facial-recognition

ന്യൂഡൽഹി: ലോകത്തിലെ ഏറ്റവും വലിയ 'ഫേസ് റെക്കഗ്നിഷൻ' സാങ്കേതിക വിദ്യ പുറത്തിറക്കാനൊരുങ്ങി ഇന്ത്യ. കുറ്റവാളി എന്ന് സംശയിക്കപ്പെടുന്ന ഒരാളെ അതിവേഗം തന്നെ ഈ സാങ്കേതിക വിദ്യയിലൂടെ തിരിച്ചറിയാൻ സാധിക്കുമെന്നാണ് മേന്മ. അന്താരാഷ്ട്ര മാദ്ധ്യമങ്ങൾക്കായുള്ള ഒരു പ്രഖ്യാപനത്തിലാണ് ഇന്ത്യ ഇക്കാര്യം വെളിപ്പെടുത്തിയത്. വിവരശേഖരണം, ഭീഷണി ഉയർത്തുന്ന കുറ്റവാളികളെ തിരിച്ചറിയൽ, അത് ഉറപ്പാക്കൽ, അത്തരം കാര്യങ്ങളിൽ കൃത്യമായ പരിശോധന നടത്തൽ എന്നിവയാണ് ഇന്ത്യയുടെ ഈ ആട്ടോമേറ്റഡ് ഫേഷ്യൽ റെക്കഗ്നിഷൻ സാങ്കേതിക വിദ്യയുടെ ലക്ഷ്യം.

പദ്ധതി യാഥാർഥ്യമാക്കുന്നതിനായി ലോകമാകെയുള്ള ഐ.ടി കമ്പനികളിൽ നിന്നും ഡൽഹിയിലെ നാഷണൽ ക്രൈം റെക്കോർഡ്‌സ് ബ്യൂറോ പ്രൊപ്പോസലുകൾ ക്ഷണിച്ചിട്ടുണ്ട്. 29 സംസ്ഥാനങ്ങളിലെയും ഏഴ് കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും നിയമപാലക സംവിധാനങ്ങൾക്ക് ഉപയോഗപ്പെടുത്താനാകുന്ന രീതിയിൽ കേന്ദ്രീകൃതമായ ഡേറ്റാബേസ് സംവിധാനത്തിന് രൂപം നൽകാനാണ് നാഷണൽ ക്രൈം റെക്കോർഡ്‌സ് ബ്യൂറോ ആലോചിക്കുന്നത്. ഈ പദ്ധതി വിശദമാക്കികൊണ്ട് 172 പേജുള്ള ഒരു രേഖയും നാഷണൽ ക്രൈം റെക്കോർഡ്‌സ് ബ്യൂറോ പുറത്തിറക്കിയിട്ടുണ്ട്.

രാജ്യത്തിലെ സി.സി.ടി.വി ക്യാമറകളിൽ ദൃശ്യങ്ങൾ ഉപയോഗപ്പെടുത്തി അത് ക്രിമിനലുകളുടെ വിവിധതരം ഫോട്ടോകളും വിവരങ്ങളുമായി ഒത്തുനോക്കുകയാണ് ഈ സംവിധാനം ചെയ്യുക. ഇതനുസരിച്ച് അവരെ കുറ്റവാളികളെന്ന് കണ്ടെത്തിയാൽ പിടികൂടുകയും ചെയ്യും. ഈ സാങ്കേതിക വിദ്യ അനുസരിച്ച് മികച്ച ഫലങ്ങൾ സൃഷ്ടിക്കാനാകുമെന്നാണ് നാഷണൽ ക്രൈം റെക്കോർഡ്‌സ് ബ്യൂറോ കണക്കുകൂട്ടുന്നത്. കുറ്റവാളികളെ മാത്രമല്ല. കാണാതായവരെയും മൃതദേഹങ്ങളെയും ഈ സാങ്കേതിക വിദ്യയ്ക്ക് തിരിച്ചറിയാൻ സാധിക്കും.

ഇതുകൂടാതെ, ഒരു കുറ്റവാളി കുറ്റം ചെയ്യുന്ന 'പാറ്റേൺ' അനുസരിച്ച് അയാളെ കുറ്റം ചെയ്യുന്നതിൽ നിന്നും തടയാനും ആട്ടോമേറ്റഡ് ഫേഷ്യൽ റെക്കഗ്നിഷൻ സാങ്കേതിക വിദ്യയ്ക്ക് സാധിക്കും. 2018ലെ സർവേ ഫലം അനുസരിച്ച് ഇന്ത്യയിൽ കുറ്റം ചെയ്യുന്നവരുടെ എണ്ണം വളരെ കൂടുതലാണ്. ഇന്ത്യയിൽ ഉത്തർ പ്രദേശ്, ഡൽഹി എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതൽ ക്രിമിനൽ പ്രവർത്തനങ്ങൾ ഉണ്ടാകുന്നത്. ഇന്ത്യയുടെ നഗര പ്രദേശങ്ങളിലാണ് കുറ്റവാളികൾ ഏറ്റവും കൂടുതലായി ഉള്ളത്.