അഗർത്തല: സംസ്ഥാന ചരിത്രത്തിലെ ഏറ്റവും വലിയ അഴിമതിക്കേസിൽ പ്രതിയായ സി.പി.എം നേതാവിനെ പിടികൂടാനായി ത്രിപുര പൊലീസ് അന്വേഷണം ഊർജിമാക്കി. കോടികളുടെ അഴിമതി നടത്തിയെന്ന കേസിൽ മണിക് സർക്കാർ ഗവൺമെന്റിലെ പൊതുമരാമത്ത് മന്ത്രിയായിരുന്ന ബാദൽ ചൗധരിക്കായാണ് അന്വേഷണം നടത്തുന്നത്. 2008-2009 കാലത്തെ അഞ്ച് വീതം പാലങ്ങൾക്കും കെട്ടിടങ്ങൾക്കുമായുള്ള 638കോടിയുടെ പദ്ധതിയിൽ നിന്ന് 228കോടി തട്ടിയെന്നാണ് ഇയാൾക്കെതിരെയുള്ള കേസ്.
അഴിമതി കേസ് പുറത്ത് വന്നതോടെ ബാദൽ ചൗധരി ഒളിവിൽ കഴിയുകയാണ്. ചൗധരിയെ അറസ്റ്റ് ചെയ്യുന്നതിൽ വീഴ്ചവരുത്തിയെന്ന് കാണിച്ച് ഒമ്പത് പൊലീസ് ഉദ്യോഗസ്ഥരെയാണ് ബിപ്ലവ് ദേബ് സർക്കാർ സസ്‌പെൻഡ് ചെയ്തത്. ഒരു ഐ.പി.എസ് ഓഫീസറും ഡപ്യൂട്ടി സൂപ്രണ്ട് ഓഫ് പൊലീസും അടക്കമുള്ള മുതിർന്ന ഉദ്യോഗസ്ഥരെയാണ് സസ്‌പെൻഡ് ചെയ്തിരിക്കുന്നത്. മാത്രമല്ല ആറ് പൊലീസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റുകയും ചെയ്തു.
ത്രിപുര സംസ്ഥാനം കണ്ട ഏറ്റവും വലിയ അഴിമതിയെന്നാണ് നിയമ-വിദ്യാഭ്യാസ മന്ത്രി രതൻ ലാൽ നാഥ് സംഭവത്തെ വിശേഷിപ്പിച്ചിരിക്കുന്നത്. ചൗധരിക്കെതിരെ അന്വേഷണം ഊർജിമാക്കാനാണ് സംസ്ഥാന സർക്കാർ തീരുമാനിച്ചിരിക്കുന്നത്. എന്നാൽ ബി.ജെ.പി സർക്കാരിനെതിരെ സി.പി.എം രംഗത്തെത്തിയിരിക്കുകയാണ്. രാഷ്ട്രീയ ലാഭത്തിന് വേണ്ടി ചൗധരിക്കെതിരെ കള്ളക്കേസ് ചുമത്തിയതാണെന്നാണ് സിപിഎം ആരോപിക്കുന്നത്. ഇതിനെ രാഷ്ട്രീയമായി നേരിടുമെന്ന് സംസ്ഥാന സെക്രട്ടറി ഗൗതം ദാസ് വ്യക്തമാക്കി