ഇടുക്കി: മുലപ്പാൽ നൽകിയ ശേഷം കഴുത്ത് മുറുക്കി കുഞ്ഞിനെ കൊലപ്പെടുത്തിയ ഇടുക്കി മുരിക്കാശേരി വാത്തിക്കുടി സ്വദേശിനിയായ ബിരുദ വിദ്യാർത്ഥിനിയെ പൊലീസ് അറസ്റ്റ് ചെയ്തു. പെൺകുട്ടി താൻ കുറ്റം ചെയ്ത കാര്യം പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. കഴിഞ്ഞ ചൊവാഴ്ച താമസിക്കുന്ന വീട്ടിലെ ശുചിമുറിയിൽ വച്ചാണ് പെൺകുട്ടി പ്രസവിച്ചത്. കത്രിക ഉപയോഗിച്ചാണ് പെൺകുട്ടി താൻ പ്രസവിച്ച കുട്ടിയുടെ പൊക്കിൾകൊടി വേർപെടുത്തിയത്.
ഇതിനുശേഷം ധരിച്ചിരുന്ന വേഷം മാറ്റി കുഞ്ഞിനെ തുടച്ച് വൃത്തിയാക്കിയ അമ്മ കുഞ്ഞിന് മുലപ്പാൽ കൊടുത്ത ശേഷം നനഞ്ഞ തുണി കഴുത്തിൽ ചുറ്റി കുഞ്ഞിനെ കൊല ചെയ്യുകയായിരുന്നു. തുടർന്ന് രാത്രി വരെ കുഞ്ഞിന്റെ മൃതദേഹം കവറിൽ സൂക്ഷിച്ച പെൺകുട്ടി ജഡം മറവ് ചെയ്യാൻ സുഹൃത്തിന്റെ സഹായം തേടി. ഇയാളാണ് പൊലീസിനെ വിവരം അറിയിച്ചത്. താൻ പ്രസവിച്ചത് ചാപിള്ളയെ ആയിരുന്നു എന്നാണു പെൺകുട്ടി ആദ്യം പൊലീസിനോട് പറഞ്ഞത്.
എന്നാൽ പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ കുട്ടി കഴുത്ത് മുറുകിയാണ് മരിച്ചതെന്ന് കണ്ടത്തുകയായിരുന്നു. ഇതുകൂടാതെ കുഞ്ഞിന്റെ വയറ്റിൽ മുലപ്പാലും കണ്ടെത്തിയിരുന്നു. കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു വിദ്യാർത്ഥിനിയെ ഡിസ്‌ചാർജ് ചെയ്ത ശേഷമായിരുന്നു പൊലീസ് അറസ്റ്റ് ചെയ്തത്. മണിയാറൻക്കുടിയിൽ താമസിച്ചിരുന്ന തന്റെ സുഹൃത്താണ് കുഞ്ഞിന്റെ പിതാവെന്ന് പെൺകുട്ടി പൊലീസിനോട് പറഞ്ഞു. ഇയാൾ രണ്ടുമാസം മുൻപ് ആത്മഹത്യ ചെയ്തിരുന്നു.