മാധവിയുടെയും മൂത്തപുത്രനായിട്ടായിരുന്നു ജനനം. കുട്ടിക്കാലത്ത് ചുവരിലെഴുതിയ ചിത്രങ്ങൾക്ക് ഒരേസമയം അച്ഛന്റെ കോപവും അമ്മയുടെ വാത്സല്യവും ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ടെന്ന് അദ്ദേഹം ഓർക്കുന്നു. ദേഷ്യക്കാരനായ അച്ഛനോട് പൊരുത്തപ്പെടാനാവാതെ അമ്മ സ്വന്തം വീട്ടിലേക്ക് മടങ്ങി. മകനെ കാണാനുള്ള അവകാശവും നിഷേധിക്കപ്പെട്ടു. അച്ഛന്റെ രണ്ടാം വിവാഹത്തോടെ ബാല്യകാലം ദുരിതപൂർണമായി. അപ്പോഴെല്ലാം സ്വയം സന്തോഷം കണ്ടെത്തിയിരുന്നത് മണ്ണിലും കല്ലിലും ശില്പങ്ങൾ കൊത്തിവരഞ്ഞായിരുന്നു.
നീലേശ്വരം രാജാസ്കൂളിലെ പഠനകാലത്ത് ചിത്രകലാദ്ധ്യാപകനായ കൃഷ്ണക്കുട്ടൻ മാഷാണ് കാനായിയിലെ കലാകാരനെ കണ്ടറിഞ്ഞ് പ്രോത്സാഹിപ്പിച്ചത്. അമ്മാവനായ കുഞ്ഞപ്പു മാഷും പിന്തുണയേകി. സംഗീതത്തിലും ചിത്രകലയിലും സമ്മാനങ്ങൾ നേടി. പിന്നീട് കലയും വായനയും കൂടെ കൂടി. പിൽക്കാലത്ത് 'കാനായി കവിതകൾ" എന്ന കവിതാ സമാഹാരം പ്രസിദ്ധീകരിച്ചു. മറ്റൊരു പുസ്തകത്തിന്റെ പണിപ്പുരയിലാണിപ്പോൾ. മദ്രാസിലെ സ്കൂൾ ഒഫ് ആർട്സിൽ ശില്പകല ഐച്ഛികവിഷയമായെടുത്തതാണ് ജീവിതത്തിൽ വഴിത്തിരിവായത്. ചിത്രകാരനായ റോയി ചൗധരിയായിരുന്നു പ്രിൻസിപ്പൽ. കെ.സി.എസ് പണിക്കർ കരുത്തും തണലും പകർന്നു. പ്രൊഫ. എസ്. ധനപാൽ ശില്പകലയിലെ ഗുരുവായിരുന്നു. ചെമ്പ് തകിടിൽ മാതൃസങ്കല്പശില്പം ചെയ്ത് പഠനസമയത്ത് തന്നെ തകരശില്പനിർമ്മാണരംഗത്തെ തുടക്കക്കാരനായി. ഒന്നാം ക്ലാസോടെ വിജയം വരിച്ചതിനുശേഷം മദ്രാസിലെത്തി രാജാ വനിതാ കോളേജിൽ അദ്ധ്യാപകനായി സേവനമനുഷ്ഠിച്ചു. അത് കഴിഞ്ഞ് 1961ൽ ദേശീയ സ്കോളർഷിപ്പോടെ പഠനം തുടർന്നു. പിന്നീട് കോമൺ വെൽത്ത് സ്കോളർഷിപ്പോടെ 1965ൽ ലണ്ടൻ യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള ആഗോള പ്രശസ്തമായ സ്ളേഡ് സ്കൂൾ ഒഫ് ആർട്സിൽ ചേർന്നു. വെൽഡിംഗ് ശില്പനിർമ്മിതി അഭ്യസിച്ചത് ഇവിടെ വച്ചാണ്.
''പുരുഷന്റെയും സ്ത്രീയുടെയും ശരീരശാസ്ത്രം പഠിക്കുകയെന്നത് ശില്പകലയുടെ പാഠ്യഭാഗമാണ്. സ്ത്രൈണത ലൈംഗികത ഉണർത്തും, ഇത് അശ്ലീലമല്ല. സന്താനോത്പാദനത്തിന് വേണ്ടിയുള്ള പ്രകൃതി നിയമമാണ്."" കാനായി പറയുന്നു. തന്റെ ശില്പങ്ങളിലൊന്നും അശ്ലീലത കാണേണ്ടതില്ലെന്ന് കൂടി അദ്ദേഹം ഓർമ്മിപ്പിക്കുന്നു.
