news

1. സംസ്ഥാനത്ത് തുലാവര്‍ഷം കനത്തതോടെ ഇന്ന് മുതല്‍ വരുന്ന അഞ്ച് ദിവസം ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത എന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. വിവിധ ജില്ലകളില്‍ ഓറഞ്ച്, യെല്ലോ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു. തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ടുണ്ട്. നാളെ തിരുവനന്തപുരം, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലും ചൊവ്വാഴ്ച എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലും കനത്ത മഴയ്ക്ക് സാധ്യത. തുലാവര്‍ഷത്തിന്റെ ഭാഗമായി അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദം ആണ് ശക്തമായ മഴയ്ക്ക് കാരണം. മത്സ്യ തൊഴിലാളികള്‍ കടലില്‍ പോകരുത് എന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
2. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് മണ്ഡലങ്ങളിലും നിശബ്ദ പ്രചാരണം. അവസാനവട്ട വോട്ടും ഉറപ്പിക്കുന്നതിന്റെ തിരക്കില്‍ ആണ് സ്ഥാനാര്‍ത്ഥികള്‍. മഞ്ചേശ്വരം, എറണാകുളം, അരൂര്‍, കോന്നി, വട്ടിയൂര്‍ക്കാവ് മണ്ഡലങ്ങളിലെ ജനങ്ങള്‍ നാളെ ഉപതിരഞ്ഞെടുപ്പിന് ആയി പോളിംഗ് ബൂത്തിലേക്ക് നീങ്ങും. 24 നാണ് വോട്ടെണ്ണല്‍. അവസാന നിമിഷവും ജാതിമത സമവാക്യങ്ങളെ കുറിച്ചുള്ള കൂട്ടലും കിഴിക്കലും ആണ് മുന്നണികള്‍ നടത്തുന്നത്. എന്‍.എസ്.എസ്, എസ്.എന്‍.ഡി.പി, ഓര്‍ത്തഡോക്സ് സഭ എന്നിവരുടെ നിലപാടുകള്‍ തിരഞ്ഞെടുപ്പ് ഫലത്തില്‍ എങ്ങനെ പ്രതിഫലിക്കും എന്നാണ് ഇനി അറിയേണ്ടത്.
3. അരൂര്‍ ഒഴിച്ച് നാലും സിറ്റിംഗ് സീറ്റ് ആയതിനാല്‍ അവ നിലനിര്‍ത്താനും അരൂര്‍ തിരിച്ചി പിടിക്കാനും ഉള്ള തീവ്ര ശ്രമത്തില്‍ ആണ് യു.ഡി.എഫ്. പാലായിലെ അട്ടിമറി നല്‍കിയ ആത്മവിശ്വാസത്തില്‍ അഞ്ചിടങ്ങളിലും മുന്നേറാന്‍ ആണ് എല്‍.ഡി.എഫ് ശ്രമം. ലോക്സഭ തിരഞ്ഞെടുപ്പില്‍ വട്ടിയൂര്‍ക്കാവിലും മഞ്ചേശ്വരത്തും രണ്ടാം സ്ഥാനത്ത് എത്തിയ ബി.ജെ.പി ശക്തമായ ത്രികോണ മത്സരമാണ് പ്രതീക്ഷിക്കുന്നത്. തിരഞ്ഞെടുപ്പിന് ഉള്ള വോട്ടിംഗ് സാമഗ്രികളുടെ വിതരണവും പുരോഗമിക്കുക ആണ്.
