oldest-pearl

അബുദാബി:ലോകത്തെ ഏറ്റവും പഴക്കമുള്ള പ്രകൃതിദത്ത മുത്ത് ( 8,000 വർഷം ) ആദ്യമായി പ്രദർശിപ്പിക്കുന്നു. അബുദാബിക്ക് സമീപം മാർവാ ദ്വീപിൽ പുരാവസ്തു ശാസ്‌ത്രജ്ഞർ നടത്തിയ ഉൽഖനനത്തിലാണ് നവീന ശിലായുഗ കാലത്തോളം പഴക്കമുള്ള അമൂല്യമായ ഈ മുത്ത് കണ്ടെത്തിയത്. കാർബൺ ഡേറ്റിംഗ് സങ്കേതം ഉപയോഗിച്ച് നടത്തിയ കാലനിർണയത്തിൽ ക്രിസ്‌തുവിന് മുൻപ് 5800 - 5600 വർഷങ്ങൾക്കിടയിലാണ് മുത്തിന്റെ പഴക്കം എന്ന് വ്യക്തമായി. കഷ്‌ടിച്ച് മൂന്ന് മില്ലി മീറ്ററാണ് മുത്തിന്റെ വ്യാസം.

അബുദാബിയിലെ ഏറ്റവും പഴക്കമുള്ള വാസ്‌തുവിദ്യയുടെ അവശിഷ‌്ടങ്ങൾ കണ്ടെത്തിയ സ്ഥലത്ത് പൗരാണിക കെട്ടിടത്തിന്റെ മുറിയുടെ തറയിലാണ് മുത്ത് കണ്ടെത്തിയത്.

ഈ മാസം 30 മുതൽ അടുത്ത വർഷം ഫെബ്രുവരി 18 വരെ അബുദാബിയിലെ ല്യൂവർ മ്യൂസിയത്തിലാണ് പ്രദർശിപ്പിക്കുന്നത്. പാരീസിലെ വിഖ്യാതമായ ല്യൂവർ മ്യൂസിയത്തിന്റെ ശാഖയാണ് ല്യൂവർ അബുദാബി. മുത്ത് കണ്ടെത്തിയതു മുതൽ ഇവിടത്തെ സയദ് നാഷണൽ മ്യൂസിയത്തിൽ സൂക്ഷിച്ചിരിക്കയാണ്. അവിടെ നിന്നാണ് ല്യൂവറിൽ പ്രദർശിപ്പിക്കാൻ എത്തിക്കുന്നത്.

എണ്ണായിരം വർഷങ്ങൾക്ക് മുൻപ് മനുഷ്യൻ കൃഷി തുടങ്ങുകയും ശിലായുധങ്ങൾ ഉപയോഗിക്കുകയും ചെയ്‌തിരുന്ന കാലത്തിന്റെ അടയാളമാണ് ഈ മുത്ത്. അക്കാലത്ത് തന്നെ യു. എ. ഇയിൽ ആഭരണങ്ങൾക്കും വ്യാപാരത്തിനും മറ്റ് ഇടപാടുകൾക്കും മുത്ത് ഉപയോഗിച്ചിരുന്നു എന്നതിന്റെ തെളിവാണിത്.