സംവിധായകനും എഴുത്തുകാരനും സെലിബ്രിറ്റി നിശ്ചല ഛായാഗ്രാഹകനുമൊക്കെയായ അനീഷ് ഉപാസന സോഷ്യൽ മീഡിയയിലും സജീവമാണ്. വ്യക്തി ജീവിതത്തിലും ഷൂട്ടിംഗ് ലൊക്കേഷനിലും സംഭവിക്കുന്ന രസകരമായ സംഭവങ്ങൾ അദ്ദേഹം സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്. അത്തരത്തിൽ പങ്കുവച്ച ഒരു പോസ്റ്റാണ് ഇപ്പോൾ സൈബർ ലോകത്ത് വൈറലായിക്കൊണ്ടിരിക്കുന്നത്.
താൻ കഴിച്ച ഭക്ഷണത്തിന്റെ ബില്ലാണ് അനീഷ് ഫേസ്ബുക്കിലൂടെ പങ്കുവച്ചിരിക്കുന്നത്. മൂന്ന് ബിരിയാണിക്ക് 1.50ലക്ഷം രൂപ. വെള്ളം ഉൾപ്പെടെയുള്ള പതിനൊന്ന് തരം ഭക്ഷണത്തിന് വെറും 4.32 ലക്ഷം ആണ് ബില്ല്. സോഷ്യൽ മീഡിയയിലൂടെ ബില്ല് കണ്ടവർ ആദ്യം ഒന്ന് അമ്പരന്നു. സൂക്ഷിച്ച് നോക്കിയപ്പോഴാണ് കാര്യം മനസിലായത്.
4.32 ലക്ഷം 'രൂപ'യല്ല ഭക്ഷണത്തിന്റെ വില. സൊമാലിയയിലെ ഹോട്ടലിൽ നിന്നാണ് ഭക്ഷണം കഴിച്ചത്. സൊമാലിലാന്റ് ഷില്ലിംഗ് ആണ് ഇവിടത്തെ കറൻസി. ഒരു ഷില്ലിംഗ് വെറും 12.2 പൈസയാണ്. അതായത് 4.32 ലക്ഷം എന്ന് പറഞ്ഞാൽ 53,000രൂപ മാത്രം.