
ശ്രീനഗർ: അതിർത്തിയിൽ വെടിനിർത്തൽ കരാർ ലംഘിച്ച് രണ്ട് ഇന്ത്യൻ ജവാൻമാരുടെയും ഒരു ഇന്ത്യൻ പൗരന്റെയും ജീവൻ അപഹരിച്ച പാകിസ്ഥാൻ സൈന്യത്തിന് ചുട്ട മറുപടി നൽകി ഇന്ത്യ. ഇന്ത്യ-പാക് അതിർത്തിക്ക് അപ്പുറത്ത് പ്രവർത്തിക്കുന്ന ഭീകരവാദ ക്യാമ്പുകൾ ആക്രമിച്ചാണ് ഇന്ത്യ പാകിസ്ഥാന് മറുപടി നൽകിയത്. ഭീകരരുടെ ഏഴ് ഇടത്താവളങ്ങൾ തകർത്തുവെന്നും ഇന്ത്യൻ കരസേന അറിയിച്ചിട്ടുണ്ട്.
ഇന്ന് പുലർച്ചെയാണ് പാകിസ്ഥാൻ അധീന കാശ്മീരിലെ തൻഘാർ സെക്ടറിൽ പാകിസ്ഥാൻ ആക്രമണം നടത്തിയത്. തൻഘാറിൽ വച്ച് തന്നെയാണ് ഇന്ത്യ പാകിസ്ഥാനെതിരെ തിരിച്ചടിച്ചത്. ആക്രമണത്തിൽ അഞ്ച് പാക് സൈനികർ കൊല്ലപ്പെട്ടതായി ഒരു ദേശീയ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു. പാക് അധീന കാശ്മീരിലെ നീലം താഴ്‌വരയിലുള്ള ഭീകരരുടെ നാല് ലോഞ്ച് പാഡുകളും ഇന്ത്യൻ ആക്രമണത്തിൽ തകർന്നിട്ടുണ്ട്.
പാക് അധീന പ്രദേശമായ ഇവിടെ പ്രവർത്തിക്കുന്ന ഭീകരവാദ പരിശീലന ക്യാമ്പുകളിലാണ് ഇന്ത്യ പ്രത്യാക്രമണം നടത്തിയത്. ഇന്ത്യ- പാകിസ്ഥാൻ അതിർത്തിയിലേക്ക് ഭീകരരെ നുഴഞ്ഞുകയറാൻ സഹായം ചെയ്യുന്ന പാക് സൈന്യത്തിന്റെ പ്രവണതയ്ക്കുള്ള പ്രതികരണമാണ് ഇതെന്നാണ് ഇന്ത്യൻ സൈന്യം അറിയിച്ചത്.
ആർട്ടിലറി ഗണ്ണുകൾ ഉപയോഗിച്ചാണ് ഇന്ത്യ പാക് ഭീകരക്യാമ്പുകൾക്കെതിരെ ആക്രമണം നടത്തിയത്. പാകിസ്ഥാൻ തുടർച്ചയായി ഇന്ത്യയിലേക്ക് ഭീകരരെ എത്തിച്ചിരുന്നത് ഈ ക്യാമ്പ് വഴിയായിരുന്നു എന്ന വിവരവും ഇന്ത്യയ്ക്ക് ലഭിച്ചിരുന്നു.
ഇന്ന് പുലർച്ചെയാണ് പാകിസ്ഥാൻ ഇന്ത്യയ്‌ക്കെതിരെ ആക്രമണം നടത്തിയത്. ജമ്മു കാശ്മീരിലെ കുപ്‌വാരയിലാണ് പാകിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിച്ചതിനെ തുടർന്ന് രണ്ട് ഇന്ത്യൻ സൈനികരും ഒരു പൗരനും കൊല്ലപ്പെട്ടത്. കുപ്‍വാരയിലെ തൻഘാർ സെക്ടറിൽ പാകിസ്ഥാൻ സൈന്യം നടത്തിയ ആക്രമണത്തിൽ മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
ആക്രമണത്തിൽ രണ്ടു വീടുകൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. കഴിഞ്ഞ ആഴ്ച ബാരാമുള്ള, രജൗരി, എന്നീ നിയന്ത്രണരേഖയിൽ പെട്ട പ്രദേശങ്ങളിൽ പാകിസ്ഥാൻ നടത്തിയ വെടിവയ്‌പ്പിലും രണ്ട് ഇന്ത്യൻ ജവാൻമാർ കൊലപ്പെട്ടിരുന്നു. അതേസമയം ഒൻപത് ഇന്ത്യൻ സൈനികരെ തങ്ങൾ വധിച്ചു എന്ന അവകാശവാദവുമായി പാകിസ്ഥാൻ രംഗത്തെത്തിയിട്ടുണ്ട്.