ceasefire-violation

ശ്രീനഗർ: ജമ്മു കാശ്മീരിലെ കുപ്‌വാരയിൽ പാകിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിച്ചതിനെ തുടർന്ന് രണ്ട് ഇന്ത്യൻ സൈനികരും ഒരു പൗരനും കൊല്ലപ്പെട്ടു. കുപ്‍വാരയിലെ തൻഘാർ സെക്ടറിൽ പാകിസ്ഥാൻ സൈന്യം നടത്തിയ ആക്രമണത്തിൽ മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ആക്രമണത്തിൽ രണ്ടു വീടുകൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. കഴിഞ്ഞ ആഴ്ച ബാരാമുള്ള, രജൗരി, എന്നീ നിയന്ത്രണരേഖയിൽ പെട്ട പ്രദേശങ്ങളിൽ പാകിസ്ഥാൻ നടത്തിയ വെടിവയ്‌പ്പിലും രണ്ട് ഇന്ത്യൻ ജവാൻമാർ കൊലപ്പെട്ടിരുന്നു.

ആഗസ്റ്റിൽ കാശ്മീരിന് പ്രത്യേക അധികാരങ്ങൾ നൽകിയിരുന്ന ആർട്ടിക്കിൾ 370 എടുത്ത് കളയാനുള്ള കേന്ദ്ര സർക്കാരിന്റെ തീരുമാനം വന്നതിനു ശേഷമാണ് അതിർത്തി പ്രദേശങ്ങളിൽ പാകിസ്ഥാൻ തുടർച്ചയായി വെടിനിർത്തൽ കരാറുകൾ ലംഘിച്ചു തുടങ്ങിയത്. ജൂലൈ, ആഗസ്റ്റ്, സെപ്തംബർ എന്നീ മാസങ്ങളിലായി അതിർത്തി പ്രദേശങ്ങളിൽ 895 തവണ പാകിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിച്ചുവെന്നാണ് കണക്ക്.

61 തവണ പാകിസ്ഥാൻ പ്രഹരശേഷി കൂടിയ ആയുധങ്ങളാണ് ഇതിനായി ഉപയോഗിച്ചത്. ഈ വർഷം സെപ്തംബർ മാസം വരെ പ്രകോപനമില്ലാതെ 2050 തവണയാണ് പാകിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിച്ചത്. ഇതിൽ ആകെ 21 പേർ കൊല്ലപ്പെടുകയും ചെയ്തു. 2003ലെ വെടിനിർത്തൽ കരാർ പാലിക്കാൻ ഇന്ത്യ പലതവണ ആവശ്യപ്പെട്ടുവെങ്കിലും പാകിസ്ഥാൻ അതിന് തയാറായിട്ടില്ല.