യാത്രക്കാർക്ക് ഏറെ വിസ്മയക്കാഴ്ചകൾ സമ്മാനിക്കുന്ന ഇടമാണ് മഹാബലിപുരം. ചെന്നൈയിൽ നിന്ന് ഏകദേശം 60 കിലോമീറ്റർ തെക്കായി ബംഗാൾ ഉൾക്കടലിന്റെ തീരത്ത് സ്ഥിതിചെയ്യുന്ന ഈ പട്ടണത്തിലെ വിശാലമായ പൗരാണിക നിർമിതികൾ അതിന്റെ ചരിത്രവും പശ്ചാത്തലവും അറിഞ്ഞുകൊണ്ട് കാണുകയെന്നത് ഒരു വെല്ലുവിളി തന്നെയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും ചെെനീസ് പ്രസിഡന്റ് ഷി ജിൻപിംഗിന്റെയും ഉച്ചകോടിക്ക് വേദിയായത് മഹാബലിപുരമായിരുന്നു. അന്താരാഷ്ട്ര മാദ്ധ്യമങ്ങളിലടക്കം മഹാബലിപുരം ശ്രദ്ധപിടിച്ചുപറ്റിയിരുന്നു. പല്ലവ രാജാവായ മാമല്ലന്റെ പുരമായിരുന്നു മാമല്ലപുരം എന്ന മഹാബലിപുരം.
ഒറ്റക്കല്ലുകളിൽ കൊത്തിയെടുത്ത ശിൽപ്പങ്ങളാണ് ഇവിടുത്തെ പ്രത്യേകത. മഹാബലിപുരത്തെ വെണ്ണക്കൽ സഞ്ചാരികളെ ഏറെ ആകർഷിക്കുന്നതാണ്. മോദിയും ജിൻപിംഗും സന്ദർശിച്ച മഹാബലിപുരത്തെ ഭീമൻ ഉരുളൻ പാറയായ ഈ വെണ്ണക്കല്ല് കാണാൻ ഇപ്പോൾ സഞ്ചാരികളുടെ തിരക്കാണ്. ഇതോടെ പുരാവസ്തു വകുപ്പ് ശനിയാഴ്ച മുതൽ പ്രവേശന ഫീസ് ഏർപ്പെടുത്തി. ടിക്കറ്റിന് 40 രൂപയാണ് ചാർജ്. വിദേശ വിനോദ സഞ്ചാരികൾക്ക് 600 രൂപയും.
കടൽക്കര ക്ഷേത്രം, അർജുന തപസ് എന്നീ പുരാതന ചിഹ്നങ്ങൾ കാണാൻ മാത്രമായിരുന്നു പ്രവേശന ഫീസ് ഈടാക്കിയിരുന്നത്. ഉരുളൻ പാറക്കല്ല് കാണാൻ ടിക്കറ്റ് ഏർപ്പെടുത്തിയിരുന്നില്ല. നിലവിൽ 40 രൂപയുടെ ടിക്കറ്റെടുത്താൽ മൂന്നിടങ്ങളും സന്ദർശിക്കാൻ അനുമതി നൽകും. ഉച്ചകോടിക്കുശേഷം രാജ്യത്തിനകത്തും പുറത്തുനിന്നുമായി പ്രതിദിനം ആയിരക്കണക്കിനാളുകളാണ് മഹാബലിപുരത്ത് എത്തുന്നത്.
മഹാബലിപുരത്തെ സ്മാരകങ്ങളിൽ ഭൂരിഭാഗവും പാറ തുരന്ന് നിർമ്മിച്ചവയാണ്. പലതും ഒറ്റ പാറയാൽ നിർമ്മിച്ചവയുമാണ്. ഗുഹാക്ഷേത്രങ്ങളും, ഒറ്റക്കൽ മണ്ഡപങ്ങളും ശില്പങ്ങളും ക്ഷേത്രങ്ങളും അടങ്ങിയതാണ് മഹാബലിപുരത്തെ സ്മാരകങ്ങൾ. പല്ലവ കലയുടെ ഉത്തമോദാഹരണങ്ങളാണ് മഹാബലിപുരം. ഇത് പല്ലവരാജ്യത്തെ ഒരു ശില്പകലാ വിദ്യാലയം ആണെന്നും കരുതപ്പെടുന്നു.