fr-joseph-puthanpurykkal

ഫാ. ജോസഫ് പുത്തൻപുരയ്‌ക്കൽ എന്ന സോഷ്യൽ മീഡിയയുടെ സ്വന്തം 'ചിരിയച്ചന്റെ' മിക്ക പ്രസംഗങ്ങളും നമ്മെ അത്ഭുതപ്പെടുത്താറുണ്ട്. നർമ്മത്തിൽ ചാലിച്ച ഫാദറുടെ പ്രസംഗങ്ങളെല്ലാം തന്നെ കേൾവിക്കാരനെ പിടിച്ചിരുത്തുകയും ചെയ്യുന്നു. കുടുംബ ബന്ധങ്ങളുടെ പൾസ് കൃത്യമായി അറിയുന്ന അച്ചൻ ആളുകൾക്ക് ഒരു വിസ്മയം തന്നെയാണ്.

വിവാഹം കഴിക്കാത്ത അച്ചനെങ്ങനെയാണ് ദാമ്പത്യത്തിലെ പൾസ് ഇത്ര കൃത്യമായി അറിയുകയും,​ പറയുകയും ചെയ്യുന്നതെന്ന് നിരവധിപേർ സംശയം ചോദിക്കുകയും ചെയ്തിട്ടുണ്ട്. ഇപ്പോഴിതാ ഒരു പ്രമുഖ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ അതിനുള്ള ഉത്തരം നൽകിയിരിക്കുകയാണ് അദ്ദേഹം.

'ദാമ്പത്യപ്രശ്നങ്ങളെക്കുറിച്ച് പറയാൻ വിവാഹം കഴിക്കണമെന്നില്ല. ചുറ്റുപാടും കണ്ണോടിച്ചാൽ മതി. ആയിരക്കണക്കിന് ആളുകൾ ജാതിമത ഭേദമന്യേ കാണാൻ വരാറുണ്ട്. ഇതൊക്കെ കേട്ട് കേട്ട് കുടുംബ ജീവിതത്തിന്റെ കള്ളികളെക്കുറിച്ച് ധാരണ കിട്ടും. കൂടാതെ സ്ത്രീ-പുരുഷ മനശാസ്ത്രവും കുടുംബ ജീവിതവുമായി ബന്ധമുള്ള പുസ്തകങ്ങൾ വായിക്കും. പറയുന്നത് കെട്ടുകഥയല്ലാത്തതിനാൽ കേൾക്കുന്നവർക്ക് ഇതെന്റെ അനുഭവമാണല്ലോയെന്ന് തോന്നും'- ഫാ. ജോസഫ് പുത്തൻപുരയ്‌ക്കൽ പറഞ്ഞു.