4. അതേസമയം, അരൂരിന് പുറമെ വട്ടിയൂര്‍ക്കാവിലും 260 ഇരട്ട വോട്ട് കണ്ടെത്തി എന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. ഇത് തടയാന്‍ നടപടി എടുത്തതായും കളക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അറിയിച്ചു. അരൂര്‍ മണ്ഡലത്തില്‍ വോട്ടര്‍ പട്ടികയില്‍ ഉള്ളത് 161 ഇരട്ട വോട്ടമാര്‍ എന്ന് നേരത്തെ കണ്ടെത്തിയിരുന്നു. ക്രമക്കേട് തടയാന്‍ ഇരട്ട വോട്ടമാരുടെ വോട്ടര്‍ പട്ടിക ബന്ധപ്പെട്ടവര്‍ പ്രിസൈഡിംഗ് ഓഫീസര്‍മാര്‍ക്ക് നല്‍കും. യു.ഡി.എഫിന്റെ പരാതിയില്‍ നടത്തിയ പരിശോധനയില്‍ ആയിരുന്നു കണ്ടെത്തല്‍.


5. അതിര്‍ത്തിയിലെ നിയന്ത്രണ രേഖയില്‍ പാക് വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച സാഹചര്യത്തില്‍, പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗും കരസേനാ മേധാവി ബിപിന്‍ റാവത്തും ആയി ചര്‍ച്ച നടത്തി. ചര്‍ച്ചയില്‍ അതിര്‍ത്തിയിലെ സാഹചര്യം പ്രതിരോധമന്ത്രി നേരിട്ട് വിലയിരുത്തി. പാക് വെടിനിര്‍ത്തല്‍ ലംഘനത്തെ കുറിച്ച് വിവരം നല്‍കാന്‍ ആണ് ചര്‍ച്ച നടത്തിയത്. പാകിസ്ഥാന് എതിരെ ഇന്ത്യന്‍ സൈന്യം തിരിച്ചടിച്ചതില്‍ ഭീകരക്യാമ്പുകള്‍ മാത്രമാണ് ലക്ഷ്യം ഇട്ടത് എന്ന് കരസേന. ആക്രമണത്തില്‍ അഞ്ച് പാകിസ്ഥാന്‍ സൈനികര്‍ കൊല്ലപ്പെട്ടെന്ന് ഇന്ത്യ.
6. ഒമ്പത് ഇന്ത്യന്‍ സൈനികരെ വധിച്ചു എന്നായിരുന്നു പാകിസ്ഥാന്റെ അവകാശ വാദം. കുപ്വാര ജില്ലയിലെ തങ്ധാര്‍ മേഖലയില്‍ വെടിനിറുത്തില്‍ കരാര്‍ ലംഘിച്ച് പാക് സൈന്യം നടത്തിയ വെടിവയ്പ്പില്‍ 2 സൈനികരും ഒരു പ്രദേശവാസിയും കൊല്ലപ്പെട്ടിരുന്നു. നുഴഞ്ഞ് കയറ്റക്കാര്‍ക്ക് സൗകര്യം ഒരുക്കുന്നതിന് വേണ്ടിയാണ് പാകിസ്ഥാന്‍ കരാര്‍ ലംഘിച്ചത് എന്ന് ഇന്ത്യന്‍ സൈന്യം ചൂണ്ടിക്കാട്ടി. കഴിഞ്ഞ ആഴ്ചയും പാക് വെടിവെപ്പില്‍ രണ്ട് സൈനികര്‍ വീരമൃത്യു വരിച്ചിരുന്നു.
7. എം.ജി സര്‍വകലാശാല മാര്‍ക്ക്ദാന വിവാദത്തില്‍ നിലപാടില്‍ ഉറച്ച് ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി ജലീല്‍. അര്‍ഹത ഉള്ളവര്‍ക്ക് വേണ്ടി ഇനിയും ചട്ടങ്ങള്‍ ലംഘിക്കും എന്ന് ജലീല്‍. ഇത് മഹാ അപരാധം ആണെങ്കിലും ആവര്‍ത്തിക്കും. അനധികൃതമായി ഒന്നും ചെയ്തിട്ടില്ല. മുന്നില്‍ വരുന്ന പ്രശ്നങ്ങളെ മനുഷ്യത്തോടെ കാണും. അവസാന അത്താണിയായി വരുന്നവരെ സഹായിക്കും എന്നും ജലീല്‍ കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ദിവസം സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ മാര്‍ക്ക് ദാന വിവാദത്തില്‍ കെ.ടി ജലീലിന് എതിരെ പരോക്ഷമായി രംഗത്ത് എത്തിയിരുന്നു. സര്‍വ്വകലാശാലയെ കുറ്റപ്പെടുത്തിയ കോടിയേരി സംഭവം പാര്‍ട്ടി പരിശോധിക്കും എന്നും വ്യക്തമാക്കി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ മകന് എതിരെയുള്ള ജലീലിന്റെ ആരോപണവും കോടിയേരി വിമര്‍ശിച്ചിരുന്നു.
