ചേർത്തല: ശ്രീനാരായണ ഗുരു രചിച്ച കുണ്ഡലിനിപ്പാട്ടിനെ ആസ്പദമാക്കി നടത്തുന്ന മെഗാ മോഹിനിയാട്ടം ഇവന്റിലേക്കായി എസ്.എൻ.ഡി.പി യോഗത്തിന്റെ നേതൃത്വത്തിൽ തയ്യാറാക്കിയ 'ഏകാത്മകം' മെഗാ ഇവന്റ് വെബ്സൈറ്റ് ഉദ്ഘാടനം യോഗം പ്രസിഡന്റ് ഡോ.എം.എൻ. സോമൻ നിർവഹിച്ചു. 2020 ജനുവരിയൽ തൃശൂർ തേക്കിൻകാട് മൈതാനിയിലാണ് 5000 നർത്തകിമാർ പങ്കെടുക്കുന്ന ഏകാത്മകം മെഗാ ഇവന്റ് നടക്കുന്നത്.
ചേർത്തല ഹോട്ടൽ ട്രാവൻകൂർ പാലസിൽ നടന്ന ചടങ്ങിൽ യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ, വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി, മെഗാ ഇവന്റ് ജനറൽ കൺവീനർ അരയാക്കണ്ടി സന്തോഷ്, നൃത്തപരിശീലന കോ-ഓർഡിനേറ്റർ കലാമണ്ഡലം ഡോ.ധനുഷാ സന്യാൽ, യോഗം ലീഗൽ അഡ്വൈസർ അഡ്വ.രാജൻബാബു, യോഗം കൗൺസിലർമാരായ പി.ടി. മന്മഥൻ, വിപിൻരാജ്, പി.സുന്ദരൻ,പച്ചയിൽ സന്ദീപ്,പി.എസ്.എൻ ബാബു,എബിൻ അമ്പാടിയിൽ,എ.ജി.തങ്കപ്പൻ,ഷീബ, ബേബിറാം, പ്രസന്നൻ ഇരിങ്ങാലക്കുട, ബാബു കടുത്തുരുത്തി, ഇവന്റ് കോ-ഓർഡിനേറ്റർ അഡ്വ.സംഗീതാ വിശ്വനാഥൻ, ഓർഗനൈസർ കിരൺ ചന്ദ്രൻ, മിന്റ് ഇവന്റ്‌സ് എം.ഡി.വിനയകുമാർ തുടങ്ങിയവർ പങ്കെടുത്തു.
ഏകാത്മകം മെഗാ ഇവന്റിൽ പങ്കെടുക്കേണ്ട നർത്തകിമാരുടെ ഓൺലൈൻ രജിസ്‌ട്രേഷൻ, അവതരിപ്പിക്കേണ്ട നൃത്താവതരണത്തിന്റെ വീഡിയോ തുടങ്ങി മെഗാഇവന്റുമായി ബന്ധപ്പെട്ട മുഴുവൻ വിവരങ്ങളും www.ekatmakam.in എന്ന വെബ്സൈറ്റിൽ ലഭ്യമാക്കും.