ബ്രിട്ടീഷ് മോട്ടോർസൈക്കിൾ ബ്രാൻഡായ ട്രയംഫിന്റെ ഏറ്റവും സ്വീകാര്യതയുള്ള മോഡലുകളിലൊന്നാണ് സ്‌ട്രീറ്റ് ട്രിപ്പിൾ. 2007ലാണ് ഈ താരം ആദ്യമായി നിരത്തിലെത്തിയത്. തുടർന്നുള്ള, ഒരുപതിറ്റാണ്ടിലേറെ കാലയളവിൽ വിറ്റഴിഞ്ഞത് 90,000 യൂണിറ്റുകൾ. ഇപ്പോഴിതാ, ഉന്നത മോഡലായ സ്‌ട്രീറ്റ് ട്രിപ്പിൾ ആർ.എസിന്റെ പുതിയ പതിപ്പ് 2020ലേക്കായി അണിയിച്ച് ഒരുക്കിയിരിക്കുകയാണ് ട്രയംഫ്.
വീക്കെൻഡ് അല്ലെങ്കിൽ ദീർഘദൂര റൈഡ് എന്നതിനപ്പുറം പ്രതിദിന ഉപയോഗത്തിന് പറ്റുന്നവിധമാണ് സ്‌ട്രീറ്റ് ട്രിപ്പിൾ ആർ.എസ് - 2020യ്ക്ക് കാണുന്ന മാറ്റങ്ങൾ. പൊതുനിരത്തിനും ഓഫ് റോഡുകൾക്കും ഒരുപോലെ ഇണങ്ങും. യൂറോ-5 ചട്ടങ്ങൾക്ക് അനുസൃതമായി, ട്രയംഫിന്റെ 'മോട്ടോ2 എൻജിൻ വിഭാഗം" രൂപപ്പെടുത്തിയ എൻജിന്റെ കരുത്തും ടോർക്കും ഒമ്പത് ശതമാനം വരെ വർദ്ധിപ്പിച്ചിട്ടുണ്ട്. 123 ബി.എച്ച്.പി കരുത്തുള്ളതാണ്, ഡേടോണ 765 സി.സി, 3-സിലിണ്ടർ എൻജിൻ. പരമാവധി ടോർക്ക് 79 ന്യൂട്ടൺ മീറ്റർ. ഗിയറുകൾ ആറ്.
താഴ്‌ന്ന ഗിയറിൽ നിന്ന് ടോപ് ഗിയറിലേക്ക് കടക്കുമ്പോൾ ആയാസം അനുഭവപ്പെടില്ലെന്ന മികവുണ്ട്. വേഗതയിൽ മാറ്റമുണ്ടാകുമ്പോഴും ഗിയർ മാറ്റം സംബന്ധിച്ച ആശങ്ക വേണ്ടാത്തവിധമാണ് റൈഡിംഗ് സങ്കേതികവിദ്യയുടെ സജ്ജീകരണമെന്നതും മികവാണ്. ട്രയംഫ് സ്‌ട്രീറ്റ് ട്രിപ്പിൾ കുടുംബത്തിലാണ് പിറവിയെങ്കിലും, രൂപകല്‌പനയിൽ സ്വന്തം വ്യക്തിത്വം പുലർത്താൻ പുതിയ മോഡലിന് കഴിഞ്ഞിട്ടുണ്ട്.
പുതിയതും വ്യത്യസ്‌തവുമായ സിഗ്‌നേചർ ട്വിൻ - ഹെഡ്‌ലാമ്പുകളാണ് (എൽ.ഇ.ഡി) മുൻഭാഗത്തെ പ്രധാന ആകർഷണം. അതിനുമുകളിൽ, കണ്ണെഴുതിയത് പോലെയുള്ള ഡേടൈം റണ്ണിംഗ് ലൈറ്റുകളും മനോഹരമാണ്. വശങ്ങളും പിൻഭാഗവുമെല്ലാം ട്രയംഫ് പരിഷ്‌കരിച്ചിട്ടുണ്ട്. മികച്ച നിർമ്മാണ നിലവാരം കൂടിച്ചേരുമ്പോൾ, ഒരു 'ഫ്രഷ് ലുക്ക്" ഈ ബൈക്കിന് ലഭിക്കുന്നുമുണ്ട്. ഗ്ളോസി സിൽവർ പെയിന്റ്, കാർബൺ-ഫൈബർ വലയമുള്ള എക്‌സ്‌ഹോസ്‌റ്റ്, പുതിയ ഫുൾ കളർ 5 ഇഞ്ച് ടി.എഫ്.ടി സ്‌ക്രീൻ, 5-സ്‌പോക്ക് കാസ്‌റ്റ് അലുമിനിയം അലോയ് വീലുകൾ, തുടങ്ങിയവ പ്രീമീയം ടച്ചും ബൈക്കിന് സമ്മാനിക്കുന്നു.
കൂടുതൽ ഫീച്ചറുകളാണ് സമ്പന്നമാണ് ടി.എഫ്.ടി സ്‌ക്രീൻ. ബ്ളൂടൂത്ത് വഴി ഫോണും ഈ സ്‌ക്രീനും തമ്മിൽ ബന്ധിപ്പിക്കാം. 825 എം.എം ആണ് ബൈക്കിന്റെ സീറ്റുയരം. വീതിയേറിയ വിധമാണ് ഹാൻഡിൽ പൊസിഷൻ. മുന്നോട്ട് ചാഞ്ഞ് റൈഡ് ചെയ്യാനാകുന്ന വിധമാണ് ഫുട്‌പെഗ് ക്രമീകരണം. ഇത്, ദീർഘദൂര റൈഡിംഗ് സുഖകരമാക്കും. ക്രമീകരിക്കാവുന്ന ഷോവ ഫോർക്ക് - ഓലിൻസ് മോണോഷോക്ക് സസ്‌പെൻഷനുകളും മികച്ചതാണ്. അഞ്ച് റൈഡിംഗ് മോഡുകളും ബൈക്കിനുണ്ട്.
2020 ജനുവരിയിൽ പുതിയ സ്‌ട്രീറ്റ് ട്രിപ്പിൾ ആർ.എസ് വിപണിയിലെത്തുമെന്നാണ് കരുതുന്നത്. വില കമ്പനി വെളിപ്പെടുത്തിയിട്ടില്ല. യമഹ എം.ടി 09, കെ.ടി.എം 790 ഡ്യൂക്ക്, ഡുകാറ്രി മോൺസ്‌റ്റർ 821, കവാസാക്കി സീ900 എന്നിവയാണ് വിപണിയിലെ പ്രധാന എതിരാളികൾ.