കോഴിക്കോട്: കൂടത്തായി കൊലപാതകക്കേസിൽ മുഖ്യപ്രതിയായ ജോളി തന്നെ കഠിനമായി ഉപദ്രവിച്ചിരുന്നെന്ന് ഷാജുവിന്റെയും സിലിയുടെയും മകൻ പറഞ്ഞു. തനിക്ക് എല്ലാ കാര്യങ്ങളിൽ നിന്നും രണ്ടാനമ്മയിൽ നിന്ന് തരംതിരിവുണ്ടായെന്നും കൂടത്തായി വീട്ടിൽ അപരിചിതനെപ്പോലെയാണ് താൻ ജീവിച്ചിരുന്നതെന്നും കുട്ടി പൊലീസിന് മൊഴി നൽകി. കഴിഞ്ഞ ദിവസമാണ് പത്താംക്ലാസ് വിദ്യാർത്ഥിയായ കുട്ടിയിൽ നിന്നും അന്വേഷണ സംഘം മൊഴിയെടുത്തത്.
ജോളിയുടെ സുഹൃത്ത് ജയശ്രീ വാര്യരുടെ മകളെ രണ്ടുതവണ കൊല്ലാൻ ശ്രമിച്ചിരുന്നതായി ജോളി കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. ചോദ്യം ചെയ്യലിനിടെ അന്വേഷണസംഘത്തോടാണ് ജോളി ഇക്കാര്യം വെളിപ്പെടുത്തിയത്. ജയശ്രീയുടെ കുഞ്ഞിനെ ജോളി കൊല്ലാൻ ശ്രമിച്ചിരുന്നതായി നേരത്തെതന്നെ വിവരം ലഭിച്ചിരുന്നുവെങ്കിലും രണ്ടുതവണ ശ്രമിച്ചെന്ന വെളിപ്പെടുത്തൽ ഇപ്പോഴാണുണ്ടായത്. കൂടത്തായിയിൽ വാടകയ്ക്ക് താമസിക്കുമ്പോഴായിരുന്നു രണ്ടുശ്രമങ്ങളും നടന്നത്.
അതേസമയം, ജോളി റിയൽ എസ്റ്റേറ്റിനെന്ന പേരിൽ പലരിൽ നിന്നായി ലക്ഷങ്ങൾ തട്ടിയെന്നും അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു. പണം നൽകിയ തിരുവമ്പാടിയിലെ വ്യാപാരി കിടപ്പാടം വരെ വിറ്റ് ഒരുകോടിയിലധികം രൂപ നൽകിയാണ് ബാധ്യത തീർത്തതെന്നും പൊലീസ് വ്യക്തമാക്കി. ജോളിയുടെയുടെയും ബന്ധുക്കളുടെയും മൊഴിക്കൊപ്പം സുഹൃത്തുക്കളിൽ നിന്നുള്ള വിവരങ്ങളും ലക്ഷങ്ങളുടെ ഇടപാട് നടന്നുവെന്നു തെളിയിക്കുന്നതാണ്.