പത്തനംതിട്ട: മതചിഹ്നങ്ങൾ പ്രചാരണത്തിന് ഉപയോഗിച്ചെന്ന പരാതി അടിസ്ഥാനരഹിതമെന്ന് കോന്നിയിലെ എൻ.ഡി.എ സ്ഥാനാർത്ഥി കെ.സുരേന്ദ്രൻ പറഞ്ഞു. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന താനുൾപ്പെട്ട വീഡിയോ കൃത്രിമമായി ഉണ്ടാക്കിയതാണെന്നും ഇതിനെതിരെ ബി.ജെ.പി തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകുമെന്നും അദ്ദേഹം പറഞ്ഞു. പരാജയഭീതി കൊണ്ട് സി.പി.എമ്മും യു.ഡി.എഫും നടത്തുന്ന പ്രചരണങ്ങളാണിതെന്നും അദ്ദേഹം ആരോപിച്ചു.
"വീഡിയോ ഞങ്ങളുടെ പാർട്ടി ഇറക്കില്ല എന്ന കാര്യം എല്ലാവർക്കും അറിയുന്നതാണ്. സി.പി.എമ്മിന്റെ സെെബർ വിഭാഗമാണ് ഇതെല്ലാം ചെയ്തിരിക്കുന്നത്. ഓർത്തഡോക്സ് തിരുമേനിയുടെയും എന്റെയും പടം വച്ച് വീഡിയോ തയ്യാറാക്കി സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നതിനെതിരായിട്ട് സെെബർ സെല്ലിനും തിരഞ്ഞെടുപ്പ് കമ്മിഷനും പരാതി നൽകും. വളരെ ആസൂത്രിതമായി നടന്ന നീക്കമാണിത്"-അദ്ദേഹം പറഞ്ഞു.
ഓർത്തഡോക്‌സ് വിഭാഗങ്ങളുടെ പിന്തുണ തനിക്ക് ലഭിക്കുന്നു എന്ന് മനസിലായതോടു കൂടി ആസൂത്രിതമായി വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കാനുള്ള ഗൂഢാലോചനയാണിതെന്നും സുരേന്ദ്രൻ പറഞ്ഞു. ജനം എല്ലാം തിരിച്ചറിയും. ഇതിന്റെ ഒക്കെ നേരെ വിപരീത ഫലമാണ് ഉണ്ടാവാന്‍ പോകുന്നതെന്ന് 24ാം തീയതി കാണാം എന്നും സുരേന്ദ്രൻ വ്യക്തമാക്കി.