kaumudy-news-headline

1. പാക് അധീന കാശ്മീരിലെ ഭീകര ക്യാമ്പുകള്‍ക്ക് നേരെ ഇന്ത്യയുടെ ആക്രമണം. കശ്മീരിലെ തങ്ധാര്‍ മേഖലയ്ക്ക് സമീപമാണ് ആക്രമണം. പാക് സൈന്യം നടത്തിയ വെടിവയ്പ്പില്‍ 2 സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. കരസേനാ വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്ത ഏജന്‍സിയാണ് റിപ്പോര്‍ട്ട് ചെയ്തത്.


2. അഴിമതിക്കാരായ ഉദ്യോഗസ്ഥര്‍ക്ക് താക്കീതും ആയി മുഖ്യമന്ത്രി പിണറായി വിജയന്‍. ഉദ്യോഗസ്ഥര്‍ ജനസേവകര്‍ ആണ് എന്ന് കാര്യം മറന്ന് പോകരുത്. അഴിമതി കാട്ടിയാല്‍ വീട്ടില്‍ കിടന്നുറങ്ങാന്‍ പറ്റാത്ത അവസ്ഥയാകും. സര്‍ക്കാര്‍ ഓഫീസില്‍ ആവശ്യങ്ങളും ആയി വരുന്നവര്‍ ആണ് യജമാന്മാര്‍. അഴിമതിക്കാര്‍ സര്‍ക്കാര്‍ ഭദ്രമായി പണിത കെട്ടിടത്തില്‍ കിടക്കേണ്ടി വരും എന്നും മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്.
3. 96 -ാം പിറന്നാള്‍ ആഘോഷിച്ച് ജനനായകന്‍ വി.എസ് അച്യുതാനന്ദന്‍. പിറന്നാള്‍ ദിനത്തിന്റെ ഭാഗമായി ഔദ്യോഗിക വസതിയില്‍ കേക്ക് മുറിയും ലളിതമായ ആഘോപരിപാടികളും സംഘടിപ്പിച്ചു. നിരവധി നേതാക്കളും ചടങ്ങിന്റെ ഭാഗമായി. ട്രേഡ് യൂണിയന്‍ രംഗത്ത് നിന്ന് സി.പി.എമ്മിന്റെ അമരത്തേക്കും പ്രതിപക്ഷ നേതൃസ്ഥാനത്തേക്കും മുഖ്യമന്ത്രി പദത്തിലേക്കും വളര്‍ന്ന നേതാവ് ആണ് വി.എസ് അച്യുതാനന്ദന്‍. ഭരണപക്ഷത്തെ എം.എല്‍.എ ആയും ഭരമപരിഷ്‌കാര കമ്മിഷന്‍ ചെയര്‍മാന്‍ ആയി തുടരുമ്പോഴും അഴിമതിക്ക് എതിരെ നിശിതമായ വിമര്‍ശനം ഉയര്‍ത്താന്‍ ഒരിക്കലും മടികാട്ടാത്ത രാഷ്ട്രീയ നേതാവ് കൂടിയാണ് വി.എസ്.
4. കൂടത്തായി കൊലപാതക പരമ്പരകളില്‍ മുഖ്യപ്രതി ജോളിക്ക് എതിരെ ഷാജുവിന്റെയും സിലിയുടേയും മകന്‍. സിലിയുടെ കൊലപാതകത്തിന് പിന്നില്‍ ജോളി തന്നെ എന്ന് സിലിയുടെ മകന്റെ മൊഴി. ജോളി നല്‍കിയ വെള്ളം കുടിച്ച ശേഷമാണ് അമ്മയുടെ ബോധം നഷ്ടപ്പെട്ടത്. ജോളി കഠിനമായി ഉപദ്രവിച്ചിരുന്നു. എല്ലാ കാര്യങ്ങളിലും രണ്ടാനമ്മയില്‍ നിന്ന് തരംതിരിവ് ഉണ്ടായി. നിരന്തരമായി മാനസികമായി തളര്‍ത്തുന്ന രീതിയില്‍ സംസാരിച്ചു. വീട്ടില്‍ അപരിചിതനെ പോലെയാണ് ജീവിച്ചതെന്നും മൊഴി. പത്താം ക്ലാസ് വിദ്യാര്‍ത്ഥിയാണ് കുട്ടി. ഇന്നലെയാണ് അന്വേഷണ സംഘം കുട്ടിയില്‍ നിന്ന് മൊഴി എടുത്തത്.
