തിരുവനന്തപുരം: അനിഷേധ്യനായ ജനനായകൻ വി.എസ് അച്യുതാനന്ദന് ഇന്ന് 96 വയസ് തികഞ്ഞു. കവടിയാറിലുള്ള തന്റെ വസതിയിൽ പ്രവർത്തകർക്കും കുടുംബാംഗങ്ങൾക്കുമൊപ്പമുള്ള ലളിതമായ ചടങ്ങിലാണ് തന്റെ 96ാം ജന്മദിനം വി.എസ്. ആഘോഷിച്ചത്. ഭാര്യ വസുമതി മുറിച്ച് നൽകിയ പിറന്നാൾ കേക്ക് കഴിച്ച ശേഷം തനിക്ക് ആശംസകളുമായി എത്തിയവർക്ക് നേതാവ് തന്റെ നന്ദി അറിയിക്കുകയും ചെയ്തു. ജന്മദിന വേളയിൽ വി.എസിന് ആശംസകളുമായി നിരവധി പേർ അദ്ദേഹത്തെ കാണാനായി എത്തിയിരുന്നു. വട്ടിയൂർക്കാവിലെ എൽ.ഡി.എഫ് നിയമസഭാ സ്ഥാനാർത്ഥി വി.കെ പ്രശാന്തും ആശംസകൾ അർപ്പിക്കാനെത്തിയവരുടെ കൂട്ടത്തിൽ ഉണ്ടായിരുന്നു.
1946ലെ പുന്നപ്ര വയലാർ സമരത്തിലൂടെയാണ് വി.എസ് സജീവ രാഷ്ട്രീയത്തിലേക്ക് കാലെടുത്ത് വയ്ക്കുന്നത്. ഈ സമരത്തിൽ പൊലീസിന്റെ ക്രൂരമർദ്ദനവും ഏൽക്കേണ്ടി വന്നു വി.എസിന്. കേരളത്തിൽ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് ശക്തമായ അടിത്തറ സൃഷ്ടിച്ച വി.എസ് 1964ൽ പാർട്ടി പിളർന്നപ്പോൾ സി.പി.എമ്മിനൊപ്പം നിലകൊണ്ടു. സി.പി.എം സംസ്ഥാന സെക്രട്ടറി, മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, എൽ.ഡി.എഫ് കൺവീനർ എന്നീ പദവികളിലും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. ജനകീയ കമ്യൂണിസ്റ്റായ വി.എസ് നിലവിൽ ഭരണപരിഷ്കാര കമ്മീഷൻ ചെയർമാനാണ്.
1923 ഒക്ടോബർ 20നാണ് വേലിക്കകത്ത് ശങ്കരന്റെയും അക്കമ്മയുടെയും മകനായി വി.എസ് ജനിച്ചത്. 11ാം വയസ്സിൽ അച്ഛൻ മരിച്ചതോടെയാണ് പഠനം നിർത്തി അദ്ദേഹം തൊഴിൽ ചെയ്യാൻ ആരംഭിച്ചത്. സഹോദരനൊപ്പം തയ്യൽ ജോലി ചെയ്യുകയും പിന്നീട് കയർ ഫാക്ടറിയിൽ തൊഴിലെടുക്കുകയും ചെയ്തു. കയർ ഫാക്ടറിയിലെ തൊഴിലാളി ജീവിതമാണ് വി.എസിലെ നേതാവിനെ പുറത്ത് കൊണ്ടുവന്നത്.