stock

കൊച്ചി: റെക്കാഡ് മുന്നേറ്റവും വൻ ലാഭവും പ്രതീക്ഷിച്ച് ഓഹരി വിപണിയും നിക്ഷേപക - ബിസിനസ് ലോകവും 'പുതുവർഷത്തിലേക്ക്" ചുവടുവയ്‌ക്കുന്നു. ഗുജറാത്തി ഹൈന്ദവ വിശ്വാസപ്രകാരമുള്ള, ഐശ്വര്യവർഷമായ 'സംവത്-2076"ന് തുടക്കമാകുന്നത് അടുത്ത തിങ്കളാഴ്‌ചയാണ് (ഒക്‌ടോബർ 28). ഇതിനു മുന്നോടിയായുള്ള മുഹൂർത്ത വ്യാപാരം ഒക്‌ടോബർ 27ന് (ഞായർ) വൈകിട്ട് 6.15 മുതൽ 7.15വരെ ബി.എസ്.ഇയിലും (സെൻസെക്‌സ്) എൻ.എസ്.ഇയിലും (നിഫ്‌റ്റി) നടക്കും.

പുതുതായി ഓഹരികൾ വാങ്ങാനും നിലവിലെ ഓഹരി പങ്കാളിത്തം ഉയർത്താനും ഏറ്റവും ഐശ്വര്യപൂർണമെന്ന് നിക്ഷേപക ലോകം കരുതുന്ന മുഹൂർത്തമാണിത്. പുതിയ വീട്, സ്ഥലം, വാഹനം, ആഭരണങ്ങൾ, വസ്‌ത്രങ്ങൾ തുടങ്ങിയവ സ്വന്തമാക്കാനുള്ള ഏറ്റവും മികച്ച സമയമെന്നും ഇത് വിശ്വസിക്കപ്പെടുന്നു. ജ്യോതിഷ പണ്ഡിതരാൽ കൃത്യമായി നിശ്‌ചയിക്കപ്പെട്ട സമയത്താണ് മുഹൂർത്ത വ്യാപാരം സംഘടിപ്പിക്കുന്നത്.

ഐശ്വര്യദേവതയായ ലക്ഷ്‌മീദേവിക്ക് പൂജകൾ അർപ്പിച്ചുകൊണ്ടാണ് മുഹൂർത്ത വ്യാപാരത്തിന് തുടക്കമാകുക. ഏഷ്യയിലെ ഏറ്റവും പഴയ ഓഹരി വിപണിയായ സെൻസെക്‌സ് കഴിഞ്ഞ ആറു പതിറ്റാണ്ടായി മുഹൂർത്ത വ്യാപാരം സംഘടിപ്പിക്കുന്നു. മുൻവർഷങ്ങളെ അപേക്ഷിച്ച് ഇക്കുറി ഏറെ പ്രതീക്ഷകളാണ് നിക്ഷേപക-ബിസിനസ് ലോകത്തിനുള്ളത്. ഇന്ത്യ നിലവിൽ നേരിടുന്ന സാമ്പത്തിക ഞെരുക്കം, വില്‌പനമാന്ദ്യം എന്നിവയ്ക്ക് സംവത്-2076 വർഷാരംഭത്തോടെ അറുതിയാകുമെന്നാണ് നിക്ഷേപകരുടെ പ്രതീക്ഷ. മുഹൂർത്ത വ്യാപാരത്തിന്റെ പിറ്രേന്ന് ദീപാവലി പ്രമാണിച്ച് ഓഹരി വിപണികൾക്ക് അവധിയാണ്.

സെൻസെക്‌സ്

പുതിയ ഉയരത്തിലേക്ക്?

കഴിഞ്ഞ ജൂണിൽ കുറിച്ച 40,312 പോയിന്റാണ് സെൻസെക്‌സിന്റെ റെക്കാഡ് ഉയരം. കഴിഞ്ഞവാരം സെൻസെക്‌സ് വ്യാപാരം അവസാനിപ്പിച്ചത് 39,298ലാണ്. നിക്ഷേപം വൻതോതിൽ ഒഴുകിയെത്തിയാൽ ഒരുപക്ഷേ, ഇത്തവണത്തെ മുഹൂർത്ത വ്യാപാരത്തിൽ സെൻസെക്‌സ് പുതിയ ഉയരം കുറിച്ചേക്കും.

4,061

കഴിഞ്ഞവർഷത്തെ മുഹൂർത്ത വ്യാപാരത്തിൽ നിന്ന് ഇതുവരെയായി സെൻസെക്‌സ് മുന്നേറിയത് 4,061 പോയിന്റാണ്. നിഫ്‌റ്റി 1,061 പോയിന്റും കുതിച്ചു.

