റാഞ്ചി: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ടെസ്റ്റിൽ രോഹിത്ത് ശർമയ്ക്ക് ഇരട്ട സെഞ്ച്വറി. ടെസ്റ്റ് ക്രിക്കറ്റിലെ രോഹിത്തിന്റെ ആദ്യ ഇരട്ട സെഞ്ച്വറിയാണിത്. 250 പന്തിൽ 28 ഫോറും അഞ്ച് സിക്‌സും അടങ്ങുന്നതാണ് രോഹിത്തിന്റെ ഇന്നിംഗ്സ്. 212 റൺസെടുത്താണ് രോഹിത് പുറത്തായത്. ആദ്യദിനം തകർച്ചയിൽ നിന്നും കരകയറിയ ഇന്ത്യ രണ്ടാം ദിനത്തിൽ സ്കോർ കുതിച്ചുയർന്നു. രോഹിത് ശർമയ്ക്കു പിന്നാലെ ഇന്ത്യയ്ക്കുവേണ്ടി മദ്ധ്യനിര ബാറ്റ്‌സ്മാൻ അജങ്ക്യ രഹാനെയും സെഞ്ച്വറി തികച്ചു. 169 പന്തിൽ നിന്നുമായിരുന്നു രഹാനെയുടെ സെഞ്ച്വറി. സെഞ്ച്വറി തികച്ച രഹാനെ 115 റൺസിലാണ് വീണത്.
റാഞ്ചിയിൽ കരിയറിലെ 11ാം ടെസ്റ്റ് സെഞ്ച്വറിയാണ് രഹാനെ പൂർത്തിയാക്കിയത്. ഹോംഗ്രൗണ്ടിൽ മൂന്ന് വർഷങ്ങൾക്ക് ശേഷമാണ് രഹാനെ സെഞ്ച്വറി നേടുന്നത്. ഇന്നലെ 83 റൺസെടുത്ത് ക്രീസിലുണ്ടായിരുന്നു രഹാനെ. 169 പന്തിൽ 14 ഫോറും ഒരു സിക്‌സും അടങ്ങുന്നതാണ് രഹാനെയുടെ ഇന്നിംഗ്. ഒടുവിൽ വിവരം കിട്ടുമ്പോൾ ഒന്നാമിന്നിംഗ്സിൽ അഞ്ച് വിക്കറ്റിന് 383 റൺസ് എന്ന നിലയിലാണ് ഇന്ത്യ. രവീന്ദ്ര ജഡേജ (15), വൃദ്ധിമാൻ സാഹ (അഞ്ച്) എന്നിവരാണ് ക്രീസിൽ.
മായങ്ക് അഗർവാൾ (10), ചേതേശ്വർ പൂജാര (0), വിരാട് കൊഹ്‌ലി (12) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്. രോഹിത്തിന്റെ സെഞ്ച്വറി തന്നെയായിരുന്നു ആദ്യ ദിവസത്തെ പ്രത്യേകത. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യക്ക് 39 റൺസിനിടെ മൂന്ന് വിക്കറ്റുകൾ നഷ്ടമായിരുന്നു.