aditya-thackeray-

മുംബയ്: മഹാരാഷ്ട്ര നിയമസഭ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ബി.ജെ.പി ഇത്രയധികം റാലികൾ സംഘടിപ്പിക്കുന്നതെന്തിനെന്ന് ശിവസേന. തന്റെ മുന്നണിയെ വെല്ലുവിളിക്കാൻ കഴിവുള്ള പ്രതിപക്ഷമില്ലെന്ന മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നവിസിന്റെ പ്രസ്താവനയ്ക്കെതിരെയാണ് ശിവസേന രംഗത്ത് വന്നത്. ശിവസേനയുടെ മുഖപത്രമായ സാമ്‌നയിലാണ് രാജ്യസഭാംഗം സഞ്ജയ് റാവുത്ത് ആരോപണം ഉന്നയിച്ചത്.

"തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ പ്രതിപക്ഷത്തെ കാണാൻ പോലുമില്ലെന്നായിരുന്നു മുഖ്യമന്ത്രി ആവർത്തിച്ചു പറഞ്ഞത്. എന്നാൽ പ്രധാനമന്ത്രി മോദിയെയും കേന്ദ്രമന്ത്രി അമിത്ഷായെയും മുന്നിൽനിറുത്തി നൂറുകണക്കിന് റാലികൾക്ക് ഫഡ്‌നവിസ്‌ മഹാരാഷ്ട്രയിൽ നേതൃത്വം നല്‍കിയതെന്തിനാണെന്ന് റാവുത്ത് ചോദിച്ചു.

തിരഞ്ഞെടുപ്പു രംഗത്തെ ആദിത്യ താക്കറെയുടെ സാന്നിദ്ധ്യം വരും വർഷങ്ങളിൽ സംസ്ഥാനത്തിന്റ രാഷ്ട്രീയഗതി തന്നെ മാറ്റിമറിക്കും. അദ്ദേഹം തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് നിയമസഭയിൽഇരിക്കാനായി മാത്രമല്ല സംസ്ഥാനത്തെ നയിക്കാൻ കൂടി വേണ്ടിയാണെന്നും ലേഖനം പറയുന്നു.