₹7.90 ലക്ഷം കോടി

സംവത്-2075ൽ സെൻസെക്‌സിന്റെ മൂല്യത്തിൽ ഇതുവരെയുണ്ടായ വർദ്ധന 7.90 ലക്ഷം കോടി രൂപ. 141.67 ലക്ഷം കോടി രൂപയിൽ നിന്ന് 149.58 ലക്ഷം കോടി രൂപയായാണ് മൂല്യമുയർന്നത്.

₹1.18 ലക്ഷം കോടി

സംവത്-2075ലെ (കഴിഞ്ഞവർഷത്തെ) മുഹൂർത്ത വ്യാപാരത്തിൽ 1.18 ലക്ഷം കോടി രൂപയുടെ നേട്ടമാണ് സെൻസെക്‌സിലെ നിക്ഷേപകർ കൊയ്തത്. സെൻസെക്‌സ് 245 പോയിന്റും നിഫ്‌റ്റി 68 പോയിന്റും അന്ന് നേട്ടമുണ്ടാക്കി.

മുഹൂർത്ത വ്യാപാരം:

ലാഭവും നഷ്‌ടവും

 സംവത് 2071 മുഹൂ‌ർത്ത വ്യാപാരം: സെൻസെക്‌സ് 63 പോയിന്റും നിഫ്‌റ്റി 18 പോയിന്റും ഉയർന്നു

 സംവത് 2072: സെൻസെക്‌സിന്റെ നേട്ടം 123 പോയിന്റ്. നിഫ്‌റ്റി 41 പോയിന്റ്

 2073: സെൻസെക്‌സ് 11 പോയിന്റും നിഫ്‌റ്റി 12 പോയിന്റും നഷ്‌ടം കുറിച്ചു

 2074: സെൻസെക്‌സിന്റെ നഷ്‌ടം 194 പോയിന്റ്. നിഫ്‌റ്റി 64 പോയിന്റും ഇടിഞ്ഞു

 2075: സെൻസെക്‌സ് 245 പോയിന്റും നിഫ്‌റ്റി 68 പോയിന്റും ഉയർന്നു

പ്രതീക്ഷകൾ വാനോളം

കഴിഞ്ഞയാഴ്‌ചയിലെ നേട്ടക്കുതിപ്പ് സംവത്-2075ലെ ഈ അവസാന വാരത്തിലും കാഴ്‌ചവയ്‌ക്കാനാകുമെന്നാണ് ഓഹരി വിപണിയുടെ പ്രതീക്ഷ. കോർപ്പറേറ്റ് കമ്പനികളുടെ ഇതുവരെ പുറത്തുവന്ന സെപ്‌തംബ‌ർപാദ പ്രവർത്തനഫലങ്ങൾ പൊതുവേ നിരാശപ്പെടുത്തിയിട്ടില്ല. ആക്‌സിസ് ബാങ്ക്, എസ്.ബി.ഐ., ഐ.സി.ഐ.സി.ഐ ബാങ്ക്, ബജാജ് ഫിനാൻസ്, ഹീറോമോട്ടോ കോർപ്പ് തുടങ്ങിയവയുടെ ഫലം ഈവാരം അറിയാം. വിദേശ നിക്ഷേപകരും (എഫ്.പി.ഐ) ഇന്ത്യൻ ഓഹരികൾ വാങ്ങിത്തുടങ്ങിയിട്ടുണ്ട്. ഈമാസം ഇതുവരെ 4,970 കോടി രൂപയുടെ ഇന്ത്യൻ ഓഹരികൾ അവർ വാങ്ങി.

തിളക്കത്തോടെ സ്വർണം

സംവത്-2075ൽ നിന്ന് 2076ലേക്ക് ചുവടുവയ്‌ക്കുമ്പോൾ സ്വർണവില കാഴ്‌ചവച്ചത് വൻകുതിപ്പാണ്. കഴിഞ്ഞവർഷത്തെ മുഹൂർത്ത വ്യാപാരനാളിൽ പവന് 23,640 രൂപയും ഗ്രാമിന് 2,955 രൂപയുമായിരുന്നു വില. ഇപ്പോൾ വില പവന് 28,480 രൂപ. ഗ്രാമിന് 3,560 രൂപ. സെപ്‌തംബർ നാലിന് പവൻ വില റെക്കാഡ് ഉയരമായ 29,120 രൂപയിലെത്തിയിരുന്നു.