5. അതേസമയം, കേസില്‍ ഒന്നാം പ്രതിയായ ജോളിയെ കസ്റ്റഡിയില്‍ വാങ്ങാന്‍ അന്വേഷണ സംഘം നാളെ അപേക്ഷ നല്‍കും. നടപടി, സിലിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിനും തെളിവെടുപ്പിനും. വിശദമായ ചോദ്യം ചെയ്യല്‍ കാമറയില്‍ ചിത്രീകരിക്കാനും തീരുമാനം. ആറ് കൊലപാതകങ്ങളും ആറ് സംഘങ്ങളാണ് അന്വേഷിക്കുന്നത്.
6. അന്വേഷണം കോയമ്പത്തൂര്‍ അടക്കമുള്ള സ്ഥലങ്ങളിലേക്ക് വ്യാപിപ്പിച്ചു. ജോളിക്ക് എവിടെ നിന്നാണ് സയനൈഡ് കിട്ടിയത്, കൊലപാതകങ്ങളില്‍ ആരെല്ലാം സഹായിച്ചു, ആര്‍ക്കെല്ലാം അറിവുണ്ടായിരുന്നു തുടങ്ങിയ കാര്യങ്ങളാണ് പൊലീസ് പരിശോധിക്കുന്നത്. വരും ദിവസങ്ങളില്‍ കൂടുതല്‍ അറസ്റ്റ് ഉണ്ടായേക്കും എന്നാണ് സൂചന. പ്രതികളുടെ ജാമ്യാപേക്ഷ തള്ളിയ കോടതി മൂന്നുപേരെയും 14 ദിവസത്തേക്ക് ഇന്നലെ റിമാന്‍ഡ് ചെയ്തിരുന്നു.
7. നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണം ഇന്നലെ കെട്ടടങ്ങിയതോടെ, ഇന്ന് നിശബ്ദ പ്രചാരണം. നാളെ അഞ്ച് മണ്ഡലങ്ങളില്‍ ഉപതിരഞ്ഞെടുപ്പിന് ആയി ജനം പോളിംഗ് ബൂത്തിലേക്ക് നീങ്ങും. 24 നാണ് വോട്ടെണ്ണല്‍. മഞ്ചേശ്വരം, എറണാകുളം, അരൂര്‍, കോന്നി, വട്ടിയൂര്‍ക്കാവ് മണ്ഡലങ്ങളില്‍ വീറുറ്റ പോരാട്ടത്തിന്റെ ആവേശത്തില്‍ ആയിരുന്നു വൈകിട്ട് പ്രചാരണത്തിന്റെ കൊട്ടിക്കലാശം. എല്‍.ഡി.എഫിന്റെയും യു.ഡി.എഫിന്റെയും എന്‍.ഡി.എയുടെയും മുന്‍നിര നേതാക്കള്‍ കളത്തിലിറങ്ങി പ്രചാരണം കൊഴുപ്പിച്ചു. പരസ്യ പ്രചാരണത്തിന്റെ അവസാന നാളുകള്‍ ജാതി, സമുദായ കേന്ദ്രീകൃതം ആയത് തിരഞ്ഞെടുപ്പ് ഫലത്തില്‍ എങ്ങനെ പ്രതിഫലിക്കും എന്നാണ് ഇനി അറിയേണ്ടത്.