ശില്പങ്ങൾ കഥ പറയുമ്പോൾ
കാസർകോട് മുതൽ തിരുവനന്തപുരം വരെയുള്ള കാനായി ശില്പഗാഥയിൽ എടുത്തു പറയേണ്ട ഒന്നാണ് എറണാകുളത്തുള്ള മുക്കോല പെരുമാൾ. ഈ ശില്പം ഭാവി ഭൂത വർത്തമാന കാലങ്ങളായ മൂന്ന് കോലങ്ങൾ ഒരേ വേദിയിൽ ഒന്നിച്ചിരുന്നു വിധി പറയുന്നു. കിഴക്ക് പടിഞ്ഞാറൻ ശൈലികളിലൂടെ ആധുനികത കൈവന്ന ആദ്യത്തെ ഇൻസ്റ്റലേഷനാണത്. കലയ്ക്ക് നിർവചനമില്ല. വ്യാഖ്യാനമേയുള്ളൂ എന്ന തത്വവും ഇതിലൂടെ അർത്ഥപൂർണമാകുന്നു. കൊല്ലം കാർത്തിക ഹോട്ടലിന് മുന്നിലുള്ള ദ്വാരപാലകശില്പം രണ്ട് നഗ്നസ്ത്രീകൾക്കിടയിൽ നഗ്നനായി കുളിക്കുന്ന പുരുഷസങ്കല്പവും ചേർന്നതാണ്. ഗ്രാമീണതയുടെ നിഷ്കളങ്കതയിൽ ഒരുമിച്ച് കുളിക്കടവുകൾ പങ്കിടുന്ന സ്ത്രീപുരുഷന്മാരുടെ വിശുദ്ധിയാണിതിൽ പ്രതിഫലിക്കുന്നത്.
കോട്ടയത്ത് പബ്ലിക് ലൈബ്രറിക്ക് വേണ്ടി നിർമ്മിച്ച അക്ഷരശില്പം ലിപിചരിത്രത്തിന്റെ ആകെ തുകയാണ്. മോഹൻജദാരോയിൽ തുടങ്ങി വട്ടെഴുത്തിലും കോലെഴുത്തിലും എഴുതി കമ്പ്യൂട്ടർ ഭാഷയിലെത്തി നിൽക്കുന്നു ഈ ശില്പം. വിനോദസഞ്ചാരം കലയിലൂടെ പ്രോത്സാഹിപ്പിച്ച കലാകാരനും കാനായിയാണ്. ഏത് കലയും കലയാകുന്നത് സമൂഹത്തിന് പുത്തൻ ഉണർവേകുമ്പോഴാണ്. ഉല്ലാസപ്രദമായി സമയം ചെലവഴിക്കാൻ വേളി കടൽപ്പുറത്തെത്തുമ്പോൾ കാനായി നിർമ്മിച്ച വലിയശംഖിൽ മുഴങ്ങുന്നത് ഈ സന്ദേശത്തിന്റെ ഒലികളായിരുന്നു. 1985ൽ ലാൻഡ് സ്കേപ് ചെയ്ത് പ്രകൃതിയുമായി കെട്ടുപിണഞ്ഞ് ശോഭിച്ചിരുന്ന തന്റെ ചോരയും നീരുമായ ശില്പങ്ങളിൽ പലതും ഇന്ന് ഇത് നാശത്തിന്റെ വക്കിലാണ്. കലാമൂല്യത്തെയും കലാകാരനെയും അവഗണിക്കുന്ന ഈ കാഴ്ച ഹൃദയത്തിന് താങ്ങാവുന്നതിനുമപ്പുറമാണെന്നും കാനായി വേദനയോടെ പറയുന്നു.
