ഇസ്ലാമബാദ്/ ന്യൂഡൽഹി : പാകിസ്ഥാൻ പഞ്ചാബിലെ കർതാർപുർ സാഹിബ് ഗുരുദ്വാരയും ഇന്ത്യ പഞ്ചാബിലെ ദേര ബാബ നാനാക് ഗുരുദ്വാരയും തമ്മിൽ ബന്ധിപ്പിക്കുന്ന 'കർതാർപുർ ഇടനാഴി' (Kartarpur Corridor) നവംബർ 9ന് തുറക്കുമെന്ന് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. സിഖ് മതക്കാർ പുണ്യകേന്ദ്രമായി വിശ്വസിക്കുന്ന ഇടമാണ് കർതാർപുർ ഗുരുദ്വാര. ഇടനാഴി തുറക്കുന്നതോടെ ഇവിടേക്ക് തടസങ്ങളില്ലാതെ ദർശനത്തിനു പോകാൻ പാകിസ്ഥാൻ സിഖുകാർക്ക് അനുമതി കൊടുക്കും. തിരിച്ച്, പാകിസ്ഥാനിലെ സിഖുകാർക്ക് ഇന്ത്യൻ പഞ്ചാബിലെ ദേര ബാബ നാനാക് ഗുരുദ്വാരയിലേക്കും സന്ദർശനം നടത്താം.
അതേസമയം, കർത്താർപൂർ ഇടനാഴിയുടെ ഉദ്ഘാടന ചടങ്ങിൽ ഇന്ത്യയുടെ മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ് പങ്കെടുക്കുമെന്ന് പാകിസ്ഥാൻ വിദേശകാര്യമന്ത്രി ഷാ മഹ്മൂദ് ഖുറേഷി അവകാശപ്പെട്ടു. പരിപാടിയിൽ പങ്കെടുക്കാനുള്ള തന്റെ ക്ഷണം മൻമോഹൻ സിംഗ് സ്വീകരിച്ചെന്നും പരിപാടിയിൽ വിശിഷ്ടാതിഥിയായല്ല ഒരു സാധാരണക്കാരനായി അദ്ദേഹം പങ്കെടുക്കുമെന്നും ശനിയാഴ്ച മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കവെ ഖുറേഷി പറഞ്ഞു. ഉദ്ഘാടന ചടങ്ങിൽ സിംഗ് പങ്കെടുക്കില്ലെന്ന് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങൾ അറിയിച്ചിട്ടുണ്ട്.