8. മരടിലെ അനധികൃത ഫ്ളാറ്റ് നിര്‍മാണക്കേസില്‍ കൂടുതല്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പ്രതികള്‍ ആയേക്കും എന്ന് ക്രൈംബ്രാഞ്ച്. തെളിവുകള്‍ കിട്ടുന്ന മുറയ്ക്ക് രാഷ്ട്രീയക്കാര്‍ അടക്കം ഉള്ളവര്‍ പിടിയില്‍ ആകുമെന്ന് ക്രൈംബ്രാഞ്ച് മേധാവി ടോമിന്‍ തച്ചങ്കരി. മരട് ഫ്ളാറ്റ് നിര്‍മ്മാണ കേസിന്റെ അന്വേഷണത്തില്‍ കൃത്യമായ പുരോഗതി ഉണ്ട് എന്നും വിലയിരുത്തലില്‍ . കേസില്‍ ഇതിനോടകം മൂന്ന് പേര്‍ അറസ്റ്റില്‍ ആയതോടെ ബാക്കിയുള്ള ഫ്ളാറ്റ് ഉടമകളും കേസിലെ നാലാം പ്രതി മരട് പഞ്ചായത്ത് മുന്‍ ക്ലര്‍ക്ക് ജയറാം നായക്കും ഒളിവില്‍ ആണ്. ജെയിന്‍ കമ്പനി ഉടമയ്ക്ക് മുന്‍കൂര്‍ ജാമ്യം ലഭിച്ചതായി അറിയില്ല എന്ന് ക്രൈംബ്രാഞ്ച് മേധാവി അറിയിച്ചു. കേസ്റ്റഡിയില്‍ ഉള്ള മറ്റ് മൂന്ന് പ്രതികളുടെ ചോദ്യം ചെയ്യല്‍ പുരോഗമിക്കുകയാണ്.
9. ജസ്റ്റിസ് ബാലകൃഷ്ണന്‍ നായര്‍ സമിതി നഷ്ടപരിഹാരം നിശ്ചയിച്ച 107 ഫ്ളാറ്റ് ഉടമകള്‍ ഇന്ന് നഗരസഭയില്‍ സത്യവാങ്മൂലം സമര്‍പ്പിക്കണം. ഇതില്‍ 200 രൂപയുടെ മുദ്രപ്പത്രത്തില്‍ ബാങ്ക് എക്കൗണ്ട് അടങ്ങിയ വിവരങ്ങളും രേഖപ്പെടുത്തണം. ഇന്ന് വൈകിട്ട് അഞ്ച് വരെ സത്യവാങമൂലം സമര്‍പ്പിക്കാം. മുദ്രപ്പത്രം നഗരസഭയില്‍ തന്നെ ലഭ്യമാക്കും എന്നും വിവരങ്ങള്‍ കൃത്യമായാല്‍ രണ്ട് ദിവസത്തിന് അകം തുക അക്കൗണ്ടില്‍ നിക്ഷേപിക്കും എന്നും സബ്കളക്ടര്‍ അറിയിച്ചു. നിലവില്‍ മൂന്ന് പേര്‍ക്ക് മാത്രമേ 25 ലക്ഷം രൂപ ലഭിക്കുകയുള്ളൂ.