ന്യൂഡൽഹി: ഇ-കൊമേഴ്‌സ് കമ്പനികളായ ആമസോൺ, ഫ്ളിപ്‌കാർട്ട് എന്നിവയിൽ നിന്ന് മറുപടി തേടി കേന്ദ്രസർക്കാരിന്റെ ചോദ്യശരങ്ങൾ. മെഗാ ഉത്സവകാല വില്‌പനയുടെ മറവിൽ ഇ-കൊമേഴ്‌സ് കമ്പനികൾ നേരിട്ടുള്ള വിദേശ നിക്ഷേപ (എഫ്.ഡി.ഐ) ചട്ടങ്ങൾ ലംഘിച്ചുവെന്ന പരാതികളെ തുടർന്നാണ്, ഡിപ്പാർട്ട്‌മെന്റ് ഒഫ് പ്രമോഷൻ ഒഫ് ഇൻഡസ്‌ട്രി ആൻഡ് ഇന്റേണൽ ട്രേഡ് (ഡി.പി.ഐ.ഐ.ടി) ചോദ്യങ്ങൾ കൈമാറിയത്.
ഇ-കൊമേഴ്‌സ് പ്ളാറ്റ്‌ഫോമിലെ ഏറ്രവും മികച്ച അഞ്ച് വിതരണക്കാർ, ഉത്‌പന്നങ്ങളുടെ വില, വിതരണക്കാർക്ക് നൽകുന്ന പിന്തുണ, ഇ-കൊമേഴ്‌സ് കമ്പനിയുടെ മൂലധനഘടന, ബിസിനസ് മാതൃക, ഉത്‌പന്നങ്ങളുടെ മാനേജ്‌മെന്റ് തുടങ്ങിയവ സംബന്ധിച്ച ചോദ്യങ്ങളാണ് ഉന്നയിച്ചിട്ടുള്ളത്. കോൺഫെഡറേഷൻ ഒഫ് ഓൾ ഇന്ത്യ ട്രേഡേഴ്‌സ് (സി.എ.ഐ.ടി) ആണ് ഇ-കൊമേഴ്‌സ് കമ്പനികൾക്കെതിരെ പരാതി ഉന്നയിച്ചത്.
ഫെസ്‌റ്രിവൽ സെയിലിൽ ഓൺലൈൻ കമ്പനികൾ ഉത്‌പന്നങ്ങൾക്ക് നൽകുന്ന വൻ ഡിസ്‌കൗണ്ട് സംബന്ധിച്ച് അന്വേഷിക്കുന്നുണ്ടെന്ന് കേന്ദ്ര വാണിജ്യമന്ത്രി പീയുഷ് ഗോയലും വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, എഫ്.ഡി.ഐ ചട്ടങ്ങൾ പാലിച്ച് തന്നെയാണ് പ്രവർത്തനമെന്നാണ് ആമസോണിന്റെയും ഫ്ളിപ്‌കാർട്ടിന്റെയും പ്രതികരണം. ഉത്‌പന്നങ്ങൾക്ക് ഡിസ്‌കൗണ്ട് നൽകുന്നത്, അതത് ബ്രാൻഡുകളാണെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.