പാലക്കാട്: അധികാരികൾ അധികാരം ഗർവാക്കിമാറ്റരുതെന്ന് നായർ സർവീസ് സൊസൈറ്റി രജിസ്ട്രാർ ടി.എൻ.സുരേഷ് പറഞ്ഞു. പാലക്കാട് താലൂക്ക് നായർ നേതൃതല സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഗർവിനെ ഉച്ചാടനം ചെയ്‌തെങ്കിലേ സാമൂഹ്യ, സമുദായ പുരോഗതിയുണ്ടാകുകയുള്ളൂ. നായർ സമുദായത്തിൽ അനുഷ്ഠാനങ്ങൾ ഗോഷ്ടികളാകുന്ന സാഹചര്യങ്ങൾ ഒഴിവാക്കണം. ചട്ടമ്പിസ്വാമികൾ ചൂണ്ടിക്കാണിച്ച വൈഭവത്തിലേക്ക് ഉയരണമെങ്കിൽ ഗൃഹസമ്പർക്കം പോലുള്ള പരിപാടികളിലൂടെ സമൂഹമായി വളരണം. പാശ്ചാത്യ സംസ്‌കാരത്തെ അനുകരിച്ചുള്ള മദേഴ്‌സ് ഡേ ഫാദേഴ്‌സ് ഡേ പോലുള്ള പരിപാടികളല്ല മറിച്ച് നമ്മുടെ സംസ്‌കാരത്തിലൂന്നിയ വിജയദശമി,ഓണം, വിഷു തുടങ്ങിയവയെക്കുറിച്ചാണ് ബോധവത്കരിക്കേണ്ടത്. ആദ്ധ്യാത്മിക മേഖല ഉപഭോഗസംസ്‌കാരത്തിന് അടിപ്പെട്ടിരിക്കുന്നു. ധനസമാഹരണത്തിനുള്ള കേന്ദ്രങ്ങളല്ല ക്ഷേത്രങ്ങൾ, മൂർത്തികളുമായി താദാത്മ്യം പ്രാപിക്കുന്നതിനുള്ള ഇടങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.
സമ്മേളനത്തിൽ താലൂക്ക് യൂണിയൻ പ്രസിഡന്റ് അഡ്വ. കെ.കെ.മേനോൻ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് പി.സി.രാധാകൃഷ്ണൻ നായർ പ്രസംഗിച്ചു. ഉന്നത വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. യൂണിയൻ സെക്രട്ടറി എൻ.കൃഷ്ണകുമാർ സ്വാഗതവും താലൂക്ക് വനിതാ യൂണിയൻ പ്രസിഡന്റ് ബേബി ശ്രീകല നന്ദിയും പറഞ്ഞു.