മുംബൈ: ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ ബജാജ് ചേതക്ക് സ്‌കൂട്ടറിന്റെ ഇലക്ട്രിക് പതിപ്പ് പുറത്തിറക്കി കമ്പനി. കേന്ദ്ര റോഡ് ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയുടെ സാന്നിദ്ധ്യത്തിലാണ് ബജാജ് പഴയ ചേതക്കിന്റെ പുതിയ പതിപ്പ് പുറത്തിറക്കിയത്. എന്നാൽ കാഴ്ചയിലും രൂപത്തിലും പുത്തൻ ചേതക്ക് പഴയ വാഹനത്തെ ഓർമ്മിപ്പിക്കാൻ ഇടയില്ല.
കാരണം പൂർണമായും നവീകരിച്ച ഡിസൈനിലാണ് പുതിയ വാഹനം ഉപഭോക്താക്കളുടെ മുന്നിലേക്ക് എത്തുന്നത്. എന്നിരുന്നാലും റെട്രോ മാതൃകയിൽ തന്നെയാണ് പുതിയ സ്കൂട്ടർ കമ്പനി റീഡിസൈൻ ചെയ്തിരിക്കുന്നത്. ടു പീസ് സീറ്റ്, എൽ.ഇ.ഡി ടെയ്ൽ ലാമ്പ്, ഹാൻഡിൽ ബാറിലെ എൽ.ഇ.ഡി ഹെഡ്‌ലാമ്പ്, 12 ഇഞ്ച് അലോയി വീൽസ്, ഫുൾ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, വലിയ സ്റ്റോറേജ് സംവിധാനം എന്നിവയാണ് ഈ വാഹനത്തിന്റെ മറ്റ് ഫീച്ചറുകൾ.
ജർമനിയിലെ ഇലക്ട്രിക്ക്, ടെക്നോളജി ഭീമനായ ബോഷുമായി ചേർന്നാണ് ബജാജ് ഈ വാഹനം നിർമിച്ചിരിക്കുന്നത് . ഇതിലെ ഇലക്ട്രിക് മോട്ടോർ, വാഹനത്തിന്റെ പവർ സംബന്ധിച്ചുള്ള വിവരങ്ങൾ ബജാജ് ഇനിയും പുറത്ത് വിട്ടിട്ടില്ല. സിറ്റി, സ്പോർട്സ് എന്നിങ്ങനെ രണ്ടുതരം മോഡുകൾ സ്‌കൂട്ടറിലുണ്ട്. സ്പോർട്സ് മോഡിൽ ഒറ്റ ചാർജിൽ 85 കിലോമീറ്റർ വരെ സ്കൂട്ടറിന് സഞ്ചരിക്കാനാകും. സിറ്റി മോഡിലാണെങ്കിൽ ഒറ്റ ചാർജിൽ 95 - 100 കിലോമീറ്റർ വരെയാണ് പുതിയ ചേതക്ക് ഇലക്ട്രിക് സഞ്ചരിക്കുക.
2020 ജനുവരിയോടെ ചേതക്ക് ഇലക്ട്രിക് വിപണിയിലെത്തുകയെന്നാണ് വിവരം. പുതിയ സ്‌കൂട്ടറിന്റെ നിർമാണം സെപ്തംബർ 25 മുതൽ ബജാജിന്റെ പൂനെയിലെ ചാകൻ പ്ലാന്റിൽ ആരംഭിച്ചിട്ടുണ്ട്. ഇതിനു പിന്നാലെ ബംഗളൂരുവിലും ചേതക്ക് ഇലക്ട്രിക്കിന്റെ നിർമാണം ആരംഭിക്കും. പിന്നീട് രാജ്യത്തിന്റെ പലഭാഗത്തായി നിർമാണം കമ്പനി ആരംഭിക്കും. ഏകദേശം ഒരു ലക്ഷം രൂപയായിരിക്കും ചേതക്കിന്റെ ഓൺ റോഡ് വില എന്നാണ് ലഭിക്കുന്ന വിവരം.