പരദൂഷണം ചന്ദ്രന് ഇഷ്ടമല്ല. അതു പറയുന്നത് കേട്ടുനിൽക്കാറില്ല, പറയാറുമില്ല... ആ സ്വഭാവം ഇല്ലാത്തതുകൊണ്ട് ജീവിതത്തിലുണ്ടായ നഷ്ടങ്ങളെക്കുറിച്ച് ചിലപ്പോഴൊക്കെ അയാൾ സുഹൃത്തുക്കളോട് പറയാറുണ്ട്. പരദൂഷണത്തിന് സ്വന്തമായി നിർവചനവും ചമച്ചിട്ടുണ്ട് അയാൾ. ലോകജനസംഖ്യയിൽ നല്ലൊരു വിഭാഗം പരദൂഷണം ആസ്വദിച്ചുകഴിയുന്നവരാണ്. ഭക്ഷണം കിട്ടിയില്ലെങ്കിലും ചിലർ സഹിക്കും. പക്ഷേ മൂന്നുനേരം പരദൂഷണം പറയുമ്പോൾ ചിലർക്ക് കിട്ടുന്ന സംതൃപ്തി വർണനാതീതമാണ്.
മനുഷ്യരിൽ നല്ലൊരു വിഭാഗത്തിന്റെയും മനസ് നെഗറ്റീവ് പോയിന്റിൽ ചെന്നു നിൽക്കും. വടക്കുനോക്കിയന്ത്രത്തിലെ സൂചി വടക്കോട്ട് നോക്കുന്നപോലെ. പോസ്റ്റുമാനായി റിട്ടയർ ചെയ്ത ചന്ദ്രന് കുറേ സുഹൃത്തുക്കളുണ്ട്. നാട്ടിൻപുറത്തെ റോഡരികിലുള്ള ക്ഷേത്രമുറ്റത്തെ ബസ് സ്റ്റോപ്പാണ് താവളം. അത്താഴപൂജ കഴിഞ്ഞ് നട അടച്ചശേഷമേ സദസ് പിരിയാറുള്ളൂ. കോടതി ബഞ്ച് എന്നാണ് നാട്ടുകാർ ഈ ഒത്തുകൂടലിനെ വിശേഷിപ്പിക്കാറ്. നാട്ടിലെ സിവിലും ക്രിമിനലുമായ മിക്കവാറും കേസുകൾ ബഞ്ചിന് മുന്നിൽ വരും. വിചാരണയും വിസ്താരവും നടക്കും. ക്ഷേത്രത്തിൽ തൊഴുത് കുറിയുമിട്ട ശേഷമാണ് പലരും വന്ന് ബഞ്ചിലിരിക്കുക. യുക്തിവാദികളായ ചിലർ അവിടെയിരുന്നുകൊണ്ടു തന്നെ വിശ്വാസത്തെയും കമ്മിറ്റിക്കാരെയും വിമർശിക്കും. അതു കോടതിയലക്ഷ്യമാകുമെന്നു ചില വിശ്വാസികൾ ചൂണ്ടിക്കാട്ടും. കോടതി പിരിയും വരെ ഒരു ദൃക്സാക്ഷി മാത്രമായിരിക്കും ചന്ദ്രൻ. പരദൂഷണത്തിൽ ഡോക്ടറേറ്റ് എടുത്തവരെയും ഗവേഷണം നടത്തുന്നവരെയും ചന്ദ്രന് പുച്ഛമാണ്.
ഒരിക്കൽ രണ്ടു സുഹൃത്തുക്കൾ രാജ്യാതിർത്തിയിലെ സംഘർഷത്തെപ്പറ്റി പൊരിഞ്ഞ വാക്കുതർക്കം. ചന്ദ്രൻ എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് അന്ന് അദ്ധ്യക്ഷപദം ഏറ്റു. നാട്ടിലെ ഒരു സുന്ദരിയായ സ്ത്രീയെപ്പറ്റിയാണ് സംസാരിച്ചുതുടങ്ങിയത്. കൂടിയവരെല്ലാം ചെവിവട്ടം പിടിച്ചിരുന്നു. നല്ലസ്ത്രീയാണ്. ഭക്തയാണ്. കുടുംബിനിയാണ്. തിളയ്ക്കുന്ന യൗവനം. നിശബ്ദകാമുകന്മാർ നിരവധി. ചന്ദ്രൻ കത്തിക്കയറുകയാണ്. സദ് ഗുണവർണന നീണ്ടപ്പോൾ ചിലർക്ക് മടുത്തു. ചിലർ കോട്ടുവായിട്ടു. പലരും മറ്റു വിഷയങ്ങളിലേക്ക് കടക്കാൻ ഭാവിച്ചപ്പോൾ ചന്ദ്രൻ അമിട്ടുപൊട്ടിക്കുംപോലെ പറഞ്ഞു. ഇതുവരെ പറഞ്ഞതെല്ലാം പകൽസമയത്തെ സ്വഭാവം. നേരമിരുട്ടിയാൽ ഇങ്ങനെയൊന്നുമല്ല. കേൾവിക്കാർ വീണ്ടും ഹരം കൊണ്ടു. കഥാശേഷമറിയാൻ പലർക്കും ജിജ്ഞാസ അവരുടെ ചെവിയും കണ്ണുകളും ആകാംക്ഷയിൽ മുങ്ങിയപ്പോൾ ചന്ദ്രൻ പറഞ്ഞു. ഇതാണ് മനുഷ്യമനസ്. നിങ്ങളെ അത് ബോദ്ധ്യപ്പെടുത്താനാണ് ഈ നുണ വിളമ്പിയത്.. എല്ലാവരും നാണിച്ച് തലതാഴ്ത്തിയിരിക്കെ ചന്ദ്രൻ മണിമണിയായി ചിരിച്ചു. അപ്പോൾ കോവിലിൽ ദീപാരാധനയ്ക്കുള്ള മണി മുഴങ്ങി.
(ഫോൺ: 9946108220)