lovers

ഗുവാഹട്ടി: കാമുകിയെ കാണാനെത്തിയ പതിനേഴ് വയസുകാരനായ കാമുകൻ പെൺകുട്ടിയുടെ ബന്ധുക്കളുടെ മർദ്ദനത്തിൽ കൊല്ലപ്പെട്ടു. ത്രിപുരയിലെ ഗോമതി സ്വദേശിയായ റിപൻ സർക്കാറാണ് കൊല്ലപ്പെട്ടത്. കാമുകിയെ കാണാനെത്തിയ റിപനെ ബന്ധുക്കൾ വീടിനകത്ത് നിന്ന് പിടികൂടുകയും ക്രൂരമായി മർദ്ദിക്കുകയുമായിരുന്നു.

സംഭവമറിഞ്ഞ റിപന്റെ അമ്മാവൻ പ്രഫുല്ല സ്ഥലത്തെത്തിയെങ്കിലും ഇദ്ദേഹത്തെ തടഞ്ഞ് നിർത്തി,​ മർദ്ദനം തുടർന്നു. പൊലീസെത്തിയതോടെ പ്രതികൾ ഓടി രക്ഷപ്പെടുകയായിരുന്നു. റിപനെ ഉടൻതന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

പെൺകുട്ടിയെ ഫോണിൽ വിളിച്ചതിന്റ പേരിൽ റിപൻ മുമ്പും ബന്ധുക്കളുടെ മർദ്ദനത്തിന് ഇരയായിട്ടുണ്ട്. റിപന്റെ മാതാപിതാക്കൾ ബംഗ്ലാദേശിലാണ് ജോലിചെയ്യുന്നത്. അതിനാൽത്തന്നെ പ്രഫുല്ലയ്ക്കൊപ്പമാണ് ഇയാൾ താമസിച്ചിരുന്നത്. പ്രതികൾക്കായി തിരച്ചിൽ ഊർജ്ജിതമാക്കിയിരിക്കുകയാണ് പൊലീസ്.