8. ശബരിമല വിവാദം ചര്‍ച്ചയ ആക്കില്ലെന്ന് നേരത്തേ മുന്നണികള്‍ പ്രഖ്യാപിച്ചെങ്കിലും എന്‍.എസ്.എസ് സ്വാധീന മണ്ഡലങ്ങളില്‍ യു.ഡി.എഫ് ഇത് ചര്‍ച്ചയാക്കി. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളെ ശബരിമലയുടെ പേരില്‍ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ട് ആയിരുന്നു എന്‍.എസ്.എസിന്റെ ശരിദൂരം പ്രഖ്യാപനം. പാലാ ഉപതിരഞ്ഞെടുപ്പ് വിജയത്തിലൂടെ നേടിയ ഊര്‍ജം കൈമുതലാക്കി അഞ്ചിടത്തും യുവാക്കളെ ഇറക്കി പട്ടിക ആദ്യമേ പ്രസിദ്ധീകരിച്ച ഇടത് നേതൃത്വം പ്രചാരണ രംഗത്ത് തുടക്ക ഇട്ടെങ്കിലും മന്ത്രി കെ.ടി. ജലീലിനെതിരെ ഉയര്‍ന്ന വിവാദം പാര്‍ട്ടിയെ പ്രതിരോധത്തില്‍ ആക്കി.
9. മരടിലെ അനധികൃത ഫ്ളാറ്റ് നിര്‍മാണക്കേസില്‍ കൂടുതല്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പ്രതികള്‍ ആയേക്കും എന്ന് ക്രൈംബ്രാഞ്ച്. തെളിവുകള്‍ കിട്ടുന്ന മുറയ്ക്ക് രാഷ്ട്രീയക്കാര്‍ അടക്കം ഉള്ളവര്‍ പിടിയില്‍ ആകുമെന്ന് ക്രൈംബ്രാഞ്ച് മേധാവി ടോമിന്‍ തച്ചങ്കരി. മരട് ഫ്ളാറ്റ് നിര്‍മ്മാണ കേസിന്റെ അന്വേഷണത്തില്‍ കൃത്യമായ പുരോഗതി ഉണ്ട് എന്നും വിലയിരുത്തലില്‍ . കേസില്‍ ഇതിനോടകം മൂന്ന് പേര്‍ അറസ്റ്റില്‍ ആയതോടെ ബാക്കിയുള്ള ഫ്ളാറ്റ് ഉടമകളും കേസിലെ നാലാം പ്രതി മരട് പഞ്ചായത്ത് മുന്‍ ക്ലര്‍ക്ക് ജയറാം നായക്കും ഒളിവില്‍ ആണ്. ജെയിന്‍ കമ്പനി ഉടമയ്ക്ക് മുന്‍കൂര്‍ ജാമ്യം ലഭിച്ചതായി അറിയില്ല എന്ന് ക്രൈംബ്രാഞ്ച് മേധാവി അറിയിച്ചു. കേസ്റ്റഡിയില്‍ ഉള്ള മറ്റ് മൂന്ന് പ്രതികളുടെ ചോദ്യം ചെയ്യല്‍ പുരോഗമിക്കുകയാണ്.
10. ജസ്റ്റിസ് ബാലകൃഷ്ണന്‍ നായര്‍ സമിതി നഷ്ടപരിഹാരം നിശ്ചയിച്ച 107 ഫ്ളാറ്റ് ഉടമകള്‍ ഇന്ന് നഗരസഭയില്‍ സത്യവാങ്മൂലം സമര്‍പ്പിക്കണം. ഇതില്‍ 200 രൂപയുടെ മുദ്രപ്പത്രത്തില്‍ ബാങ്ക് എക്കൗണ്ട് അടങ്ങിയ വിവരങ്ങളും രേഖപ്പെടുത്തണം. ഇന്ന് വൈകിട്ട് അഞ്ച് വരെ സത്യവാങമൂലം സമര്‍പ്പിക്കാം. മുദ്രപ്പത്രം നഗരസഭയില്‍ തന്നെ ലഭ്യമാക്കും എന്നും വിവരങ്ങള്‍ കൃത്യമായാല്‍ രണ്ട് ദിവസത്തിന് അകം തുക അക്കൗണ്ടില്‍ നിക്ഷേപിക്കും എന്നും സബ്കളക്ടര്‍ അറിയിച്ചു. നിലവില്‍ മൂന്ന് പേര്‍ക്ക് മാത്രമേ 25 ലക്ഷം രൂപ ലഭിക്കുകയുള്ളൂ.