കുഞ്ഞുങ്ങളെ ഏറെ അലട്ടുന്ന പ്രശ്നമാണ് വിരശല്യം. വായിൽ നിന്ന് വെള്ളം വരിക, രുചിയില്ലായ്മ, വിശപ്പില്ലായ്മ, ആഹാത്തോട് വെറുപ്പ്, വിളർച്ച, ക്ഷീണം, വയറുവീർപ്പ്, വയറുവേദന, തലക്കറക്കം, ചുമ, പനി, ഛർദ്ദി, മലം ഇളകിപ്പോകുക, മലദ്വാരത്തിൽ അസഹ്യമായ ചൊറിച്ചിൽ എന്നീ ലക്ഷണങ്ങൾ വിരശല്യമുള്ള കുട്ടികളിൽ കാണാം.
ശരീരത്തിൽ മലാംശങ്ങൾ വർദ്ധിക്കുമ്പോഴാണ് വിരകൾ ഉണ്ടാകുന്നത്. കഴുകാതെ ഭക്ഷിക്കുന്ന ഫലവർഗങ്ങൾ, പച്ചക്കറികൾ, പാൽ, ശർക്കര, എള്ള്. മത്സ്യം, പോത്തിറച്ചി, പന്നിയിറച്ചി, മലിനജലം ഇവയുടെ ഉപയോഗം കൊണ്ടും കളിപ്പാട്ടങ്ങൾ, നഖങ്ങൾക്കിടയിലെ അഴുക്ക്, ഈച്ച, പാറ്റ എന്നിവ കൊണ്ടും വിരകളുടെ മുട്ടകൾ വയറ്റിൽ എത്തിച്ചേരും.മധുരപലഹാരങ്ങൾ, എണ്ണയിൽ വറുത്ത പലഹാരങ്ങൾ എന്നിവ കഴിവതും കൊടുക്കാതിരിക്കുകയും ക്രമമായ മലശോധന വരുത്തുകയും പരിസര ശുചിത്വവും വ്യക്തിശുചിത്വവും കർശനമായി പാലിക്കുകയും ചെയ്യണം. നഖം വെട്ടുകയും, കുഞ്ഞ് നഖം കടിക്കാതിരിക്കാനും വിരൽ വായിലിടാതിരിക്കാനും പ്രത്യേകം ശ്രദ്ധിക്കുകയും വേണം.