air-india

ന്യൂഡൽഹി: എയർ ഇന്ത്യയെ വിറ്റൊഴിയുന്നതിനുള്ള താത്പര്യപത്രം കേന്ദ്രസർക്കാർ അടുത്തമാസം ക്ഷണിച്ചേക്കും. നിലവിൽ 58,000 കോടിയോളം രൂപയുടെ കടബാദ്ധ്യതയുള്ള എയർ ഇന്ത്യ, കേന്ദ്രസർക്കാർ 2012ൽ പ്രഖ്യാപിച്ച 30,000 കോടി രൂപയുടെ രക്ഷാപാക്കേജിന്റെ പിൻബലത്തിലാണ് പ്രവർത്തിക്കുന്നത്. എയർ ഇന്ത്യ കൂടുതൽ ബാദ്ധ്യതയാകുന്നത് ഒഴിവാക്കാനാണ്, ഓഹരികൾ പൂർണമായി കേന്ദ്രസർക്കാർ വിറ്റൊഴിയുന്നത്.

പുതുതായി സജ്ജമാക്കിയ 'ഇ-ബിഡിംഗ്" സംവിധാനം മുഖേനയായിരിക്കും താത്പര്യപത്രം ക്ഷണിക്കുന്നത്. പൊതുമേഖലയിലെ ഏക വിമാനക്കമ്പനിയായ എയർ ഇന്ത്യയുടെ 100 ശതമാനം ഓഹരികളും കേന്ദ്രസർക്കാരിന്റെ കൈവശമാണ്. എയർ ഇന്ത്യയുടെ നിശ്‌ചിത ശതമാനം ഓഹരികൾ വില്‌ക്കാനുള്ള നീക്കങ്ങൾ കഴിഞ്ഞവർഷവും കേന്ദ്രസർക്കാർ നടത്തിയിരുന്നു. എന്നാൽ, ഏറ്റെടുക്കാൻ ആരും എത്തിയിരുന്നില്ല. തുടർന്നാണ്, നിബന്ധനകൾ ലളിതമാക്കി 100 ശതമാനം ഓഹരികളും വിറ്റൊഴിയാൻ സർക്കാർ തീരുമാനിച്ചത്.

ഓഹരി വിറ്റഴിക്കൽ നടപടിക്ക് മുന്നോടിയായി, കഴിഞ്ഞവാരം കേന്ദ്ര വ്യോമയാന സെക്രട്ടറി പ്രദീപ് സിംഗ് ഖരോള കഴിഞ്ഞവാരം എയ‌ർ ഇന്ത്യയുടെ അവലോകനയോഗം വിളിച്ചിരുന്നു. കമ്പനിയുടെ ബോർഡ് യോഗം നാളെ നടക്കാനിരിക്കേയായിരുന്നു ഇത്. ഓഹരി വില്‌പനനീക്കം സജീവമായതോടെ എയർ ഇന്ത്യയിൽ നിന്ന് പൈലറ്റുമാരടക്കം ഒട്ടേറെ ജീവനക്കാർ കൂടൊഴിഞ്ഞു തുടങ്ങിയിട്ടുണ്ട്. ശമ്പളം, സ്ഥാനക്കയറ്രം തുടങ്ങിയവ സംബന്ധിച്ച അനിശ്ചിതത്വവും ഇതിനു കാരണമാകുന്നു. രണ്ടായിരത്തോളം പൈലറ്റുമാരാണ് എയർ ഇന്ത്യയ്ക്കുള്ളത്.

വായ്‌പാ ബാദ്ധ്യത

തീർത്തേക്കും

ഓഹരി വിറ്റൊഴിയലിന് മുമ്പായി എയർ ഇന്ത്യയുടെ വായ്‌പാ ബാദ്ധ്യതയുടെ മുഖ്യപങ്കും തീർക്കാനുള്ള നീക്കം സർക്കാർ തുടങ്ങിയിട്ടുണ്ട്. ഉപസ്ഥാപനമായ എയർ ഇന്ത്യ അസറ്ര് ഹോൾഡിംഗ് ലിമിറ്റഡ് (എ.ഐ.എ.എച്ച്.എൽ) മുഖേന കടപ്പത്രങ്ങളിലൂടെ 30,000 കോടി രൂപ സർക്കാർ സമാഹരിച്ചിട്ടുണ്ട്. ഈ പണം കടം വീട്ടാൻ ഉപയോഗിക്കും.