tejas

ന്യൂഡൽഹി: ഇന്ത്യൻ റെയിൽവേയുടെ ആദ്യ സ്വകാര്യ ട്രെയിനായ തേജസ് എക്‌‌സ്‌പ്രസിൽ ശനിയാഴ്ച യാത്ര ചെയ്തവർക്ക് 250 രൂപ നഷ്ടപരിഹാരം നൽകുമെന്ന് ഐ.ആർ.സി.ടി.സി. ലഖ്നൗവിൽ നിന്ന് ഡൽഹിയിലേക്കും,​ ഡൽഹിയിൽ നിന്ന് ലഖ്നൗവിലേക്കും യാത്ര ചെയ്തവർക്കാണ് നഷ്ടപരിഹാരം ലഭിക്കുക. രണ്ടു മണിക്കൂറോളം ട്രെയിൻ വൈകിയതാണ് കാരണം.

ചരിത്രത്തിൽ ആദ്യമായാണ് ട്രെയിൻ വൈകിയതിനെത്തുടർന്ന് ഇന്ത്യൻ റെയിൽവേ നഷ്ടപരിഹാരം നൽകുന്നത്. നഷ്ടപരിഹാര ക്ലെയിം ചെയ്യുന്നതിനായി എല്ലാ യാത്രക്കാരുടെയും ഫോണിലേക്ക് ലിങ്ക് അയച്ചിട്ടുണ്ടെന്നും, അതിൽ ക്ലിക്ക് ചെയ്യുന്നവർക്ക് നഷ്ടപരിഹാരം ലഭിക്കുമെന്നും ഐ.ആർ.സി.ടി.സി റീജണൽ മാനേജർ അശ്വിനി ശ്രീവാസ്തവ വ്യക്തമാക്കി.

ശനിയാഴ്ച ലഖ്നൗവിൽ നിന്ന് ഡൽഹിയിലേക്ക് 451 യാത്രക്കാരും, ഡൽഹിയിൽ നിന്ന് ലഖ്നൗവിലേക്ക് ഏകദേശം 500 പേരുമാണ് യാത്ര ചെയ്തത്. ലഖ്നൗവിൽ നിന്ന് രാവിലെ 6.10ന് പുറപ്പെടേണ്ട ട്രെയിൻ 8.55നാണ് പുറപ്പെട്ടത്. 12.55ന് ഡൽഹിയിൽ എത്തേണ്ട ട്രെയിൻ 3.40നാണ് എത്തിയത്.തിരിച്ച് ഡൽഹിയിൽ നിന്ന് ലഖ്നൗവിലേക്ക് 3.35ന് പുറപ്പെട്ട് 10.05ന് എത്തിച്ചേരേണ്ട ട്രെയിൻ 5.30 ന് പുറപ്പെട്ട് 11.30ഓടെയാണ് എത്തിയത്.

നഷ്ടപരിഹാരത്തിന് പുറമെ അധിക ചായയും കൊടുക്കേണ്ടിവന്നു. വൈകിയതിൽ ക്ഷമിക്കണമെന്ന് പ്രിന്റ് ചെയ്ത പായ്ക്കറ്റിലാണ് ഉച്ചഭക്ഷണം നൽകിയത്. വൈകി പുറപ്പെട്ട ട്രെയിൻ കൃത്യസമയത്ത് എത്തിയാൽ നഷ്ടപരിഹാരം ലഭിക്കില്ല. ലക്ഷ്യസ്ഥാനത്ത് എത്തുന്നത് വൈകിയാൽ മാത്രമേ നഷ്ടപരിഹാരത്തിന് അർഹതയുള്ളു.