sivasena-

മുംബയ്: നിയമസഭാ തിരഞ്ഞെടുപ്പിന് മണിക്കൂറുകൾ മാത്രം ശേഷിക്കെ മഹാരാഷ്ട്രയിൽ ബി.ജെ.പിക്കെതിരെ വിമർശനവുമായി ശിവസേന. മഹാരാഷ്ട്രയിൽ ബി.ജെ.പി നയിക്കുന്ന സഖ്യത്തെ വെല്ലുവിളിക്കാൻ പ്രതിപക്ഷപാർട്ടികളൊന്നും അവശേഷിക്കുന്നില്ലെന്ന മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസിന്റെ പരാമർശത്തിനെതിരെയാണ് മുഖപത്രമായ സാംനയിലെ ലേഖനത്തിൽ ശിവസേന വിമർശിച്ചിരിക്കുന്നത്. പ്രതിപക്ഷം അവശേഷിക്കുന്നില്ലെങ്കിൽ പിന്നെ എന്തിനാണ് ഇത്രയധികം റാലികൾ സംസ്ഥാനത്ത് സംഘടിപ്പിച്ചതെന്നാണ് ശിവസേനയുടെ രാജ്യസഭാ എം.പി സഞ്ജയ് റാവത്ത് ലേഖനത്തിൽ ചോദിച്ചിരിക്കുന്നത്. തിരഞ്ഞെടുപ്പിൽ സഖ്യത്തിൽ മത്സരിക്കുന്ന ഇരുപാർട്ടികളും തമ്മിലുള്ള അസ്വാരസ്യങ്ങൾ കൂടുതൽ രൂക്ഷമാണെന്നാണ് റിപ്പോർട്ടുകൾ.

ബി.ജെ.പി സഖ്യത്തെ തോല്പിക്കാൻ പോന്ന പ്രതിപക്ഷ കക്ഷികളൊന്നും മഹാരാഷ്ട്രയിലില്ലെന്നായിരുന്നു ദിവസങ്ങൾക്ക് മുമ്പ് ഫഡ്നാവിസ് പറഞ്ഞത്. അങ്ങനെയെങ്കിൽ മോദിയും അമിത് ഷായും എന്തിനാണ് ഇത്രയധികം റാലികൾ സംസ്ഥാനത്ത് സംഘടിപ്പിച്ചത്. നേരത്തേ ഇതേ സംശയം എൻ.സി.പി നേതാവ് ശരത് പവാറും ഉന്നയിച്ചിരുന്നു. അദ്ദേഹത്തിന്റെ സംശയം തെറ്റല്ല. തിരഞ്ഞെടുപ്പിൽ വെല്ലുവിളിയുള്ളതു കൊണ്ടുതന്നെയാണ് ഇത്രയേറെ റാലി നടത്താൻ ബി.ജെ.പിക്കു മേൽ സമ്മർദ്ദമുണ്ടായത്. സാമ്നയുടെ എക്സിക്യൂട്ടിവ് എഡിറ്റർ കൂടിയായ റാവത്ത് പറഞ്ഞു. മഹാരാഷ്ട്രയുടെ രാഷ്ട്രീയഭാവി മാറ്റിമറിക്കുന്നതാവും ഉദ്ധവ് താക്കറെയുടെ മകൻ ആദിത്യ താക്കറെയുടെ തിരഞ്ഞെടുപ്പ് പ്രവേശനം. ആദിത്യ സംസ്ഥാനത്തെ നയിക്കണമെന്ന യുവതലമുറയുടെ ആഗ്രഹം സാക്ഷാത്കരിക്കാനാണ് അദ്ദേഹം മത്സരിക്കുന്നത്. അല്ലാതെ നിയമസഭയിൽ വെറുതേയിരിക്കാനല്ലെന്നും റാവത്ത് വ്യക്തമാക്കി. മുംബയിലെ വർളി മണ്ഡലത്തിൽനിന്നാണ് ആദിത്യ താക്കറെ മത്സരിക്കുന്നത്.