ആറ് പാക് ഭടന്മാരെയും ആറ് ഭീകരരെയും വധിച്ചു
പാക് വെടിവയ്പിൽ രണ്ട് ഇന്ത്യൻ ഭടന്മാർക്ക് വീരമൃത്യു
ന്യൂഡൽഹി: ഭീകരരെ ഇന്ത്യയിലേക്ക് കടത്തിവിടാനായി പാകിസ്ഥാൻ നടത്തിയ വെടിവയ്പിൽ രണ്ട് ഇന്ത്യൻ സൈനികർ വീരമൃത്യു വരിച്ചതിന് തിരിച്ചടിയായി ഇന്ത്യൻ സേന ഇന്നലെ അധിനിവേശ കാശ്‌മീരിലെ നാല് ഭീകരക്യാമ്പുകളും പാക് സൈനിക പോസ്റ്റുകളും തകർക്കുകയും അഞ്ച് പാക് ഭടന്മാരെയും ആറ് ഭീകരരെയും വധിക്കുകയും ചെയ്‌തു. പാക് പക്ഷത്ത് നിരവധി പേർക്ക് പരിക്കുണ്ടെന്നാണ് സൂചന.
കരസേനാമേധാവി ജനറൽ ബിപിൻ റാവത്ത് സൈനിക ഓപ്പറേഷൻ സ്ഥിരീകരിച്ചു. ജമ്മുകാശ്മീരിലെ നിയന്ത്രണ രേഖയിൽ താങ്ധർ, കേരൻ സെക്‌ടറുകളിൽ ഭീകർ നുഴഞ്ഞു കയറുമെന്ന വ്യക്തമായ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇന്ത്യൻ സേന തിരിച്ചടിച്ചതെന്ന് അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.
പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗും ബിപിൻ റാവത്തും ഇന്ന് ലഡാക്ക് സന്ദർശിക്കാനിരിക്കെയാണ് ഇന്ത്യൻ സേനയുടെ പ്രഹരം.
ഇന്ത്യയുടെ ആക്രമണത്തിൽ പാകിസ്ഥാൻ പ്രതിഷേധിച്ചു. പാകിസ്ഥാനിലെ ഇന്ത്യൻ ഡെപ്യൂട്ടി ഹൈക്കമ്മിഷണറെ പാക് വിദേശമന്ത്രാലയത്തിൽ വിളിച്ചു വരുത്തിയാണ് പ്രതിഷേധം അറിയിച്ചത്.
ശനിയാഴ്‌ച വൈകിട്ടാണ് കുപ്‌വാര ജില്ലയിലെ താങ്ധർ സെക്‌ടറിൽ ഭീകരർ നുഴഞ്ഞുകയറാൻ ശ്രമിച്ചത്. അതിന് മറവൊരുക്കാൻ പാക് പട്ടാളം വെടിനിറുത്തൽ ലംഘിച്ച് സിവിലിയൻ കേന്ദ്രങ്ങൾക്ക് നേരെ പീരങ്കി ആക്രമണം തുടങ്ങി. വെടിവയ്പിൽ രണ്ടു ഇന്ത്യൻ സൈനികരും ഒരു നാട്ടുകാരനും കൊല്ലപ്പെട്ടു. മൂന്നു നാട്ടുകാർക്ക് പരിക്കേറ്റു. രണ്ടു വീടുകൾക്കും നാശമുണ്ടായി. ഭീകരർ നുഴഞ്ഞുകയറും മുൻപ് തന്നെ ആക്രമണത്തിന് തീരുമാനിക്കുകയായിരുന്നുവെന്നും റാവത്ത് പറഞ്ഞു.
അതേസമയം, ഒൻപത് ഇന്ത്യൻ സൈനികരെ വധിച്ചെന്നും നിരവധി ഇന്ത്യൻ ഭടന്മാർക്ക് പരിക്കേറ്റെന്നുമുള്ള പാകിസ്ഥാന്റെ അവകാശവാദം ഇന്ത്യ നിഷേധിച്ചു.
അധിനിവേശ കാശ്‌മീരിലെ നീലം താഴ്‌വരയിലെ ഭീകരക്യാമ്പുകൾക്ക് നേരെ ഇന്ത്യൻ പീരങ്കി ആക്രമണം.
ഇന്ത്യയിലേക്ക് ഭീകരരെ കടത്തി വിടുന്ന നാലു താവളങ്ങൾ (ലോഞ്ച് പാഡുകൾ) തകർത്തു.
സൂറ, അത്‌മുഖം, കുണ്ടൽസാഹി എന്നിവിടങ്ങളിലെ കേന്ദ്രങ്ങളാണ് തകർത്തത്. എല്ലാം ലഷ്‌കറെ തയ്‌ബ, ജയ്‌ഷെ മുഹമ്മദ് ഭീകരരുടെ താവളങ്ങൾ.
ഓരോ ക്യാമ്പിലും 15 - 20 ഭീകരർ നുഴഞ്ഞു കയറ്റത്തിന് തയ്യാറായിരുന്നു.
ക്യാമ്പുകളെ സംരക്ഷിക്കുന്ന പാക് സൈനിക പോസ്റ്റുകളും തകർത്തു. ഈ പോസ്റ്റുകളിലെ ആറ് ഭടന്മാരാണ് കൊല്ലപ്പെട്ടത്.
ഭീകരരെ തുടർച്ചയായി ഇന്ത്യയിലേക്ക് കടത്തുന്നത് ഈ ക്യാമ്പുകളിൽ നിന്നാണ്.
2317 തവണ
പാക് വെടിവയ്‌പ്
ജമ്മുകാശ്‌മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ ശേഷം പാക് സേന തുടർച്ചയായി കാശ്‌മീരിലെ സാധാരണക്കാരെ ലക്ഷ്യം വയ്ക്കുകയാണ്.അഞ്ച് വർഷത്തെ പാക് വെടിനിറുത്തൽ ലംഘനങ്ങളിൽ ഏറ്റവും കൂടുതൽ ഇക്കൊല്ലമാണ്.
2317
ഒക്‌ടോബർ വരെ 2317 തവണയാണ് പാകിസ്ഥാൻ വെടിവച്ചത്. ഇതിൽ 30 പേരെങ്കിലും കൊല്ലപ്പെട്ടു.
147
ഇക്കാലത്ത് ഇന്ത്യ 147 ഭീകരരെ വധിച്ചു
1629
2018ൽ മൊത്തം 1629 തവണ വെടി നിറുത്തൽ ലംഘിച്ചു.
ഈ വർഷത്തെ കണക്ക്
ജൂലായിൽ.... .......296
ഓഗസ്റ്റിൽ........... 307
സെപ്റ്റംബറിൽ ....292