സ്വപ്നങ്ങൾ ഇനിയും ബാക്കി
ലളിതമായ ജീവിതശൈലിയാണ് കാനായി ഇന്നും പിന്തുടരുന്നത്. കുട്ടിക്കാലത്ത് ഗോവിന്ദൻ മാഷ് പഠിപ്പിച്ച ബുദ്ധചരിതത്തിലൂടെ ബുദ്ധനിൽ ആകൃഷ്ടനായി. ഇനിയും പൂവണിയാത്ത സ്വപ്നമായി അവശേഷിക്കുന്നത് ശ്രീബുദ്ധന്റെ കൂറ്റൻ ശില്പമാണ്. ധാരാളം പ്രമുഖരുടെ വെങ്കല ശില്പങ്ങളും നിർമ്മിച്ചിട്ടുണ്ട്. നേതാജി സുഭാഷ് ചന്ദ്രബോസ്, ശ്രീനാരായണഗുരു, വിക്രം സാരാഭായ്, സതീഷ് ധവാൻ, പട്ടം താണുപിള്ള, ഹനുമന്തയ്യ, ശ്രീചിത്തിര തിരുനാൾ, മന്നത്ത് പത്മനാഭൻ, മാമ്മൻ മാപ്പിള, രവീന്ദ്രനാഥ ടാഗോർ, ഇ.എം.എസ് തുടങ്ങി പല പ്രമുഖരും കാനായി ശില്പങ്ങളിലൂടെ ചൈതന്യം പകരുന്നു. കാലത്തെ അതിജീവിക്കുന്നവയാണ് ശില്പങ്ങൾ. എന്നാൽ, അവയുടെ ആയുസ് വർദ്ധിപ്പിക്കാനും ഒരുപാട് കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. ത്രിമാനരൂപത്തിൽ കല്ല്, മണ്ണ്, മരം, ലോഹം, പ്ലാസ്റ്റിക്, സിമന്റ് തുടങ്ങിയവയൊക്കെ നിർമ്മാണ വസ്തുക്കളാകാം. സവിശേഷവസ്തുക്കൾ ശ്രദ്ധയോടെ തിരഞ്ഞെടുക്കുന്നതും യഥാസമയങ്ങളിലുള്ള അറ്റകുറ്റപ്പണികളിലൂടെയുമാണ് ശില്പങ്ങളുടെ ആയുർദൈർഘ്യം കൂട്ടുന്നത്. പുതിയ തലമുറയോട് അദ്ദേഹത്തിന് നൽകാനുള്ള ഉപദേശവും ഇതാണ്.
കലയുടെ നവോത്ഥാനത്തിന്റെ കാലഘട്ടമാണ് കാനായി കേരളത്തിൽ സൃഷ്ടിച്ചത്. 1975ൽ ഫൈൻ ആർട്സ് കോളേജിൽ ശില്പകലാ വിഭാഗം പ്രൊഫസറായി ടൈം ടേബിളും സിലബസുമൊന്നുമില്ലാതെ കടന്നുചെന്നപ്പോൾ വിവാദങ്ങളും വിമർശനങ്ങളുമുയർന്നു. 1978ൽ ലളിതകലാ അക്കാഡമി ചെയർമാനായി. അക്കാലത്ത് എല്ലാ ഗ്രാമങ്ങളിലും കാമ്പുകളും എക്സിബിഷനും സംഘടിപ്പിച്ചു. ആർട്ട് ഗാലറിയും നിർമ്മിച്ചു. കല, കേന്ദ്രീകൃതമാകാതെ ജില്ലാടിസ്ഥാനത്തിൽ തെക്കു മുതൽ വടക്ക് വരെ ഒരേ വിതാനത്തിൽ വിന്യസിച്ചപ്പോൾ പ്രശ്നങ്ങളും നിരവധിയുണ്ടായി. ഒടുവിൽ അക്കാഡമി അടച്ചുപൂട്ടേണ്ടിയും വന്നു. 2005-ലെ കേരളസർക്കാരിന്റെ പരമോന്നത ബഹുമതിയായ രാജാരവിവർമ്മ പുരസ്കാരം കാനായിക്കായിരുന്നു ലഭിച്ചത്. അതിൽ മറ്റൊരു കൗതുകം കൂടി ഒളിഞ്ഞിരിപ്പുണ്ട്. സ്വന്തമായി രൂപകല്പന ചെയ്ത ശില്പം ഏറ്റുവാങ്ങാനുള്ള അപൂർവഭാഗ്യവുമുണ്ടായി. കേരളസർക്കാരിന്റെ എല്ലാ പ്രധാനപ്പെട്ട അവാർഡുകളുടെയും രൂപകല്പന കാനായിയുടെ സംഭാവനയാണ്.
''ലോകത്ത് സ്വർഗം പണിയുന്നത് കലയുള്ള വീടുകളാണ്. മുറ്റമലങ്കരിക്കാനൊരു ശില്പവും അകത്തളത്തിലൊരു ചിത്രവും വേണം. കലഹമില്ലാത്തതാവണം കുടുംബം."" കാനായി പറഞ്ഞവസാനിപ്പിക്കുമ്പോൾ മനസിനെ ഇന്നും വേദനിപ്പിക്കുന്ന ഒരു ദുഃഖം കൂടി പങ്കുവച്ചു. കുട്ടികൾ എന്നും ദൗർബല്യമാണ്. മക്കളുണ്ടായിരുന്നെങ്കിൽ ഒരുപക്ഷേ ഇതാകുമായിരുന്നില്ല ജീവിതം. എങ്കിലും സന്തോഷവാനാണ്. കൂട്ടായി ഭാര്യ നളിനി സദാ അദ്ദേഹത്തിനൊപ്പമുണ്ട്.
(ലേഖികയുടെ ഫോൺ:9446570573)